'ബാബ'...'നിങ്ങളില്ലാതെ ഞങ്ങൾ എങ്ങനെ അതിജീവിക്കും'; മുൻ പ്രധാനമന്ത്രിയുടെ നിര്യാണത്തിൽ ദുഃഖം സഹിക്കാനാകാതെ കെനിയൻ ജനത

ജനങ്ങൾ മരചില്ലകളുമായി കെനിയൻ വീഥികളിൽ ദുഃഖാചരണം നടത്തിയപ്പോൾ | Photo: AFP
ജനങ്ങൾ മരചില്ലകളുമായി കെനിയൻ വീഥികളിൽ ദുഃഖാചരണം നടത്തിയപ്പോൾ | Photo: AFP

നയ്റോബി: ഏകകക്ഷി ഭരണത്തിലായിരുന്ന കെനിയയെ ബഹുകക്ഷി ജനാധിപത്യരാജ്യമാക്കി മാറ്റാൻ പ്രതിജ്ഞാബദ്ധതയോടെ നിലകൊണ്ട നേതാവ്... രാജ്യവ്യാപകമായി വലിയ സ്വാധീനമുണ്ടായിരുന്ന നേതാവ്... കെനിയൻ ജനത അദ്ദേഹത്തെ ഏറെ സ്നേഹത്തോടെ 'ബാബ' (പിതാവ്) എന്നുവിളിച്ചു. ചികിത്സയ്ക്കായി കേരളത്തിലേക്ക് തിരിച്ച പ്രിയ നേതാവിനെ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് രാജ്യം.

ലോകമെമ്പാടു നിന്നും അനുശോചന പ്രവാഹമൊഴുകിയെത്തുമ്പോൾ കെനിയൻ ജനത തങ്ങളുടെ പ്രിയനേതാവിന്റെ വേർപാടിൽ കെനിയയിലുടനീളം വികാരനിർഭരമായ ദുഃഖാചരണം നടത്തി. നയ്‌റോബിയിലെ അദ്ദേഹത്തിന്റെ വസതിയിൽ നൂറുകണക്കിന് ആളുകൾ ഒത്തുകൂടി. പരമ്പരാഗതമായി ദുഃഖാചരണത്തിന്റെയും ആദരവിന്റെയും പ്രതീകമായി ജനങ്ങൾ മരചില്ലകളുമായി തെരുവിലിറങ്ങി. വീഥികളിൽ 'ബാബ' നിലവിളികൾ ഉയർന്നു.

മുൻ പ്രധാനമന്ത്രി റയില ഒഡിംഗയുടെ മരണത്തിൽ ഏഴുദിവസം ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ് കെനിയ. കേരളത്തിൽ ചികിത്സയ്ക്കായി എത്തിയ ഒഡിംഗ കൂത്താട്ടുകുളത്ത് വെച്ചാണ് അന്തരിച്ചത്. 

രാഷ്ട്രീയത്തിൽ വേരൂന്നിയ ഒരു കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ജരമോഗി ഒഗിംഗ ഒഡിംഗ കെനിയയുടെ ആദ്യത്തെ വൈസ് പ്രസിഡന്റായിരുന്നു. കെനിയയുടെ ഏറ്റവും പ്രമുഖനായ രാഷ്ട്രതന്ത്രജ്ഞനും ആഫ്രിക്കയുടെ മഹാനായ പുത്രന്മാരിൽ ഒരാളുമെന്നാണ് റയില ഒഡിംഗയെ പ്രസിഡന്റ് വില്യം റൂട്ടോ വിശേഷിപ്പിച്ചത്. "അദ്ദേഹമില്ലാതെ ഞങ്ങൾ എങ്ങനെ ജീവിക്കും?" ഞെട്ടൽ മാറാതെ അദ്ദേഹത്തിന്റെ പ്രോട്ടോകോൾ മേധാവി അനിമ ഫെരാരി എ.എഫ്.പി.യോട് കണ്ണീരോടെ പറഞ്ഞു.

1990-കൾ മുതൽ കെനിയയിലെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു ഒഡിംഗ. ജനക്കൂട്ടത്തെ ആകർഷിക്കാൻ അദ്ദേഹത്തിന്റെ കഴിവ് ഏറെ പ്രശംസ നേടിയെടുത്തിരുന്നു. പ്രസിഡന്റ് ഡാനിയൽ അറപ് മോയിയുടെ ഏകാധിപത്യ ഭരണകാലത്ത് ജനാധിപത്യത്തിനുവേണ്ടി പോരാടിയ ഒഡിംഗ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം ജയിലിലാണ് ചെലവഴിച്ചത്.

1982-ൽ ഭരണകൂട അട്ടിമറിക്കുശ്രമിച്ചു പാരജയപ്പെട്ട വ്യോമസേനാ ഉദ്യോഗസ്ഥരുമായി അദ്ദേഹത്തിനു ബന്ധമുണ്ടായിരുന്നു. അവരിൽ പലരെയും പിന്നീട് രാജ്യദ്രോഹക്കുറ്റം ചുമത്തി തൂക്കിലേറ്റി. ഒഡിംഗയുടെ പേരിലുമുണ്ടായിരുന്നു രാജ്യദ്രോഹക്കുറ്റം. പിന്നീട് അത് പിൻവലിച്ചു. പക്ഷേ, അടുത്ത പതിറ്റാണ്ടിന്റെ ഭൂരിഭാഗവും അദ്ദേഹത്തിന് തടവിൽക്കഴിയേണ്ടിവന്നു. തടവറയിൽ നേരിടേണ്ടി വന്നിരുന്ന പീഡനത്തെക്കുറിച്ച് അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട്.

ജയിൽമോചിതനായശേഷം 1991-ൽ കുറച്ചുകാലം ഒഡിംഗ യൂറോപ്പിൽ പ്രവാസിയായിക്കഴിഞ്ഞു. തൊട്ടടുത്തവർഷം കെനിയയിൽ തിരിച്ചെത്തി രാഷ്ട്രീയത്തിൽ സജീവമായി. പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ നയ്റോബി മണ്ഡലത്തിൽനിന്നു ജയിച്ചു. പ്രതിപക്ഷ ബെഞ്ചിലിരിക്കാനായിരുന്നു ആദ്യ നിയോഗം. 2007-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മത്സരമായിരുന്നു ഒഡിംഗയുടെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും നിർണായകമായ ഏട്. ലുവോ ഗോത്രക്കാരനായ അദ്ദേഹത്തിനുവേണ്ടി വിവിധ ഗോത്രത്തലവന്മാർ രംഗത്തെത്തി. കികുയു ഗോത്രക്കാരനായ എംവായി കിബാകിയായിരുന്നു എതിരാളി. ഉശിരൻ മത്സരം നടന്ന തിരഞ്ഞെടുപ്പിൽ അന്തിമഫലം ഒഡിംഗയ്ക്കെതിരായിരുന്നു. വെറും രണ്ടുശതമാനം വോട്ടിന് കിബാകി ജയിച്ചു. ഒഡിംഗ പക്ഷം ഫലം ബഹിഷ്കരിച്ചു.

സ്വതന്ത്ര നിരീക്ഷകർ വലിയ പിഴവുകളുണ്ടെന്ന് കണ്ടെത്തിയ 2007-ലെ തിരഞ്ഞെടുപ്പിന് ശേഷം കെനിയയിൽ ഏറ്റവും വലിയ പ്രക്ഷോഭം ഉണ്ടായത്. രാജ്യത്തിന്റെ പലഭാഗത്തും സംഘർഷമുണ്ടായി. അത് വംശീയ കലാപത്തിന് കാരണമാവുകയും 1,100-ൽ അധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്തു. കലാപം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയുള്ള അധികാര പങ്കിടൽ കരാറിന്റെ ഭാഗമായി 2008 മുതൽ 2013 വരെ ഒഡിംഗ പ്രധാനമന്ത്രിയായിരുന്നു. എന്നാൽ പുതിയ ഭരണഘടന പ്രകാരം പിന്നീട് ആ പദവി നിർത്തലാക്കി.

"രാജ്യത്തിന് അതിന്റെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയക്കാരിൽ ഒരാളെയാണ് നഷ്ടമാകുന്നത്. അദ്ദേഹത്തിന് വിശാലമായ ദേശീയ സ്വീകാര്യതയുണ്ടായിരുന്നു. മറ്റാരെക്കുറിച്ചും ഇതൊന്നും പറയാനാവില്ല," രാഷ്ട്രീയ നിരീക്ഷകനായ ബരാക്ക് മുലുകയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.

ഓഡിംഗോയുടെ മരണം പ്രതിപക്ഷ നിരയിൽ ഒരു നേതൃത്വ ശൂന്യത സൃഷ്ടിച്ചിരിക്കുന്നുവെന്നാണ് കെനിയൻ രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. 2027-ൽ കെനിയ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനിരിക്കെ, ഒഡിംഗോയുടെ സംഘാടന ശേഷിയോട് കിടപിടിക്കുന്ന ഒരു പിൻഗാമി നിലവിൽ പ്രതിപക്ഷത്തിനില്ലെന്നാണ് വിലയിരുത്തൽ.

Content Highlights: Kenya bids farewell to its influential statesman, Raila Odinga, at 80. National mourning, state funeral, and global tributes mark the passing of a political icon. Discover the traditions and legacy.