അടുത്തത് കാഷ് പട്ടേൽ? ട്രംപ് ഭരണകൂടത്തിൽനിന്ന് ഒരു ഉന്നതൻകൂടി പുറത്തേക്കെന്ന് റിപ്പോർട്ട്

#ന്യൂസ് ഡെസ്ക്
കാഷ് പട്ടേൽ | Photo: AFP
കാഷ് പട്ടേൽ | Photo: AFP

വാഷിങ്ടൺ: എഫ്ബിഐ മേധാവി സ്ഥാനത്തുനിന്ന് കാഷ് പട്ടേലിനെ പുറത്താക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇക്കഴിഞ്ഞ മാസങ്ങളിൽ അദ്ദേഹത്തിനെതിരേ ഉയർന്ന, അമിത മദ്യപാനം ഉൾപ്പെടെയുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കമെന്നാണ് സൂചന.

കാബിനറ്റ് തലത്തിൽ അടുത്തതായി ഉണ്ടാകുന്ന പുറത്താക്കൽ കാഷ് പട്ടേലിന്റേതാകുമെന്ന് വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘പൊളിറ്റിക്കോ’ റിപ്പോർട്ട് ചെയ്യുന്നു. കാഷ് പട്ടേലിനേക്കുറിച്ച് തുടർച്ചയായി പ്രതികൂല വാർത്തകൾ വരുന്നുണ്ട്. അത് ഒരു കാബിനറ്റ് സെക്രട്ടറിയെ സംബന്ധിച്ചിടത്തോളം ഗുണകരമായ ഒന്നല്ല. ഈ വിഷയത്തിൽ ട്രംപിനും അതൃപ്തിയുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപ് ഭരണകൂടത്തിൽ കാര്യങ്ങൾ അത്ര സുഖകരമായല്ല നീങ്ങുന്നതെന്ന സൂചനകൾക്കിടെയാണ് കാഷ് പട്ടേലുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തെത്തുന്നത്. 

ഇക്കഴിഞ്ഞ ഫെബ്രുവരി മുതൽ മൂന്ന് കാബിനറ്റ് അംഗങ്ങളാണ് ട്രംപ് ഭരണകൂടത്തിൽനിന്ന് പുറത്തുപോയത്. അറ്റോർണി ജനറലായിരുന്ന പാം ബോണ്ടിയെ ഏപ്രിൽമാസമാണ് പുറത്താക്കിയത്. ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി സ്ഥാനത്തുനിന്ന് ക്രിസ്റ്റി നോയത്തിനെ മാർച്ച് മാസത്തിൽ മാറ്റുകയും പകരം ഷീൽഡ് ഓഫ് അമേരിക്കാസിലേക്കുള്ള പ്രത്യേക പ്രതിനിധിയായി നിയമിക്കുകയും ചെയ്തിരുന്നു. ലേബർ സെക്രട്ടറിയായിരുന്ന ലോറി ഷാവേസ് ഡിറെമറിന് സ്വഭാവദൂഷ്യ ആരോപണത്തെ തുടർന്നാണ് സ്ഥാനമൊഴിയേണ്ടി വന്നത്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ആക്ടിങ് ഡയറക്ടർ സ്ഥാനം അടുത്ത മാസമൊഴിയുമെന്ന് ടോഡ് ല്യോൺസ് പ്രഖ്യാപിച്ചിട്ടുമുണ്ട്. നേവി സെക്രട്ടറിയായിരുന്ന ജോൺ ഫെലാനെ കഴിഞ്ഞയാഴ്ച പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പുറത്താക്കുകയും ചെയ്തിരുന്നു.

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ, വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്‌നിക്ക് എന്നിവർക്കാണ് ഇനി സ്ഥാനചലനം സംഭവിക്കാൻ സാധ്യതയുള്ളതെന്നാണ് റിപ്പോർട്ട്.

ചെറിയപ്രായത്തിൽ കാഷ് പട്ടേൽ രണ്ടുവട്ടം അറസ്റ്റിലായിട്ടുണ്ടെന്ന വാർത്ത ഈയടുത്ത ദിവസമാണ് പുറത്തെത്തിയത്. അതിൽ ആദ്യത്തേത് 2001-ൽ ആയിരുന്നു. വിർജീനിയയിലെ റിച്ച്മണ്ട് സർവകലാശാലയിൽ വിദ്യാർഥിയായിരിക്കേ പൊതുവിടത്തിൽ മദ്യപിച്ചതിന് പോലീസ് അദ്ദേഹത്തിനെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാമത്തേത് ന്യൂയോർക്ക് സിറ്റിയിൽ നിയമവിദ്യാർഥി ആയിരിക്കേ പൊതുവിടത്തിൽ മൂത്രമൊഴിക്കാൻ ശ്രമിച്ചതിനായിരുന്നു നടപടി നേരിട്ടത്.

അതിനിടെ, കാഷ് പട്ടേലിന്റെ മദ്യപാനശീലവും നേരത്തെ മുൻകൂട്ടി അറിയിക്കാതെയുള്ള അവധിയെടുക്കലും സഹപ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ‘ദ അറ്റ്‌ലാന്റിക്’ മാസിക കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഒരു സോഷ്യൽ ക്ലബ്ബിലും ഒരു സ്വകാര്യ ക്ലബ്ബിലും അദ്ദേഹത്തെ മദ്യപിച്ച നിലയിൽ കണ്ടെന്നും ഇത് സർക്കാരിൽ ആശങ്കയ്ക്ക് വഴിവെക്കുന്ന സംഗതിയാണെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ, 250 മില്യൺ ഡോളറിന്റെ അപകീർത്തിക്കേസ് ഫയൽ ചെയ്താണ് ഇതിനോട് കാഷ് പട്ടേൽ പ്രതികരിച്ചത്.

Content Highlights: Kash Patel faces potential removal as FBI Director amid misconduct reports., Concerns over personal conduct and negative press coverage impacting his position., Context of broader 2026 cabinet turnover within the Trump administration., Previous departures include Pam Bondi, Kristi Noem, and Lori Chavez-DeRemer.