ന്യൂ ജനറേഷനെ കയ്യിലെടുത്ത് കമല ഹാരിസ്; പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ഉറപ്പിക്കാനുള്ള നീക്കമോ?

വാഷിങ്ടണ്‍: യു.എസ്സിന്റെ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്റാണ് കമല ഹാരിസ്. ഇന്ത്യന്‍ വംശജയായ കമല അടുത്ത തിരഞ്ഞെടുപ്പില്‍ യു.എസ്. പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുള്ള വിവിധ നീക്കങ്ങളാണ് നടത്തിവരുന്നത്. ഇതിന്‍റെ ഭാഗമായി ഏറ്റവും പ്രായം കുറഞ്ഞ വോട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള യുവാക്കളെ കയ്യിലെടുക്കാനുള്ള ശ്രമങ്ങള്‍ കമല ഹാരിസ് നടത്തിവരുന്നു.
ജെന്‍ സീ (Gen Z), മില്ലേനിയല്‍സ് എന്നീ വിഭാഗത്തില്‍ പെട്ടവരുമായാണ് കമല കൂടുതലായി സംവദിക്കുന്നത്. 1980-നും 1990-നും ഇടയില്‍ ജനിച്ചവരെയാണ് മില്ലേനിയല്‍സ് എന്ന് വിശേഷിപ്പിക്കുന്നത്. 1990-നും 2010-നും ഇടയില്‍ ജനിച്ചവരാണ് ജെന്‍ സീ വിഭാഗത്തില്‍ പെട്ടവര്‍.
ജെന്‍ സീയിലുള്ളവരെ താന്‍ ഏറെ ഇഷ്ടപ്പെടുന്നതായി ഈ മാസം ബോസ്റ്റണില്‍ നടന്ന പരിപാടിയില്‍ കമല ഹാരിസ് പറഞ്ഞിരുന്നു. 'ഫൈറ്റ് ഫോര്‍ ഔര്‍ ഫ്രീഡംസ്' എന്ന പേരില്‍ എട്ട് സംസ്ഥാനങ്ങളിലെ കോളേജുകളില്‍ നടത്തുന്ന സന്ദര്‍ശനത്തിനിടെയായിരുന്നു ഈ പ്രസ്താവന. സര്‍ക്കാര്‍ ഔദ്യോഗികമായി നടത്തുന്ന പരിപാടിയാണിതെങ്കിലും വിദ്യാര്‍ഥികളുടെ വോട്ടുകള്‍ കൂടി കമല ഇതുവഴി ലക്ഷ്യമിടുന്നുണ്ട്.
അമേരിക്കയിലെ തോക്ക് സംസ്‌കാരം ഉയര്‍ത്തുന്ന ഭീഷണി, കാലാവസ്ഥ വ്യതിയാനം, ഗര്‍ഭഛിദ്രം അവകാശമാക്കുന്നതില്‍ നിന്നുള്ള പിന്‍വലിയല്‍ തുടങ്ങിയ വിഷയങ്ങളാണ് കമല ഹാരിസ് യുവാക്കളോട് പ്രധാനമായി സംസാരിക്കുന്നത്. ഭരണാധികാരികള്‍ ഇത്തരം കാര്യങ്ങളില്‍ എന്തെങ്കിലും നടപടി സ്വീകരിക്കുന്നതിനായി അക്ഷമരായി കാത്തിരിക്കുന്ന യുവാക്കളാണ് അമേരിക്കയിലുള്ളതെന്നും അവരുടെ ആ മനോഭവമാണ് തനിക്ക് ഏറെയിഷ്ടമെന്നും കമല പറയുന്നു.
കോളേജ് വിദ്യാർത്ഥികൾക്കൊപ്പം സെൽഫിക്ക് പോസ് ചെയ്യുന്ന കമല ഹാരിസ് | ഫോട്ടോ: X (twitter) @jerrieskid
കഴിഞ്ഞ ഒരു വര്‍ഷമായി യുവവോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിലാണ് കമല ഹാരിസ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2020-ല്‍ പ്രസിഡന്റ് ജോ ബൈഡന്റെയും വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെയും വിജയത്തില്‍ നിര്‍ണ്ണായകമായത് യുവാക്കളുടെ വോട്ടുകളായിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും യുവാക്കളുടെ വോട്ടുകള്‍ നിര്‍ണ്ണായകമാകും എന്നതിനാലാണ് കമല ഹാരിസ് യുവാക്കളെ ഒപ്പം കൂട്ടുന്നതിന് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്.
കമല ഹാരിസിനെ ഇപ്പോള്‍ അമേരിക്കയിലെ ജനങ്ങള്‍ കൂടുതലായി ശ്രദ്ധിക്കുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. യുവ വോട്ടര്‍മാര്‍ക്ക് കമലയുടെ ശൈലിയും പ്രവര്‍ത്തനരീതിയും ഇഷ്ടമാണെന്നും അവര്‍ വിലയിരുത്തുന്നു.
ഇന്ത്യയില്‍ നിന്ന് കുടിയേറിയതാണ് കമല ഹാരിസിന്റെ അമ്മ. പിതാവ് ജമൈക്കന്‍ വംശജനാണ്. വൈസ് പ്രസിഡന്റാകുന്ന ആദ്യ വനിത മാത്രമല്ല, ആദ്യ ഏഷ്യന്‍-അമേരിക്കന്‍ വംശജ കൂടിയാണ് കമല. 2024-ലോ 2028-ലോ യു.എസ്. പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കമല എത്തുമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് തന്നെ പലരും പറഞ്ഞിരുന്നു.
Content Highlights: Kamala Harris trying to attracts young voters. She may become democratic presidential candidate.