പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളും ഐഎസ്ഐ ബന്ധവും; പാകിസ്താനെ പ്രതിരോധത്തിലാക്കി ജെയ്ഷെ കമാൻഡറുടെ വെളിപ്പെടുത്തൽ

ഇസ്ലാമാബാദ്: പാക് അധീന കശ്മീരിൽ സജീവമായ ഭീകരവാദ അടിസ്ഥാനസൗകര്യങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് പരസ്യമായി സമ്മതിച്ച് ജെയ്ഷെ മുഹമ്മദ് കമാൻഡർ മസൂദ് ഇല്യാസ് കശ്മീരി. ഇസ്ലാമാബാദിൽ നടന്ന 'പൂഞ്ച് അവാം' സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു വെളിപ്പെടുത്തൽ. പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി നേരിട്ട് ബന്ധമുണ്ടെന്നും ചർച്ചകൾ നടക്കാറുണ്ടെന്നും അബു മുഹമ്മദ് എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ സമ്മതിച്ചു.
പാക് അധീന കശ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് നൽകുന്ന പിന്തുണ പാകിസ്താൻ നിരന്തരം നിഷേധിക്കുന്നതിനിടയിലാണ് ഭീകര സംഘടന നേതാവിൽനിന്ന് ഇത്തരം നിർണായക വെളിപ്പെടുത്തലുകൾ പുറത്തുവന്നിരിക്കുന്നത്. പാക് അധീന കശ്മീരിലെ റാവൽക്കോട്ടിൽ നിലവിലുള്ള സജീവമായ ജെയ്ഷെ ഭീകര ക്യാമ്പിന്റെയും പൂഞ്ച് ജില്ലയിലെ ധരംശാല പ്രദേശത്തുള്ള ഭീകരകേന്ദ്രത്തിന്റെയും (മാർക്കസ്) വിവരങ്ങൾ ഇയാൾ സമ്മേളനത്തിൽ വെളിപ്പെടുത്തി. ഇന്ത്യയിലേക്ക് കടന്നുകയറി ആക്രമണങ്ങൾ നടത്താൻ തങ്ങളുടെ പ്രവർത്തകർക്ക് പരിശീലനം നൽകി വിന്യസിച്ചിട്ടുണ്ടെന്നും ഇയാൾ പറഞ്ഞു.
ഇസ്ലാമാബാദിൽ വെച്ച് പാകിസ്താൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളും കാശ്മീരി സമ്മേളനത്തിൽ വെളിപ്പെടുത്തി. റാവൽക്കോട്ട് മേഖലയിൽ നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത 22 ജെയ്ഷെ പ്രവർത്തകരുടെ പേരുകൾ അടങ്ങിയ ഔദ്യോഗിക രേഖ പാക് ഉദ്യോഗസ്ഥർ തനിക്ക് കൈമാറിയതായി ഇയാൾ പറഞ്ഞു. എന്നാൽ ഈ 22 പേരും തങ്ങളുടെ സംഘടനയിൽ പെട്ടവരല്ലെന്നാണ് ഇയാൾ വാദിച്ചത്.
ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ച് മാസത്തിലധികമായി പാക് അധീന കശ്മീരിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ നടന്നുവരികയാണ്. പാക് അധീന കശ്മീരിൽ സമരം നടത്തുന്ന കമ്മിറ്റിയുമായി ജെയ്ഷെ മുഹമ്മദിന് മുൻപ് ശത്രുതാപരമായ ബന്ധമാണുണ്ടായിരുന്നതെങ്കിലും, സാധാരണക്കാർ കൊല്ലപ്പെട്ടതോടെ താൻ അഞ്ച് തവണ അവരുമായി ചർച്ച നടത്തിയെന്ന് ഇയാൾ അവകാശപ്പെട്ടു. റാവൽക്കോട്ട് സന്ദർശിച്ച് പ്രക്ഷോഭകരുമായി ചർച്ച നടത്താൻ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധി സംഘത്തോട് ഇയാൾ ആഹ്വാനം ചെയ്തു. ഈ രാഷ്ട്രീയ പ്രതിനിധി സംഘത്തിന് വേണ്ട പൂർണ സുരക്ഷ തങ്ങളുടെ സംഘടന നൽകുമെന്നും ഇയാൾ വാഗ്ദാനം ചെയ്യുകയുണ്ടായി.
ഡൽഹിയിൽ നടന്ന എസ്.സി.ഒ ഉച്ചകോടിയുടെ ഭാഗമായി സംസാരിക്കവെ പാകിസ്താൻ പരിസ്ഥിതി മന്ത്രി മുസാദിക് മലിക് ഭീകരവാദത്തിന് തന്റെ രാജ്യത്തിന്റെ പിന്തുണയുണ്ടെന്നതിന് തെളിവ് ചോദിച്ച് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ഈ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. ഇന്ത്യയുടെ അൺലോഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് പ്രകാരം നിരോധിത ഭീകര സംഘടനയായി പ്രഖ്യാപിക്കപ്പെട്ട ജെയ്ഷെ മുഹമ്മദിന്റെ പ്രമുഖ നേതാവാണ് മസൂദ് ഇല്യാസ് കശ്മീരി. 2018-ലെ സഞ്ജ്വാൻ സൈനിക ക്യാമ്പ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഇയാൾ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എൻഐഎ) ഏറ്റവും കൂടുതൽ തിരയപ്പെടുന്ന ഭീകരരുടെ പട്ടികയിലുള്ള വ്യക്തിയാണ്.