ഇറാനുമായുള്ള യുദ്ധം വഷളായതിൽ വാൻസിനും കെയ്നിനും ആശങ്ക; വ്യോമാക്രമണം താൽകാലികമായി നിർത്തി യുഎസ്

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം കൂടുതൽ തീവ്രമാകുന്നതിനെക്കുറിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്നും ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും സൈനിക നടപടികളെക്കുറിച്ച് ആലോചിക്കുന്നതിനിടയിലാണ് ഇവർ ഈ മുന്നറിയിപ്പ് നൽകിയത്. ഇതിനുപിന്നാലെയാണ് യുഎസ് പശ്ചിമേഷ്യയിലെ സൈനിക നടപടികൾ താൽകാലികമായി നിർത്തിയിരിക്കുന്നത് എന്നാണ് വിവരം.
വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിലാണ് വാൻസും കെയ്‌നും യുദ്ധത്തെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ചത് എന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഏകദേശം രണ്ടാഴ്ചയോളം നീണ്ടുനിന്ന തുടർച്ചയായ ബോംബാക്രമണങ്ങൾക്ക് ശേഷം വെള്ളിയാഴ്ച രാത്രിയോടെ യുഎസ് ആക്രമണങ്ങൾ നിർത്തിവെച്ചിട്ടുണ്ട്. സൈനിക നടപടികൾ ഇപ്പോൾ 'നിർത്തിവെച്ചിരിക്കുകയാണെന്ന്' എന്ന് പ്രതിരോധ വകുപ്പ് വൃത്തങ്ങൾ ശനിയാഴ്ച അറിയിച്ചിരുന്നു.
യുഎസിന്റെ പക്കലുള്ള വെടിക്കോപ്പുകളുടെ ശേഖരത്തെക്കുറിച്ചും (munitions stockpile) യുദ്ധം വഷളായാൽ ഉണ്ടാകാവുന്ന മറ്റ് ദോഷകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ജനറൽ കെയ്ൻ ട്രംപിനോട് പ്രത്യേകം സംസാരിച്ചുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലഭ്യമായ സൈനിക മാർഗങ്ങൾ ഉപയോഗിച്ച് വിജയം കൈവരിക്കാൻ സൈന്യത്തിന് സാധിക്കുമെങ്കിലും, അതിന്റെ അനന്തരഫലങ്ങൾ ഗൗരവകരമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വെടിക്കോപ്പുകളുടെ കുറവിനെക്കുറിച്ചുള്ള ആശങ്കയാണ് ട്രംപിന് മുന്നിൽ അവതരിപ്പിക്കപ്പെട്ട പ്രധാനപ്പെട്ട വിഷയങ്ങളിലൊന്ന്. ഈ ആശങ്കകളാണോ അതോ മറ്റ് കാരണങ്ങളാണോ തുടർച്ചയായ ആക്രമണങ്ങൾ നിർത്തിവെക്കാൻ യുഎസിനെ പ്രേരിപ്പിച്ചത് എന്ന് നിലവിൽ വ്യക്തമല്ല.
'പ്രസിഡന്റ് ട്രംപ് എപ്പോഴും നയതന്ത്രപരമായ പരിഹാരത്തിനാണ് മുൻഗണന നൽകുന്നത് എന്ന് വ്യക്തമാക്കാറുണ്ട്. എന്നാൽ ഹോർമുസ് കടലിടുക്കിലോ സഖ്യകക്ഷികൾക്കെതിരെയോ ഇറാൻ ഭീകരപ്രവർത്തനങ്ങൾ തുടരുകയാണെങ്കിൽ, എല്ലാ സൈനിക നടപടികളും സ്വീകരിക്കാനുള്ള അധികാരം അദ്ദേഹം നിലനിർത്തും.' വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ച്യുങ് പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.
'ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ തകർത്ത ശക്തമായ ഉപരോധങ്ങളും, അവരുടെ ആവർത്തിച്ചുള്ള പ്രകോപനങ്ങൾക്കുള്ള മറുപടിയായി സൈനിക ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ 13 ദിവസം തുടർച്ചയായി നടത്തിയ ആക്രമണങ്ങളും കണക്കിലെടുക്കുമ്പോൾ, ഇറാൻ ഒരു ഒത്തുതീർപ്പിന് തയ്യാറാകുന്നതാണ് ബുദ്ധി. അല്ലാത്തപക്ഷം എന്ത് സംഭവിക്കുമെന്ന് അവർക്ക് കൃത്യമായി അറിയാം.' അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെത്തുടർന്ന് മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ തന്ത്രപ്രധാന പാതയുടെ സുരക്ഷയെച്ചൊല്ലിയുള്ള ആശങ്കകൾക്കിടയിലാണ് യുഎസ് ഇപ്പോൾ തങ്ങളുടെ സൈനിക നീക്കങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്.
വെള്ളിയാഴ്ച ക്യാബിനറ്റ് അംഗങ്ങളുമായും മുതിർന്ന ഉപദേശകരുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, യുഎസ് ഉദ്യോഗസ്ഥർ ഇറാനുമായി സജീവമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന് ട്രംപ് ഊന്നിപ്പറഞ്ഞിരുന്നു. എങ്കിലും സൈന്യം അവരുടെ ബോംബാക്രമണം തുടരാനോ അല്ലെങ്കിൽ 'അതിന്റെ തീവ്രത കൂട്ടാനോ' സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. നിലവിലെ ചർച്ചകളിൽ ഇറാൻ 'കൂടുതൽ ഗൗരവം' കാണിക്കുന്നതായി തോന്നുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
ഈ ആഴ്ച ഇറാനെതിരെ വലിയ തോതിലുള്ള ആക്രമണം നടത്തുന്നതിനെക്കുറിച്ച് ട്രംപ് ആലോചിച്ചിരുന്നെങ്കിലും, ചർച്ചകൾ 'തുടരാൻ' അദ്ദേഹം തന്റെ പ്രതിനിധികൾക്ക് സ്വകാര്യമായി നിർദ്ദേശം നൽകിയിരുന്നു എന്നാണ് വിവരം. നേരിട്ടുള്ള സൈനിക നീക്കങ്ങൾക്ക് പരിമിതികളുണ്ടെന്ന യാഥാർത്ഥ്യം പ്രസിഡന്റ് തിരിച്ചറിയുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടു.
ട്രംപിന്റെ അടുത്ത വൃത്തങ്ങളിലോ പെന്റഗണിലോ ഉള്ള ചുരുക്കം ചിലർ മാത്രമേ സൈനിക നടപടികൾ അദ്ദേഹം ആഗ്രഹിച്ച ഫലം നൽകുമെന്ന് വിശ്വസിച്ചിരുന്നുള്ളൂ എന്നും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. യുദ്ധം തുടങ്ങുന്നതിന് മുമ്പ് തന്നെ, നീണ്ടുനിൽക്കുന്ന സൈനിക നടപടികൾ അമേരിക്കയുടെ ആയുധശേഖരത്തെ ബാധിക്കുമെന്ന് കെയ്നും മറ്റ് സൈനിക നേതാക്കളും ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നു.
'അമേരിക്കൻ സൈന്യം ലോകത്തിലെ ഏറ്റവും ശക്തമാണ്, പ്രസിഡന്റ് തിരഞ്ഞെടുക്കുന്ന സമയത്തും സ്ഥലത്തും സൈനിക നീക്കങ്ങൾ നടത്താൻ ആവശ്യമായതെല്ലാം ഞങ്ങളുടെ പക്കലുണ്ട്. ഞങ്ങളുടെ ജനങ്ങളെയും താത്പര്യങ്ങളെയും സംരക്ഷിക്കുന്നതിനായി യുഎസ് സൈന്യത്തിന് ആഴത്തിലുള്ള ആയുധശേഖരമുണ്ടെന്ന് ഉറപ്പാക്കുമ്പോൾ തന്നെ, വിവിധ കമാൻഡുകൾക്ക് കീഴിൽ നിരവധി വിജയകരമായ ദൗത്യങ്ങൾ ഞങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.' ചീഫ് പെന്റഗൺ വക്താവ് ഷോൺ പാർനെല്ലിനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
യുദ്ധം കടുപ്പിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് വെള്ളിയാഴ്ച ട്രംപ് ഭരണകൂടം ആലോചിക്കുന്നുണ്ടായിരുന്നു. പിന്നീടാണ് അതിൽ വ്യതിയാനം ഉണ്ടായത്. ഗൾഫ് രാജ്യങ്ങൾ യുഎസ് ഭരണകൂട ഉദ്യോഗസ്ഥരുമായി അടുത്തിടെ നടത്തിയ സംഭാഷണങ്ങളിൽ ട്രംപിനോട് സംയമനം പാലിക്കാൻ അഭ്യർത്ഥിച്ചിരുന്നു.
Content Highlights: JD Vance and Gen. Dan Caine expressed concerns over the escalation of war with Iran. The US has paused its consecutive nightly bombing campaign on Iran. Concerns regarding depleted US munitions stockpiles were central to internal White House discussions. President Trump maintains that all military options remain on the table despite ongoing diplomatic negotiations.