സ്മാർട്ട്‌ഫോൺ ഉപയോഗം ദിവസം രണ്ട് മണിക്കൂർ മാത്രം; ആസക്തി കുറക്കാൻ പദ്ധതിയുമായി ജപ്പാൻ നഗരം

ടോക്കിയോ: ജനങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം ദിവസത്തില്‍ രണ്ട് മണിക്കൂറായി പരിമിതപ്പെടുത്താന്‍ പദ്ധതിയിടുകയാണ് മധ്യ ജപ്പാനിലെ ഒരു പട്ടണം. ഈ പട്ടണത്തില്‍ താമസിക്കുന്ന 69,000 അന്തേവാസികളെ അവരുടെ സ്‌ക്രീന്‍സമയം മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് അധികൃതര്‍ പറയുന്നത്.
ജപ്പാനില്‍ ഇത്തരത്തിലുള്ള ആദ്യത്തെ നിര്‍ദേശമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. എയ്ച്ചിയിലെ ടൊയോവാകെ മുനിസിപ്പല്‍ ഗവണ്‍മെന്റ് ആണ് ഈ ആഴ്ച ആദ്യം ഇത്തരമൊരു നിര്‍ദേശം സമര്‍പ്പിച്ചത്. ഈ വിഷയത്തില്‍ നിയമനിര്‍മ്മാതാക്കള്‍ ചര്‍ച്ച ആരംഭിച്ചതായാണ് വിവരം. ഇലക്ട്രോണിക് ഉപകരണങ്ങളോടുള്ള യുവതലമുറയുടെ ആസക്തിയെക്കുറിച്ച് ഈ നീക്കം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
ജോലിക്കും പഠനത്തിനും പുറമെയുള്ള സമയങ്ങളില്‍ മാത്രം ബാധകമാകുന്ന ഈ നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കില്ലെന്നും മറിച്ച്, സ്‌ക്രീന്‍സമയം മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ടൊയോവാകെ മേയര്‍ വ്യക്തമാക്കി.
'ഫോണില്‍ ചെലവഴിക്കുന്നതിന് പകരം മറ്റ് കാര്യങ്ങള്‍ ചെയ്യാന്‍ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം മാത്രമാണ് ഈ രണ്ട് മണിക്കൂര്‍ പരിധി കൊണ്ട് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. ഇതിനര്‍ത്ഥം നഗരം അതിലെ താമസക്കാരുടെ അവകാശങ്ങള്‍ പരിമിതപ്പെടുത്തുമെന്നോ കടമകള്‍ അടിച്ചേല്‍പ്പിക്കുമെന്നോ അല്ല.' ടൊയോവാകെ മേയര്‍ മസാഫുമി കോക്കി ഒരു പ്രസ്താവനയില്‍ പറഞ്ഞു.
'ഓരോ കുടുംബത്തിനും സ്മാര്‍ട്ട്‌ഫോണുകളില്‍ ചെലവഴിക്കുന്ന സമയത്തെക്കുറിച്ചും ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ദിവസത്തിലെ സമയത്തെക്കുറിച്ചും ചിന്തിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള ഒരവസരമായി ഇത് മാറുമെന്ന് പ്രതീക്ഷിക്കുന്നു. കൗൺസിൽ അംഗീകരിച്ചാല്‍ ഒക്ടോബറില്‍ നിയമം പാസാക്കും. എന്നാല്‍, ഈ നിയമം ലംഘിച്ചാൽ പിഴ ഉണ്ടാകില്ല.' മേയര്‍ വ്യക്തമാക്കി.
പാചകം ചെയ്യുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ വീഡിയോകള്‍ കാണുക, ഓണ്‍ലൈന്‍ പഠനം, ഇ-സ്പോര്‍ട്സ് ടൂര്‍ണമെന്റിനായി പരിശീലിക്കുക തുടങ്ങിയ വിനോദത്തിനല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കിടയിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം ഈ രണ്ട് മണിക്കൂറില്‍ കണക്കാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ രാത്രി ഒമ്പത് മണിയോടെയും ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരും രാത്രി 10 മണിയോടെയും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നിര്‍ത്തണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.
സ്മാര്‍ട്ട്‌ഫോണുകള്‍ ദൈനംദിന ജീവിതത്തില്‍ ഉപയോഗപ്രദവും ഒഴിച്ചുകൂടാനാവാത്തതും ആണ്. എന്നാല്‍, മുതിര്‍ന്നവര്‍ അവരുടെ ഫോണുകളിലും ടാബ്ലെറ്റുകളിലും സ്‌ക്രോള്‍ ചെയ്യുന്നത് തുടരാന്‍ വേണ്ടി ഉറക്കവും കുടുംബത്തോടൊപ്പമുള്ള സമയവും അവര്‍ പോലും അറിയാതെ ഇല്ലാതാക്കുകയാണ്. മേയര്‍ പറഞ്ഞു.
എന്നാല്‍, പട്ടണത്തിലെ താമസക്കാരില്‍ 80% ആളുകളും ഈ നിര്‍ദേശത്തില്‍ തൃപ്തരല്ലെന്ന് ജാപ്പനീസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ബില്ലിനെ പിന്തുണയ്ക്കുന്നവരും ഉണ്ട്. ഈ നിര്‍ദ്ദേശത്തെക്കുറിച്ചുള്ള തങ്ങളുടെ പരാതികള്‍ പ്രകടിപ്പിക്കാന്‍ ചിലര്‍ സോഷ്യല്‍ മീഡിയയെ തന്നെ ആശ്രയിച്ചിട്ടുണ്ട്. മാത്രമല്ല, രണ്ട് മണിക്കൂറിനുള്ളില്‍ ഒരു പുസ്തകം വായിക്കാനോ സിനിമ കാണാനോ പോലും കഴിയില്ലെന്ന് ഒട്ടേറെപ്പേർ പറഞ്ഞതായി ജപ്പാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Highlights: japanese town proposes limiting daily smartphone use 2 hours aiming encourage screentime management