ചരിത്രത്തിൽ ആദ്യം; ജപ്പാനിൽ 100 വയസ്സ് തികഞ്ഞവരുടെ എണ്ണം ഒരു ലക്ഷം കടന്നു

ടോക്ക്യോ: ജപ്പാനിൽ 100 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ചരിത്രത്തിലാദ്യമായി ഒരു ലക്ഷം കടന്നതായി ജപ്പാൻ ആരോഗ്യമന്ത്രാലയം. നിലവിൽ നൂറ് വയസ്സ് കഴിഞ്ഞ 1,07,677 ആളുകളാണ് ജപ്പാനിലുള്ളത്. നൂറ് കടന്നവർ ലോകത്തിൽ ഏറ്റവും കൂടുതലുളളതും ജപ്പാനിൽ തന്നെ.
100 വയസ്സ് തികഞ്ഞവരിൽ 88 ശതമാനവും സ്ത്രീകളാണ്. ക്യോട്ടോയിൽ നിന്നുള്ള 114 വയസ്സുള്ള ഫുയോ കിഷിമോട്ടോ ആണ് ഏറ്റവും പ്രായം കൂടിയ സ്ത്രീ. കുമാമോട്ടോയിൽ നിന്നുള്ള 112 വയസ്സുള്ള ഹികാരു കാറ്റോ ആണ് ഏറ്റവും പ്രായം കൂടിയ പുരുഷൻ.
1963-ൽ ജപ്പാൻ ഈ കണക്കെടുപ്പ് ആരംഭിച്ചപ്പോൾ രാജ്യത്ത് 153 പേർ മാത്രമാണ് 100 വയസ്സ് തികഞ്ഞവരായി ഉണ്ടായിരുന്നത്. 1981-ൽ ഇത് 1,000 ആയും, 1998-ൽ 10,000 ആയും ഉയർന്നു.
മീൻ, പച്ചക്കറികൾ എന്നിവയടങ്ങിയ കൊഴുപ്പ് കുറഞ്ഞ ഭക്ഷണരീതിയും വ്യായാമം ദിനചര്യയാക്കിയ ജീവിതരീതിയുമാണ് ജാപ്പനീസ് ജനതയുടെ ദീർഘായുസ്സിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
വൈദ്യശാസ്ത്ര രംഗത്തെ പുരോഗതി ദീർഘായുസ്സിന് സഹായിക്കുന്നുണ്ടെങ്കിലും രാജ്യത്തെ ജനനനിരക്ക് അതിവേഗം കുറയുന്നത് വലിയ സാമൂഹിക വെല്ലുവിളിയാണ് ഉയർത്തുന്നത്. നിലവിൽ ജപ്പാനിലെ ജനസംഖ്യയുടെ 30% ഓളം പേരും 65 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരാണ്. യുവാക്കളുടെ എണ്ണം കുറയുന്നത് സാമ്പത്തിക പ്രതിസന്ധിക്കും വഴിയൊരുക്കുമെന്നത് മറ്റൊരു യാഥാർഥ്യം.
കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി കുഞ്ഞുങ്ങൾക്കുള്ള ഡയപ്പറുകളേക്കാൾ കൂടുതൽ മുതിർന്നവർക്കുള്ള ഡയപ്പറുകളാണ് അവിടെ വിറ്റഴിക്കപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. ശരീരഭാഗങ്ങളുടെ ചലനത്തെ സഹായിക്കുന്ന 'പവേർഡ് എക്‌സോസ്‌കെലിറ്റൺ' (powered exoskeleton), ഓട്ടോമാറ്റിക്ക് ആയി ഫോക്കസ് ക്രമീകരിക്കുന്ന കണ്ണടകൾ തുടങ്ങിയവ ഉൾപ്പെടെ പ്രായമായവർക്കായി പ്രത്യേക ഉത്പന്നനിര തന്നെ വിപണിയിൽ സജീവമാകാനും തുടങ്ങിയിരിക്കുന്നു.
ആരോഗ്യകരമായ തലമുറയുടെ വികാസത്തിനായി ഓരോ സ്ത്രീയും 2 കുട്ടികൾക്കെങ്കിലും ജന്മം കൊടുക്കേണ്ടതുണ്ട് എന്നതാണ് പൊതുമാനദണ്ഡം. എന്നാൽ ജപ്പാനിലെ പ്രത്യുത്പാദന നിരക്ക് 1.14 ആണ്. നിരക്കിലെ റെക്കോർഡ് താഴ്ചയാണ് ഇപ്പോൾ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി റിസർച്ചിന്റെ കണക്കുകൾ പ്രകാരം 2070-ഓടെ രാജ്യത്തെ ആകെ ജനസംഖ്യ 87 ദശലക്ഷമായി കുറയുമെന്ന് കണക്കാക്കപ്പെടുന്നു. 2008-ൽ 128 ദശലക്ഷം എന്ന ഉയർന്ന നിലയിലായിരുന്ന ജനസംഖ്യയിൽ നിന്നുള്ള 30 ശതമാനം കുറവാണിത്. നിലവിൽ 65 വയസ്സും അതിൽ കൂടുതലുമുള്ളവർ ജനസംഖ്യയുടെ ഏകദേശം 30 ശതമാനത്തോളം വരുന്നുണ്ട്. 2070-ഓടെ ഇത് 40 ശതമാനത്തോളമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അസ്തിത്വപ്രതിസന്ധിയെന്നാണ് ഈ പ്രവണതയെ ജപ്പാൻ വിശേഷിപ്പിക്കുന്നത്. ജനസംഖ്യ കുറയുന്നത് നിശബ്ദമായ അടിയന്തരാവസ്ഥയാണെന്ന് പ്രധാനമന്ത്രി സനെ തകൈച്ചി തന്നെ അഭിപ്രായപ്പെടുകയുണ്ടായി. പ്രത്യുത്പാദന നിരക്ക് വർധിപ്പിച്ച് ജനസംഖ്യ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന നിരവധി പദ്ധതികളും സബ്സിഡികളും ജനനനിരക്ക് വർധിപ്പിക്കാൻ സഹായിക്കുന്നില്ലെന്നാണ് നിഗമനം.
Content Highlights: Japan's population of people aged 100 or older has surpassed 100,000 for the first time., 88% of these centenarians are women, led by 114-year-old Fuyo Kishimoto., Healthy traditional diets and active lifestyles contribute significantly to this longevity., A rapidly declining birth rate and aging population present major social and economic challenges for Japan.