തായ്‌വാനെ ചൈന പിടിച്ചെടുത്താൽ? ബോംബ് ഷെൽട്ടറുകൾ നിർമിക്കാൻ ജപ്പാൻ

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ടോക്കിയോ: ലോകത്ത് ആദ്യമായി അണുബോംബിന്റെ കെടുതി അനുഭവിച്ച ജപ്പാൻ എന്തിന് ഇപ്പോൾ ബോംബ് ഷെൽറ്ററുകൾ പണിയണം?  അതൊരു തയ്യാറെടുപ്പാണ്. ഡൊണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് ആയി വീണ്ടും വന്നതോടെ ചൈനയുമായുള്ള സംഘർഷം യുദ്ധത്തിൽ എത്തിയാൽ ഏറ്റവും കൂടുതൽ പരുക്കേൽക്കുന്നത് ജപ്പാനായിരിക്കും. കൃത്യമായ അർത്ഥത്തിൽ സൈന്യം ഇല്ലാത്ത ജപ്പാന് പ്രതിരോധ സേന(സെൽഫ് ഡിഫൻസ് ഫോഴ്‌സ്) മാത്രമാണുള്ളത്.

ചൈനയുടെ ഭീഷണി വർധിക്കുകയും തായ്‌വാന്റെ സ്വാതന്ത്ര്യം അപകടത്തിലാകുകയും ചെയ്യുമ്പോൾ സാധ്യമായ ഒരു യുഎസ്-ചൈന യുദ്ധത്തിനായി ജപ്പാൻ  സ്വയം തയ്യാറെടുക്കുകയാണ്. അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായ ജപ്പാൻ, അടുത്ത വർഷം മുതൽ തായ്‌വാനടുത്തുള്ള തങ്ങളുടെ വിദൂര ദ്വീപുകളിൽ ബോംബ് ഷെൽട്ടറുകൾ നിർമ്മിക്കാൻ തുടങ്ങും. പടിഞ്ഞാറ് ഭാഗത്തുള്ള ഈ പ്രദേശങ്ങളെ ചൈന ലക്ഷ്യമിട്ടേക്കാം എന്ന് ജപ്പാൻ ഭയക്കുന്നു.

2027-ഓടെ തായ്‌വാനെ ബലം പ്രയോഗിച്ച് പിടിച്ചെടുക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ പറയുന്നു. ചൈനീസ് സൈന്യം പരിശീലനത്തിലാണെന്നും ആക്രമണം ആസന്നമായിരിക്കാം എന്നുമാണ് സിംഗപ്പൂർ  ഉച്ചകോടിയിൽ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ആരോപിച്ചത്.

യാഥാർത്ഥ്യത്തെക്കുറിച്ചുള്ള തിരിച്ചറിവാണ് ജപ്പാന്റെ ഈ നീക്കമെന്ന് ന്യൂസ് വീക്ക്‌ റിപ്പോർട്ട് പറയുന്നു. യുഎസിനെ ഒഴിച്ചുനിർത്തിയാൽ ലോകത്ത് മറ്റെവിടെയുമുള്ളതിനേക്കാൾ കൂടുതൽ അമേരിക്കൻ സൈനികർ ജപ്പാനിലുണ്ട്.  സമീപകാല പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ കണക്കിലെടുക്കുമ്പോൾ,  യുഎസ്-ചൈന സംഘർഷം യുദ്ധത്തിലേക്കു നീങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

തായ്‌വാനുമേൽ ചൈന അവകാശവാദം ഉന്നയിക്കുകയും സ്വന്തം ഭാഗമായി കണക്കാക്കുകയും ചെയ്യുന്നു. ഇത് തായ്പേയ് ആവർത്തിച്ച് നിരസിച്ചിട്ടുണ്ട്. തായ്‌വാനെ തങ്ങളുടെ അധികാരപരിധിയിൽ കൊണ്ടുവരാൻ ബലം പ്രയോഗിക്കുന്നതിനുള്ള സാധ്യത ചൈന തള്ളിക്കളഞ്ഞിട്ടില്ല. 

വർദ്ധിച്ചുവരുന്ന ചൈനീസ് സൈനിക പ്രവർത്തനങ്ങളും 2022-ൽ യൊനാഗുനിക്കടുത്ത് ചൈനീസ് മിസൈലുകൾ പതിച്ചതുപോലുള്ള സംഭവങ്ങളും ജപ്പാനെ ഭയപ്പെടുത്തുന്നുണ്ട്. രാജ്യത്തെ ഏറ്റവും പടിഞ്ഞാറുള്ള ജനവാസമുള്ള ദ്വീപായ യൊനാഗുനിയിൽ ആദ്യ ഷെൽട്ടറുകൾ നിർമ്മിക്കും. തായ്‌വാനിൽ നിന്ന് 110 കിലോമീറ്റർ  ദൂരത്താണ് യൊനാഗുനി.

രണ്ടാഴ്ച വരെ തങ്ങാൻ സൗകര്യമൊരുക്കുന്ന ബോംബ് ഷെൽട്ടറുകൾ ഇരിയോമോട്ടെ, ഇഷിഗാകി, താരാമ, മിയാക്കോ എന്നീ  ദ്വീപുകളിൽ 2028-ൽ നിർമ്മിക്കുമെന്ന് ജപ്പാനിലെ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൈന ആക്രമണം തുടങ്ങുകയാണെങ്കിൽ ഈ ദ്വീപുകളിൽനിന്ന് ഒരു ലക്ഷത്തിലധികം ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ഒരാഴ്ചയെങ്കിലും എടുത്തേക്കാമെന്നാണ് ജപ്പാൻ കരുതുന്നത്. അതിനാൽ, അടിയന്തര ഷെൽട്ടറുകൾ താൽക്കാലിക അഭയം നൽകും.

Content Highlights: China-US conflict in Pacific, Japan to build bomb shelters near Taiwan