ഇവാങ്ക ട്രംപിനെ വധിക്കാൻ ഗൂഢാലോചന; ഇറാനിൽ പരിശീലനം ലഭിച്ച ഭീകരൻ പിടിയിൽ

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാങ്ക ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ ഭീകരൻ പിടിയിൽ. 32 വയസുകാരനായ ഇറാഖ് പൗരൻ മുഹമ്മദ് ബാഖർ സാദ് ദാവൂദ് അൽ-സാദി ആണ് പിടിയിലായത്. ഇയാൾക്ക് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി. ഇയാൾക്ക് ഖതൈബ് ഹിസ്ബുള്ളയുമായും ബന്ധമുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ഇറാനിയൻ സൈനിക ഉദ്യോഗസ്ഥനായ അഹമ്മദ് കസേമിയുടെ മകനായ അൽ-സാദി, ടെഹ്‌റാനിൽ വെച്ചാണ് ഐആർജിസിയുടെ പരിശീലനം നേടിയത്. സുലൈമാനിക്കൊപ്പം സൈനിക ഭൂപടങ്ങൾ പരിശോധിക്കുന്ന ഇയാളുടെ ചിത്രങ്ങളും അധികൃതർക്ക് ലഭിച്ചിട്ടുണ്ട്.
ഫ്ളോറിഡയിൽ ഭർത്താവ് ജാരെഡ് കുഷ്നറുമൊത്ത് താമസിക്കുന്ന ഇവാങ്കയുടെ വസതിയുടെ ബ്ലൂപ്രിന്റ് അറസ്റ്റിലാകുമ്പോൾ ഇയാളുടെ പക്കൽ ഉണ്ടായിരുന്നു. ഫ്ളോറിഡയിലെ ഇവരുടെ വീടിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഇയാൾ, അമേരിക്കക്കാരുടെ കൊട്ടാരങ്ങൾക്കോ രസഹ്യ സർവീസിനോ അവരെ സംരക്ഷിക്കാനാവില്ലെന്ന് പരസ്യമായി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
2020-ൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ മരണത്തിന് പ്രതികാരമായാണ് ഇയാൾ ഇവാങ്കയെ വധിക്കാൻ പദ്ധതിയിട്ടത്. സുലൈമാനിയെ തന്റെ പിതൃതുല്യനായിട്ടാണ് അൽ-സാദി കണ്ടിരുന്നതെന്നാണ് റിപ്പോർട്ട്.
2026 മേയ് 15-ന് തുർക്കിയിൽ വെച്ചാണ് അൽ-സാദി അറസ്റ്റിലായത്. പിന്നീട് ഇയാളെ അമേരിക്കയ്ക്ക് കൈമാറി. നിലവിൽ ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ ഏകാന്ത തടവിലാണ് ഇയാൾ. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഇറാഖ് പ്രധാനമന്ത്രിയുടെ അനുമതിയോടെ മാത്രം നൽകുന്ന പ്രത്യേക പാസ്‌പോർട്ടും ഇയാളുടെ പക്കൽ ഉണ്ടായിരുന്നു.
ഇവാങ്കയെ ലക്ഷ്യം വെച്ചതിന് പുറമെ, യൂറോപ്പിലും അമേരിക്കയിലുമായി നടന്ന 18-ഓളം ആക്രമണങ്ങളിലും ഗൂഢാലോചനകളിലും ഇയാൾക്ക് പങ്കുണ്ടെന്ന് യുഎസ് നീതിന്യായ വകുപ്പ് ആരോപിക്കുന്നു. ആംസ്റ്റർഡാമിലെ ബാങ്ക് ഓഫ് ന്യൂയോർക്ക് മെലോണിന് നേരെ നടന്ന ആക്രമണം, ലണ്ടനിലെ ജൂത വംശജർക്ക് കുത്തേറ്റ സംഭവം, ടൊറന്റോയിലെ യുഎസ് കോൺസുലേറ്റിന് നേരെയുള്ള വെടിവെപ്പ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
Content Highlights: Arrest of Mohammed Baqir Saad Dawood Al-Saadi in May 2026 for plotting to kill Ivanka Trump., The suspect received training from Iran's Islamic Revolutionary Guard Corps (IRGC)., Motive linked to the 2020 death of Qasem Soleimani., Suspect linked to 18 other global terror plots, including attacks in London and Amsterdam., Currently detained in Brooklyn's Metropolitan Detention Center.