ഇറാനെതിരായ യുദ്ധത്തിൽ ഇസ്രയേലിന് അപ്രതീക്ഷിത തിരിച്ചടി, പ്രതിരോധ കരാറിൽ നിന്ന് പിന്മാറി ഇറ്റലി

#ന്യൂസ് ഡെസ്ക്
ബെഞ്ചമിൻ നെതന്യാഹി, ജോർജിയ മെലോണി | Photo: AFP
ബെഞ്ചമിൻ നെതന്യാഹി, ജോർജിയ മെലോണി | Photo: AFP

റോം: ഇറാനിനും ലെബനണുമെതിരായ ആക്രമണം തുടരുന്നതിനിടെ ഇസ്രയേലിന് അപ്രതീക്ഷിത തിരിച്ചടി. ഇസ്രയേലുമായുള്ള എല്ലാ പ്രതിരോധ കരാറുകളിൽ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യം കണക്കിലെടുത്താണ് ഇറ്റലിയുടെ തീരുമാനമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇസ്രയേലുമായി സൈനികസഹകരണ കരാറുകളും പിന്തുണയും ഇറ്റലി മരവിപ്പിച്ചതായി ജോർജിയ മെലോണിയെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടിൽ പറയുന്നു. 'നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇസ്രയേലുമായുള്ള പ്രതിരോധ കരാർ പുതുക്കൽ താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചു' എന്ന് വെറോണയിൽ നടന്ന പരിപാടിയിൽ മെലോണി പറഞ്ഞതായി ഇറ്റാലിയൻ വാർത്താ ഏജൻസികളായ എഎൻഎസ്എ, എജിഐ എന്നിവർ റിപ്പോർട്ട് ചെയ്തു.

ഇസ്രയേലുമായുള്ള പ്രതിരോധ കരാർ താത്കാലികമായി നിർത്തിവെക്കുന്നുവെന്ന് ഇറ്റാലിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎഫ്പി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിരോധ കരാർ തുടരുന്നത് രാഷ്ട്രീയപരമായി ബുദ്ധിമുട്ടുണ്ടാക്കുമെന്നായിരുന്നു നയതന്ത്ര ഉദ്യോഗസ്ഥൻ പറഞ്ഞത്.

2006-ൽ ഇസ്രയേൽ അംഗീകരിച്ച കരാർ ഓരോ അഞ്ചുവർഷവും പുനഃപരിശോധിക്കാറുണ്ട്. ഇത്തവണ അത് പുതുക്കേണ്ടതില്ലെന്ന നിലപാടാണ് ഇറ്റലിയ്ക്ക്. സൈനിക ഉപകരണങ്ങൾ, പരിശീലനം, വിവര സാങ്കേതികവിദ്യ, ഗവേഷണം, വികസനം തുടങ്ങിയവയാണ് കരാറിലെ പ്രധാന ഭാഗം.

ഇറാന് പിന്നാലെ ലെബനണിലും ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരുന്നു. ലൈബനണിലെ ഇറ്റാലിയൻ ഐക്യരാഷ്ട്രസഭ സമാധാന സേനാംഗങ്ങളുടെ വാഹനവ്യൂഹത്തിനു നേരെയും ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ഇതേത്തുടർന്ന് ഇരുരാജ്യങ്ങൾക്കുമിടയിൽ അസ്വാരസ്യവും ഉടലെടുത്തു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രതിരോധ കരാറിൽ നിന്ന് ഇറ്റലി പിന്മാറുന്നത് എന്നതും ശ്രദ്ധേയമാണ്.

Content Highlights: Italy has suspended all defense agreements with Israel as of 2026., The decision follows Israel's ongoing military actions in Lebanon and Iran., Concerns regarding the safety of UN peacekeepers in Lebanon influenced the move., The suspended agreement covered military equipment, training, and research.