'അവർ ജീവിക്കാൻ അർഹതയില്ലാത്തവർ’; എല്ലാ ദിവസവും ഗാസയിലെ 40 പേരെ കൊല്ലണമെന്ന് ഇസ്രയേലി മന്ത്രി

#ഇന്റർനാഷണൽ ഡെസ്ക്
ഇറ്റാമർ ബെൻ ഗ്വിർ | Photo: AFP
ഇറ്റാമർ ബെൻ ഗ്വിർ | Photo: AFP

ടെൽ അവീവ്: വിവാദ പ്രസ്താവനയുമായി ഇസ്രയേലി മന്ത്രി. എല്ലാ രാത്രിയും ഗാസയിലെ 30 മുതൽ 40 വരെ ആളുകളെ കൊല്ലണമെന്നാണ് നെതന്യാഹു മന്ത്രിസഭയിലെ ദേശീയ സുരക്ഷാ മന്ത്രിയായ ഇറ്റാമർ ബെൻ ഗ്വിർ പറഞ്ഞത്. തീവ്ര വലതുപക്ഷ വാദിയായ ബെൻ ഗ്വിറിന്റെ പ്രസ്താവന ഇതിനകം വലിയ വിവാദമായി.

ഗാസയിൽ ബന്ദിയാക്കപ്പെട്ട റോം ബ്രാസ്‌ലാവ്ക്‌സി എന്നയാളുടെ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് ബെൻ ഗ്വിർ ഇക്കാര്യം പറഞ്ഞത്. 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിൽ നിന്ന് ഇസ്രയേൽ കരകയറിയതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ഇരുവരും. ഗാസയിലെ ആക്രമണങ്ങളിൽ കുറവ് വരുത്തിയ ഇസ്രയേലിന്റെ നടപടിയെ ബെൻ ഗ്വിർ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

'ഞാൻ പ്രധാനമന്ത്രിയുമായി (നെതന്യാഹു) വിയോജിക്കുന്നുവെന്നത് രഹസ്യമായ കാര്യമല്ല. ആളുകളെ തിരഞ്ഞുപിടിച്ച് കൊല്ലുക എന്നതാണ് ഗാസയിൽ നടപ്പാക്കേണ്ടത്. ഓരോ രാത്രികളിലും 30 മുതൽ 40 വരെ ആളുകളെ വധിക്കണം. സമീപകാല ഭീഷണിയാകാൻ സാധ്യതയുള്ളവരെ മാത്രമല്ല. ജീവിക്കാൻ അർഹതയില്ലാത്ത ആളുകൾ അവിടെയുണ്ട്. അവരെ ജീവിക്കാൻ അനുവദിച്ചുകൂടാ. അവർ മനുഷ്യർ പോലുമല്ല.' -ബെൻ ഗ്വിർ പറഞ്ഞു.

സമാനമായ പ്രസ്താവനകൾ നേരത്തേയും ബെൻ ഗ്വിറിന്റേയും ഇസ്രയേലി ഉദ്യോഗസ്ഥരുടേയും ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഇവയിൽ പലതും ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നതിന് തെളിവായി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐസിജെ) ഹാജരാക്കപ്പെട്ടിട്ടുമുണ്ട്. ഗാസയിൽ വംശഹത്യ നടത്തുന്നുവെന്ന ആരോപണം ഇസ്രായേൽ ഔദ്യോഗികമായി തള്ളുമ്പോഴാണ് ഇസ്രയേലി മന്ത്രിയുടെ ഉൾപ്പെടെ ഇത്തരം പ്രസ്താവനകൾ പുറത്തുവരുന്നത്.

Content Highlights: Israeli National Security Minister Itamar Ben-Gvir sparked global condemnation after advocating for the targeted killing of 30 to 40 people in Gaza every night during a podcast hosted by former hostage Rom Braslavski.