ഗാസയിൽ ഇസ്രയേലിന്റെ ഡ്രോൺ ആക്രമണം: 3 മരണം; പലായനംചെയ്ത് ജനങ്ങൾ

ഗാസ സിറ്റി: ഗാസയിലെ ഹമാസ് നിയന്ത്രണത്തിലുള്ള മധ്യമേഖലയിൽ ഇസ്രയേൽ ആക്രമണം. നുസൈറാത്ത് അഭയാർഥി ക്യാമ്പിന്റെ വടക്കുഭാഗത്ത് ഇസ്രയേൽ സൈന്യം ശക്തമായ പീരങ്കി ആക്രമണം നടത്തിയതായി ഗാസയിലെ സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. നുസൈറാത്ത് അഭയാർഥി ക്യാമ്പിന് കിഴക്കുഭാഗത്ത് ഇസ്രയേൽ ടാങ്കുകൾ നിലയുറപ്പിച്ചതായി എ.എഫ്.പി.യും റിപ്പോർട്ട് ചെയ്യുന്നു. വെടിനിർത്തൽ കരാർ നിലനിൽക്കെയാണ് ഈ നടപടികൾ.
ഉച്ചയോടെ മധ്യഗാസയിൽ ഇസ്രയേൽ സൈനിക വാഹനങ്ങളെത്തിയതായും വെടിവയ്പും വ്യോമാക്രമണങ്ങളും തുടരുന്നതായും സുരക്ഷാ വൃത്തങ്ങൾ എ.എഫ്.പി.യോട് പറഞ്ഞു. ഇസ്രയേൽ സൈന്യവും ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റും സംയുക്തമായാണ് നടപടിയാരംഭിച്ചത്. ഇസ്രയേൽ സൈനികർക്ക് അടിയന്തരവും നേരിട്ടുള്ളതുമായ ഭീഷണി ഉയർത്തുന്ന, യെല്ലോ ലൈനിന് പടിഞ്ഞാറുള്ള ഭീകര തുരങ്കം തകർക്കുകയാണ് ലക്ഷ്യമെന്ന് സൈന്യം പ്രസ്താവനയിൽ അറിയിച്ചു.
2025 ഒക്ടോബറിൽ നിലവിൽവന്ന വെടിനിർത്തൽ കരാറിനുശേഷം ഇസ്രയേൽ പ്രഖ്യാപിച്ച അതിർത്തി രേഖയാണ് യെല്ലോ ലൈൻ. ഗാസയെ ഇസ്രയേൽ നിയന്ത്രണത്തിലുള്ള മേഖല, ഹമാസ് നിയന്ത്രണത്തിലുള്ള മേഖല എന്നിങ്ങനെ വേർതിരിക്കുന്ന ഈ രേഖയുടെ അടിസ്ഥാനത്തിൽ പലസ്തീൻ പ്രദേശത്തിന്റെ 60 ശതമാനത്തിലധികം തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ അവകാശവാദം.
സൈനിക നടപടി ആരംഭിച്ചതോടെ ബാധിതപ്രദേശങ്ങളിലെ താമസക്കാർ സുരക്ഷിത ഇടങ്ങളിലേക്ക് പലായനം ചെയ്തു. ബുധനാഴ്ച ഇസ്രയേൽ നടത്തിയ മൂന്ന് വ്യത്യസ്ത ഡ്രോൺ ആക്രമണങ്ങളിൽ മൂന്ന് പലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. നുസൈറാത്ത് ക്യാമ്പിന് സമീപത്തും ഗാസ സിറ്റിയിലും മധ്യഗാസയിലെ ദേർ അൽ ബലാഹ് പോലീസ് സ്റ്റേഷന് പുറത്തും ഓരോരുത്തർ കൊല്ലപ്പെട്ടു. ഈ ആക്രമണങ്ങൾ കരസേനയുടെ നീക്കവുമായി ബന്ധപ്പെട്ടതാണോയെന്ന് വ്യക്തമല്ല.
ആദ്യ രണ്ട് ഡ്രോൺ ആക്രമണങ്ങളിലും ഭീകരരെയാണ് ലക്ഷ്യമിട്ടതെന്നും മൂന്നാമത്തെ ആക്രമണത്തെക്കുറിച്ച് അറിവില്ലെന്നുമാണ് ഇസ്രയേൽ സൈന്യം എ.എഫ്.പി.യോട് പ്രതികരിച്ചത്.
Content Highlights: Israeli military launched a ground operation in central Gaza near the Nuseirat refugee camp.