പുലര്ച്ചെ മൂന്നിന് ലെബനനില് ഇസ്രയേല് ആക്രമണം; മാധ്യമപ്രവര്ത്തകര് കൊല്ലപ്പെട്ടത് ഉറക്കത്തിനിടെ

ബെയ്റൂത്ത്: ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് തെക്കന് ലെബനനിലെ ഹസ്ബയിലുള്ള മീഡിയാ ഗസ്റ്റ് ഹൗസിന് നേരെയുണ്ടായ ഇസ്രയേല് ആക്രമണത്തില് മൂന്ന് മാധ്യമപ്രവര്ത്തകര് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. പ്രാദേശിക സമയം പുലര്ച്ചെ മൂന്ന് മണിക്കായിരുന്നു ആക്രമണം. ഗസ്റ്റ് ഹൗസില് ഉറങ്ങിക്കിടക്കുന്നതിനിടെയാണ് മാധ്യമപ്രവര്ത്തകർ കൊല്ലപ്പെട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.
യുദ്ധം റിപ്പോര്ട്ട് ചെയ്യുന്നതിനായാണ് വിവിധ മാധ്യമസ്ഥാപനങ്ങള് ഗസ്റ്റ് ഹൗസ് വാടകയ്ക്ക് എടുത്തത്. ഗസ്റ്റ് ഹൗസുകള്ക്ക് മുന്നില് പാര്ക്ക് ചെയ്തിരുന്ന മാധ്യമസ്ഥാപനങ്ങളുടെ വാഹനങ്ങളും പൂര്ണമായും തകര്ന്നു. ആക്രമണത്തിന് മുന്നോടിയായി ഇസ്രയേല് ഡിഫന്സ് ഫോഴ്സ് മുന്നറിയിപ്പൊന്നും നല്കിയിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും അന്താരാഷ്ട്ര ന്യൂസ് ഏജൻസിയായ എ.പി റിപ്പോര്ട്ട് ചെയ്യുന്നു.
ബെയ്റുത്ത് കേന്ദ്രീകരിച്ചുപ്രവര്ത്തിക്കുന്ന അറബിക് ചാനലായ 'അല് മായദീ'ന്റെ രണ്ട് മാധ്യമപ്രവര്ത്തകരും ഹിസ്ബുള്ളയുടെ കീഴിലുള്ള അല് മനാര് ടി.വി.യുടെ ക്യാമറാമാന് വിസാം ഖാസിമുമാണ് കൊല്ലപ്പെട്ടത്. ഏഴ് മാധ്യമസ്ഥാപനങ്ങളില്നിന്നുള്ള 18 പേരാണ് ഗസ്റ്റ്ഹൗസിലുണ്ടായിരുന്നത്.
മാധ്യമപ്രവര്ത്തകര്ക്കുനേരേ ഇസ്രയേല് നടത്തിയത് യുദ്ധകുറ്റകൃത്യമാണെന്ന് ലെബനന് ആരോപിച്ചു. ആക്രമണത്തെ യു.എന്. അപലപിച്ചു. മുന്നറിയിപ്പുണ്ടായിരുന്നില്ലെന്നും ഇസ്രയേല് ബോധപൂര്വമാണ് ആക്രമിച്ചതെന്നും അല് മായദീന് ഡയറക്ടര് ഖസ്സാന് ബിന് ജിദ്ദോ പറഞ്ഞു. ഒരുവര്ഷമായി തുടരുന്ന ഇസ്രയേല്-ഹിസ്ബുള്ള സംഘര്ഷത്തില് ലെബനനില് ആകെ 11 മാധ്യമപ്രവര്ത്തകരാണ് മരിച്ചത്.
Content Highlights: israeli air strike kills journalists covering war in lebanon as they slept