വിശ്വസ്തര്‍ ഒന്നൊന്നായി വീഴുന്നു; ഖമീനിക്ക് സദ്ദാം ഹുസൈന്റെ വിധി നേരിടേണ്ടി വരുമെന്ന് ഇസ്രയേല്‍

ആയത്തൊള്ള ഖമീനി
ആയത്തൊള്ള ഖമീനി

ടെല്‍ അവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമീനിക്ക് ഇറാഖ് മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന് സമാനമായ വിധി നേരിടേണ്ടി വരുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. ടെല്‍ അവീവില്‍ ഉന്നത ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കാറ്റ്‌സ്. 

'യുദ്ധക്കുറ്റങ്ങള്‍ ചെയ്യുന്നത് തുടരുകയും  ഇസ്രായേലി പൗരന്മാര്‍ക്ക് നേരെ മിസൈലുകള്‍ തൊടുക്കുകയും ചെയ്യുന്ന ഇറാനി സ്വേച്ഛാധിപതിക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നു' എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇസ്രയേല്‍ പ്രതിരോധ മന്ത്രിയുടെ ഭീഷണി. 1979 മുതല്‍ 2003-ല്‍ അധികാരഭ്രഷ്ടനാക്കപ്പെടുന്നതുവരെ ഇറാഖിന്റെ പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനെ അമേരിക്കന്‍ സൈന്യം പിടികൂടുകയും പിന്നീട് തൂക്കിലേറ്റുകയുമായിരുന്നു.

ടെഹ്റാനിലെ ഭരണകൂടത്തെയും സൈനിക കേന്ദ്രങ്ങളേയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു. ടെഹ്‌റാനിലെ ജനങ്ങള്‍ ഐഡിഎഫ് നിര്‍ദേശമനുസരിച്ച് പ്രദേശങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇസ്രയേലിന്റെ ആക്രമണത്തില്‍ കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ഇറാന്‍ പരമോന്നത നേതാവിന്റെ വിശ്വസ്തരായ നിരവധി സൈനിക മേധാവികള്‍ കൊല്ലപ്പെട്ടിരുന്നു.

ഖമീനിയുടെ പ്രധാന സൈനിക, സുരക്ഷാ ഉപദേഷ്ടാക്കള്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് അദ്ദേഹത്തിന്റെ ആന്തരിക വലയത്തില്‍ വലിയ വിടവുകള്‍ സൃഷ്ടിക്കുകയും തന്ത്രപരമായ പിഴവുകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട് വിശ്വസ്തരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാന്റെ ഉന്നത സൈനിക വിഭാഗമായ റെവല്യൂഷണറി ഗാര്‍ഡ്സിലെ ഖമീനിയുടെ പ്രധാന ഉപദേഷ്ടാക്കളായിരുന്നു കമാന്‍ഡര്‍ ഹൊസൈന്‍ സലാമി, ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്ക് നേതൃത്വം നല്‍കിയ എയ്റോസ്പേസ് മേധാവി അമീര്‍ അലി ഹാജിസാദെ, രഹസ്യാന്വേഷണ തലവന്‍ മുഹമ്മദ് കസെമി എന്നിവരുള്‍പ്പെടെ നിരവധി മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാര്‍മാരാണ് അഞ്ചു ദിവസത്തിനിടെ കൊല്ലപ്പെട്ടത്. സ്ഥാനമേറ്റെടുത്ത് നാലു ദിവസം പിന്നിടും മുമ്പേ ഇറാന്‍ മിലിട്ടറി എമര്‍ജന്‍സി കമാന്‍ഡിന്റെ മേധാവിയായ മേജര്‍ ജനറല്‍ അലി ഷാദെമാനിയും കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടു

സൈനിക കമാന്‍ഡര്‍മാരും മതപുരോഹിതരും രാഷ്ട്രീയ നേതാക്കളും അടങ്ങിയ 20 ഓളം വരുന്ന ഖമീനിയുടെ വിശ്വസ്ത ഉപദേഷ്ടക്കാളില്‍ പ്രധാനികളാണ് ഈ കൊല്ലപ്പെട്ടവര്‍. സുപ്രധാന തീരുമാനങ്ങളെടുക്കുന്നത് പതിവായി ഇവരെ വിളിച്ചു കൂട്ടാറുണ്ടെന്നും ഇവരുടെ മരണത്തിന് ശേഷം ഖമീനി ഏകാന്തതയിലാണെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാനിലെ ഭരണസംവിധാനമനുസരിച്ച്, പരമോന്നത നേതാവിന് സായുധ സേനയുടെ പരമാധികാരമുണ്ട്, യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരമുണ്ട്, കൂടാതെ സൈനിക മേധാവികളേയും ജഡ്ജിമാരും ഉള്‍പ്പെടെയുള്ള ഉന്നത വ്യക്തികളെ നിയമിക്കാനും പിരിച്ചുവിടാനും അദ്ദേഹത്തിന് കഴിയും. എന്നാല്‍ പ്രധാനപ്പെട്ട കാര്യങ്ങളില്‍ അന്തിമ തീരുമാനം ഖമീനി എടുക്കുമെങ്കിലും വിശ്വസ്തരുടെ അഭിപ്രായങ്ങള്‍ തേടുക പതിവാണെന്നുമാണ് വിവരം.
 

Content Highlights: Iran's supreme leader could face similar fate to Iraq’s Saddam Hussein, Israeli defense minister