'ഹിസ്ബുള്ള പുനഃസംഘടിക്കുന്നു'; ലെബനനില്‍ കനത്ത ആക്രമണവുമായി ഇസ്രയേല്‍

ടെല്‍ അവീവ്: തെക്കന്‍ ലെബനനിലുടനീളമുള്ള ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രായേലി സൈന്യം അറിയിച്ചു. മേഖലയില്‍ പ്രവര്‍ത്തനം സജീവമാക്കാനുള്ള നീക്കങ്ങള്‍ ഹിസ്ബുള്ള ആരംഭിച്ചതോടെയാണ് ആക്രമണമെന്നാണ് ഇസ്രയേലിന്റെ വിശദീകരണം.
ആക്രമണത്തിന് മുന്നോടിയായി ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് സമീപം താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായും ഐഡിഎഫ് വ്യക്തമാക്കി. ഒരു വര്‍ഷത്തിലേറെ നീണ്ടുനിന്ന സംഘര്‍ഷത്തിന് ശേഷം 2024 നവംബറില്‍ ഹിസ്ബുള്ളയും ഇസ്രയേലും യുഎസിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയിരുന്നു.
കരാര്‍ പ്രകാരം, ഇസ്രായേല്‍ ആക്രമണങ്ങള്‍ നിര്‍ത്തുകയും തെക്കന്‍ ലെബനനിലെ താവളങ്ങളില്‍ നിന്ന് ക്രമേണ പിന്‍വാങ്ങുകയും ചെയ്തിരുന്നു. ഹിസ്ബുള്ള അവരുടെ കേന്ദ്രങ്ങള്‍ ലിതാനി നദിയുടെ വടക്കോട്ട് മാറ്റുകയും ചെയ്യേണ്ടിയിരുന്നു. എന്നാല്‍, ഹിസ്ബുള്ള വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണിപ്പോള്‍ ഇസ്രായേല്‍ ലെബനനിലെ ലക്ഷ്യസ്ഥാനങ്ങളില്‍ ആക്രമണം പുനരാരംഭിച്ചിരിക്കുന്നത്. വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന ആരോപണങ്ങള്‍ ഹിസ്ബുള്ള നിഷേധിച്ചിട്ടുണ്ട്.
എന്നാല്‍ ഹിസ്ബുള്ള വീണ്ടും ആയുധം സംഭരിക്കാനും തങ്ങളുടെ ആക്രമണ ശേഷി പുനഃസ്ഥാപിക്കാനും ശ്രമിക്കുകയാണെന്നാണ് ഇസ്രയേലിന്റെ ആരോപണം. കഴിഞ്ഞ കുറച്ച് നാളുകളായി തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായും ഇസ്രയേല്‍ പറയുന്നു.
കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ലെബനനിലെ സൈനിക നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നതായും ഇസ്രായേല്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഹിസ്ബുള്ള പുനഃസംഘടിക്കാനും ആയുധങ്ങൾ സംഭരിക്കാനുമുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്ന സാഹചര്യത്തില്‍ ഇസ്രായേലിന് 'കണ്ണടച്ച് ഇരുട്ടാക്കാന്‍ കഴിയില്ലെന്ന്' വിദേശകാര്യ മന്ത്രി ഗിദെയോന് സാര്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
Content Highlights: Israel launches strikes on Hezbollah sites in South Lebanon, citing ceasefire violations.