ഇസ്രയേലിൽ ഇഞ്ചോടിഞ്ച് പോരാട്ടം; നിർണായക ശക്തിയായി അറബ് പാർട്ടികൾ, നെതന്യാഹു മുന്നിൽ, പക്ഷേ ഭൂരിപക്ഷമില്ല

ടെൽ അവീവ്: ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം. പ്രധാനമന്ത്രി നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി തുടരുന്നുണ്ടെങ്കിലും സർക്കാർ രൂപീകരിക്കാനാവശ്യമായ ഭൂരിപക്ഷത്തിലേക്ക് അദ്ദേഹത്തെ അനുകൂലിക്കുന്ന സഖ്യം എത്തിയിട്ടില്ല.
തൊട്ടുപിന്നിലായി പ്രധാന എതിരാളി ഗാദി ഐസൻകോട്ടും സഖ്യവുമുണ്ട്. വോട്ടെണ്ണലിൽ 72.4 ശതമാനം പൂർത്തിയാക്കിയപ്പോൾ അറബ് പാർട്ടികൾ നിർണായക ശക്തികളായി മാറുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്.
72.4 ശതമാനം വോട്ടെണ്ണി തീർന്നപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി 27 സീറ്റുകളിൽ ലീഡ് നേടിയിട്ടുണ്ട്. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സഖ്യം 54 സീറ്റുകളിലാണ് മുന്നേറുന്നത്. 21 സീറ്റുകളിൽ ലീഡ് നേടി ഐസൻകോട്ടിന്റെ യാഷിർ പാർട്ടി രണ്ടാമത്തെ ഒറ്റകക്ഷിയായി നിലയുറപ്പിച്ചിട്ടുണ്ട്.
നെതന്യാഹു വിരുദ്ധ പാർട്ടികൾ 48 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 120 അംഗ ഇസ്രയേൽ പാർലമെന്റായ നെസെറ്റിലേക്ക് (Knesset) കേവല ഭൂരിപക്ഷത്തിന് 61 സീറ്റുകളാണ് വേണ്ടത്. ഇതോടെ 18 സീറ്റുകളിൽ ലീഡ് ചെയ്യുന്ന അറബ് പാർട്ടികൾ നിർണായക ശക്തിയാകുമെന്ന് ഉറപ്പായി.
നെതന്യാഹു വിരുദ്ധനും ഡെമോക്രാറ്റിക് കക്ഷി നേതാവുമായ യെയിർ ഘോലൻ അറബ് പാർട്ടികളുമായി ചേർന്ന് ഐസൻകോട്ട് സർക്കാർ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേലിലെ വോട്ടർമാരിൽ ഏകദേശം 20% വരുന്നത് അറബ് ജനവിഭാഗമാണ്. ഇസ്രയേൽ തിരഞ്ഞെടുപ്പിൽ അറബ് വോട്ടർമാർ വോട്ട് രേഖപ്പെടുത്തുന്നത് താരതമ്യേന കുറവാണ്.
എന്നാലിത്തവണ അറബ് വോട്ടർമാരുടെ എണ്ണത്തിലുണ്ടായ കുതിച്ചുചാട്ടം നെതന്യാഹു വിരുദ്ധതയാണെന്നാണ് വിലയിരുത്തൽ. ആർക്കും ഭൂരിപക്ഷമുണ്ടാകില്ലെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചിട്ടുള്ളത്. എക്സിറ്റ് പോളുകൾ പുറത്ത് വന്നതിന് പിന്നാലെ വിജയം അവകാശപ്പെട്ട് നെതന്യാഹുവും ഐസൻകോട്ടും രംഗത്തെത്തിയിരുന്നു. നെതന്യാഹുവിന്റെ പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായതിന് പിന്നാലെ അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.
താൻ നെതന്യാഹുവിനെ പിന്തുണച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞതെന്ന് ട്രംപ് അവകാശപ്പെട്ടു. ഒരു മികച്ച പ്രധാനമന്ത്രിക്ക് നേരിടേണ്ടി വരുമായിരുന്ന ദയനീയ പരാജയത്തിന് പകരം, ഇപ്പോൾ ഇതൊരു വലിയ തിരിച്ചുവരവിനും സമനിലയ്ക്കും, അല്ലെങ്കിൽ നെതന്യാഹുവിന്റെ വിജയത്തിനുപോലും വഴിവെക്കുന്നതായി കാണപ്പെടുന്നുവെന്നുമാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.
Content Highlights: Likud party led by Netanyahu is the single largest party with 27 seats., Pro-Netanyahu coalition trails short of the 61 majority mark with 54 seats., Arab parties emerge as decisive kingmakers with 18 seats in the 120-member Knesset., Donald Trump claims credit for Netanyahu's political comeback.