ഇറാനില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം; ആണവായുധ കേന്ദ്രങ്ങൾ തകർത്തതായി സൈന്യം

വെള്ളിയാഴ്ച രാവിലെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടവും വാഹനങ്ങളും. ടെഹ്‌റാനില്‍നിന്നുള്ള ദൃശ്യം| Photo: AFP
വെള്ളിയാഴ്ച രാവിലെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടവും വാഹനങ്ങളും. ടെഹ്‌റാനില്‍നിന്നുള്ള ദൃശ്യം| Photo: AFP

ടെഹ്‌റാന്‍: ഇറാന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം. വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെ തലസ്ഥാനമായ ടെഹ്‌റാനിലാണ് വ്യോമാക്രമണമുണ്ടായതെന്നാണ് വിവരം. ഇതിന് പിന്നാലെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ സജ്ജമായതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. പടിഞ്ഞാറന്‍ ടെഹ്‌റാന്‍, കരാജ് എന്നിവിടങ്ങളെ ലക്ഷ്യമാക്കിയായിരുന്നു പുതിയ ആക്രമണങ്ങളെന്നാണ് വിവരം. 

വെള്ളിയാഴ്ച രാവിലെ ഇറാനിലെ സൈനിക, ആണവകേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ സൈന്യത്തിലെ ഉന്നതരും ആണവശാസ്ത്രജ്ഞരും ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടന്നതിന് പിന്നാലെ രാജ്യത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഇറാന്‍ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 

ഇന്ന് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ചുരുങ്ങിയത് 78 പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 329 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ സുപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. 


 

Content Highlights: israel launches fresh strike in iran