മണ്ഡലങ്ങളും സ്ഥാനാർഥികളുമില്ല, വോട്ട് പാർട്ടിക്ക് മാത്രം, ഇസ്രയേലിലെ തിരഞ്ഞെടുപ്പ് രീതി എല്ലാം വ്യത്യസ്തം

#സ്വന്തം ലേഖകന്‍
ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും ഗാഡി ഐസന്‍കോട്ടിന്റെയും ചിത്രങ്ങളുള്ള പ്രചാരണ ബോര്‍ഡ് | Photo: AFP
ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും ഗാഡി ഐസന്‍കോട്ടിന്റെയും ചിത്രങ്ങളുള്ള പ്രചാരണ ബോര്‍ഡ് | Photo: AFP

ഇന്ത്യൻ തെരഞ്ഞെടുപ്പ് പ്രക്രിയയിൽനിന്നു തികച്ചും വ്യത്യസ്തമായ രീതിയാണ് ഇസ്രയേലിൽ. നമ്മുടെ നാട്ടിൽ തെരഞ്ഞെടുപ്പിൽ വോട്ടർമാർ അതതു മണ്ഡലത്തിലെ സ്ഥാനാർഥിക്കാണ് വോട്ട് ചെയ്യുന്നത്. ഏറ്റവും കൂടുതൽ വോട്ട് നേടുന്നയാൾ വിജയിക്കുന്ന 'ഫസ്റ്റ്-പാസ്റ്റ്-ദി-പോസ്റ്റ്' രീതിയാണിത്.

എന്നാൽ ഇസ്രയേലിൽ ഈ രീതിയല്ല പിന്തുടരുന്നത്. അവിടെ പ്രത്യേക മണ്ഡലങ്ങളില്ല; രാജ്യം മുഴുവൻ ഒറ്റ മണ്ഡലമായാണ് കണക്കാക്കുന്നത്. വോട്ടർമാർ തങ്ങളുടെ പ്രദേശത്തെ ജനപ്രതിനിധിക്കല്ല, മറിച്ച് ഇഷ്ടമുള്ള രാഷ്ട്രീയ പാർട്ടിക്കാണ് വോട്ട് രേഖപ്പെടുത്തുന്നത്. ബാലറ്റ് പേപ്പറിൽ പാർട്ടിയെ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങളോ അക്ഷരങ്ങളോ അടയാളപ്പെടുത്തിയാണ് വോട്ടിങ്.

രാജ്യവ്യാപകമായി ഓരോ പാർട്ടിക്കും ലഭിക്കുന്ന വോട്ടിന്റെ ശതമാനത്തിന് ആനുപാതികമായാണ് പാർലമെന്റിലെ സീറ്റുകൾ വീതിച്ചുനൽകുന്നത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി ഓരോ പാർട്ടിയും മുൻഗണനാക്രമത്തിൽ തങ്ങളുടെ സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും. ലഭിക്കുന്ന വോട്ടുകളുടെ എണ്ണത്തിനനുസരിച്ച് ഈ പട്ടികയിൽനിന്ന് ക്രമപ്രകാരം സ്ഥാനാർഥികൾ പാർലമെന്റിലെത്തും.

ഇസ്രയേൽ പാർലമെന്റായ നെസ്സറ്റിൽ ആകെയുള്ളത് 120 സീറ്റുകളാണ്. കേവലഭൂരിപക്ഷത്തിന് 61 സീറ്റുകൾ ആവശ്യമാണ്. എന്നാൽ ചരിത്രത്തിൽ ഇന്നുവരെ ഒരു പാർട്ടിക്കും ഒറ്റയ്ക്ക് 61 സീറ്റുകൾ നേടാനായിട്ടില്ല. അതിനാൽ സഖ്യസർക്കാരുകൾ മാത്രമാണ് ഇസ്രയേൽ ഭരിച്ചിട്ടുള്ളത്.

ഇവിടെ പാർലമെന്റിൽ പ്രാതിനിധ്യം ലഭിക്കണമെങ്കിൽ രാജ്യത്തെ ആകെ പോൾ ചെയ്ത വോട്ടിന്റെ കുറഞ്ഞത് 3.25 ശതമാനമെങ്കിലും, ഏകദേശം നാല് സീറ്റുകൾ നേടണം. ഈ പരിധി കടക്കാത്ത പാർട്ടികൾക്ക് ലഭിച്ച വോട്ടുകൾ പാഴാകും. ഈ സീറ്റുകൾ വലിയ പാർട്ടികൾക്കായി വീതിച്ചു നൽകുകയാണ് പിന്നീട് ചെയ്യുക.

സമീപകാല സർവേകൾ പ്രകാരം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നണിക്കോ പ്രതിപക്ഷ ചേരിക്കോ ഒറ്റയ്ക്ക് 61 എന്ന കേവലഭൂരിപക്ഷം തൊടാൻ കഴിഞ്ഞിട്ടില്ല. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും തീവ്ര വലതുപക്ഷ പാർട്ടികളായ ഇതാമർ ബെൻ-ഗ്വിറിന്റെ ഒട്‌സ്മ യെഹൂദിത്, ബെസലേൽ സ്‌മോട്രിച്ച് നയിക്കുന്ന റിലീജിയസ് സയണിസം-സെഹൂത്, ഷാസ് തുടങ്ങിയ കക്ഷികളുമാണ് ഒരുവശത്തുള്ളത്.

മറുവശത്ത് മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള 'യഷാർ!', മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും യായർ ലാപിഡും ഒന്നിച്ച 'ബെ-യഹദ്', ദി ഡെമോക്രാറ്റുകൾ, അവിഗ്‌ദോർ ലീബർമാന്റെ യിസ്രായേൽ ബെയ്‌തേനു എന്നീ പാർട്ടികൾ ഉൾപ്പെടുന്ന പ്രതിപക്ഷ ചേരിയും അണിനിരക്കുന്നു. ഇതിനുപുറമേ, റിട്ടയേർഡ് ജനറൽ ഓഫർ വിന്ററിന്റെ 'അംചാ യിസ്രായേൽ', യൊവാസ് ഹെൻഡൽ നയിക്കുന്ന 'റിസർവിസ്റ്റ്‌സ്-ഇക്കോണമി' എന്നീ ചെറിയ വലതുപക്ഷ പാർട്ടികൾ 3.25 ശതമാനം വോട്ട് പരിധി കടക്കുമോ എന്നത് അന്തിമ ഫലത്തിൽ നിർണായകമാകും.

ഇരുമുന്നണികൾക്കും 61 സീറ്റ് തികയ്ക്കാനാവാതെ വന്നാൽ രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഉടലെടുക്കുകയും നെതന്യാഹു കാവൽ പ്രധാനമന്ത്രിയായി തുടർന്ന് മാസങ്ങൾക്കുള്ളിൽ വീണ്ടും പൊതുതെരഞ്ഞെടുപ്പ് നടത്തേണ്ടിവരികയും ചെയ്യും എന്നതാണ് ഒന്നാമത്തേത്. അറബ് പാർട്ടികളുടെ പുറത്തുനിന്നുള്ള പിന്തുണയോടെ ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാനുള്ള സാധ്യതയാണ് മറ്റൊന്ന്.

നെതന്യാഹു നേതൃസ്ഥാനം ഒഴിഞ്ഞാൽ ലിക്കുഡ് പാർട്ടിയുമായി കൈകോർക്കാൻ പ്രതിപക്ഷം തയാറായേക്കും. അങ്ങനെവന്നാൽ ലിക്കുഡും ഐസൻകോട്ടിന്റെ പാർട്ടിയും ചേർന്ന് ദേശീയ ഐക്യസർക്കാർ രൂപീകരിക്കപ്പെടാം. ഇനി ചെറിയ വലതുപക്ഷ പാർട്ടികൾ വോട്ട് പരിധി കടക്കുകയും ലിക്കുഡ് സഖ്യം 61 സീറ്റ് തികയ്ക്കുകയും ചെയ്താൽ നെതന്യാഹുവിന്റെ നേതൃത്വത്തിൽ വീണ്ടും തീവ്ര വലതുപക്ഷ സർക്കാർ അധികാരത്തിലേറും. നെതന്യാഹു സഖ്യത്തിൽനിന്ന് എം.പിമാരെ അടർത്തിയെടുത്ത് പ്രതിപക്ഷം ഭരണം പിടിക്കുന്ന കൂറുമാറ്റ സാധ്യതയും തള്ളിക്കളയാനാവില്ല.

ഒക്ടോബർ ഏഴിലെ സുരക്ഷാവീഴ്ച, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി, തീവ്രജൂത വിഭാഗങ്ങളുടെ സൈനിക സേവനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ എന്നിവ കാരണം നെതന്യാഹുവിനെതിരെ ജനരോഷം ശക്തമാണ്. എങ്കിലും ലിക്കുഡ് പാർട്ടിയുടെ പരമ്പരാഗത വോട്ടുബാങ്ക് നെതന്യാഹുവിന് വലിയ കരുത്താണ് നൽകുന്നത്. ഒപ്പം പ്രതിപക്ഷ മുന്നണിക്കുള്ളിലെ ആഭ്യന്തര ഭിന്നതകളും അറബ് പാർട്ടികളോടുള്ള സമീപനത്തിലെ തർക്കങ്ങളും നെതന്യാഹുവിന് പ്രതീക്ഷ നൽകുന്നു.

Content Highlights: Israel operates a single national constituency with no local candidate voting., Citizens vote for political parties, and seats are distributed proportionally., The Knesset has 120 seats, requiring 61 for a majority, making coalition governments standard., Parties must cross a 3.25 percent vote threshold to enter parliament., Current political uncertainty revolves around Netanyahu's coalition and the opposition's alternatives.