നെതന്യാഹുവിനെ വീഴ്ത്താൻ പറഞ്ഞവാക്ക് വിഴുങ്ങേണ്ടിവരും; സയണിസ്റ്റ് പ്രതിപക്ഷത്തിന്റെ മുന്നിലെ വെല്ലുവിളി

ഇസ്രയേൽ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകുമ്പോൾ സയണിസ്റ്റ് പ്രതിപക്ഷ നേതാക്കൾ വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയിലാണ്. ബെഞ്ചമിൻ നെതന്യാഹുവിനെ അധികാരത്തിൽനിന്ന് പുറത്താക്കുകയെന്ന അവരുടെ പ്രധാന ലക്ഷ്യത്തിലെത്താൻ അവർ വോട്ടർമാർക്ക് നൽകിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ലംഘിക്കേണ്ടിവരും. അറബ് പാർട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്ന ഉറപ്പാണ് പ്രതിപക്ഷത്തിന് ഇപ്പോൾ തിരുത്തേണ്ടി വന്നിരിക്കുന്നത്.
120 അംഗ നെസെറ്റിൽ ഭൂരിപക്ഷത്തിന് 61 സീറ്റുകളാണ് വേണ്ടത്. നിലവിലെ ഫലമനുസരിച്ച് നെതന്യാഹുവിന്റെ സഖ്യത്തിന് 53 സീറ്റുകളും ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് 48 സീറ്റുകളുമാണുള്ളത്. അറബ് പാർട്ടികളായ റാമിന് 8 സീറ്റും ജോയിന്റ് ലിസ്റ്റിന് 11 സീറ്റും ലഭിച്ചു. ഈ 19 സീറ്റുകൾ നിർണായകമായതോടെ ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്.
തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പ്രതിപക്ഷത്തെ പ്രമുഖ ജൂത പാർട്ടികളായ ഐസൻകോട്ടിന്റെ യാഷർ, നഫ്താലി ബെന്നറ്റിന്റെ ബിയാഹദ്, അവിഗ്ഡോർ ലിബർമാന്റെ യിസ്രായേൽ ബെയ്തേനു എന്നിവർ അറബ് പാർട്ടികളുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കില്ലെന്ന് പലതവണ ഉറപ്പിച്ചുപറഞ്ഞിരുന്നു. അറബ് പാർട്ടികൾ തങ്ങളുടെ വ്യവസ്ഥകൾ അംഗീകരിക്കുന്നില്ലെന്നായിരുന്നു ഐസൻകോട്ട് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ അറബ് പാർട്ടികളുടെ പിന്തുണയില്ലാതെ ഐസൻകോട്ടിന് 61 സീറ്റുകളുള്ള ഒരു സഖ്യമുണ്ടാക്കാൻ കഴിയില്ല.
അറബ് പാർട്ടികളെ സർക്കാരിൽ ഉൾപ്പെടുത്തുന്നതിൽ പ്രതിപക്ഷത്തിന് തടസ്സമായി നിൽക്കുന്നത് പ്രധാനമായും അവരുടെ അറബ് വിരുദ്ധ വംശീയതയാണ്. അത് ഇസ്രയേൽ ജൂതരാഷ്ട്രീയത്തിൽ അത്രയ്ക്ക് രൂഢമൂലമായിക്കഴിഞ്ഞു. ജനസംഖ്യയുടെ 20 ശതമാനം വരുന്ന മുസ്ലിം-ക്രിസ്ത്യൻ അറബ് വംശജരെ പൂർണ പൗരന്മാരായി അംഗീകരിക്കാൻ സയണിസ്റ്റ് ജൂതർക്ക് ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടാണ് അറബ് പാർട്ടികളെ ബഹിഷ്കരിക്കുന്നത് അവസാനിപ്പിക്കാൻ പ്രതിപക്ഷം ‘ധൈര്യം കാണിച്ചാൽ’ നെതന്യാഹുവിനെ താഴെയിറക്കാൻ കഴിയുമെന്ന് ജോയിന്റ് ലിസ്റ്റ് നേതാവ് അഹമ്മദ് തിബി വ്യക്തമാക്കിയത്.
പലസ്തീനികൾക്കെതിരെയുള്ള വംശീയതയും പാർശ്വവത്കരണവുമാണോ അതോ യഥാർഥ ജൂത-അറബ് പങ്കാളിത്തമാണോ വേണ്ടതെന്ന് തിരഞ്ഞെടുക്കേണ്ട സമയമാണിതെന്ന് അറബ് നേതാവായ യൂസഫ് ജബരീൻ ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷനിരയിൽ ഇടതുപക്ഷ പാർട്ടിയായ 'ഡെമോക്രാറ്റ്സി'ന്റെ നേതാവ് യായർ ഗോലാൻ മാത്രമാണ് അറബ് പാർട്ടികളെ സർക്കാരിൽ ഉൾപ്പെടുത്തണമെന്ന് തുറന്നാവശ്യപ്പെടുന്നത്. വംശീയത അവസാനിപ്പിക്കണമെന്നും ജൂതന്മാരുടെയും അറബികളുടെയും വോട്ടുകൾക്കിടയിൽ നെതന്യാഹു നടത്തുന്ന വംശീയ വിവേചനം അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് ഗോലാന്റെ നിലപാട്.
സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട് മൂന്ന് പ്രധാന സാധ്യതകളാണ് ഇപ്പോൾ ഇസ്രയേലിൽ അവശേഷിക്കുന്നത്: ജോയിന്റ് ലിസ്റ്റിന്റെയോ റാമിന്റെയോ പിന്തുണയോടെ പ്രതിപക്ഷം ന്യൂനപക്ഷ സർക്കാർ ഉണ്ടാക്കുക. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതിനുള്ള സാധ്യത വളരെ കുറവാണ്.
നെതന്യാഹുവുമായി ചേർന്ന് പ്രതിപക്ഷം ഒരു ഐക്യ സർക്കാർ രൂപവത്കരിക്കുക. നെതന്യാഹുവിനെ അധികാരത്തിൽനിന്ന് മാറ്റുക എന്ന തങ്ങളുടെ വാഗ്ദാനത്തിന് വിരുദ്ധമായതിനാൽ പ്രതിപക്ഷത്തിന് ഇത് കടുത്ത വെല്ലുവിളിയാകും.
ഒരു കക്ഷിക്കും ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇസ്രയേൽ വീണ്ടും ഒരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങും. ഇത്രയും ഉയർന്ന അറബ് വോട്ടിങ് ശതമാനം ഇനിയൊരു തിരഞ്ഞെടുപ്പിൽ ആവർത്തിക്കില്ലെന്ന കണക്കുകൂട്ടലിൽ നെതന്യാഹു പുതിയ തിരഞ്ഞെടുപ്പിന് ശ്രമിച്ചേക്കാനും സാധ്യതയുണ്ട്.
Content Highlights: Opposition faces a major political dilemma in ousting Benjamin Netanyahu., No single bloc has achieved the 61-seat majority in the 120-member Knesset