യഹിയ സിന്‍വാറിന്റെ മൃതദേഹം ഹമാസിന് വിട്ടുകൊടുക്കില്ല; കത്തിച്ച് സംസ്‌കരിക്കുമെന്ന് ഇസ്രയേൽ മന്ത്രി

യഹ്യാ സിൻവാറിന്റെ അവസാനനിമിഷ ദൃശ്യങ്ങൾ ഇസ്രയേല്‍ സൈന്യം പുറത്തുവിട്ടപ്പോൾ| Photo: Screengrab
യഹ്യാ സിൻവാറിന്റെ അവസാനനിമിഷ ദൃശ്യങ്ങൾ ഇസ്രയേല്‍ സൈന്യം പുറത്തുവിട്ടപ്പോൾ| Photo: Screengrab

ടെൽ അവീവ്: ഗാസയിലെമുൻ ഹമാസ് നേതാവ് യഹിയ സിൻവാറിന്റെ മൃതദേഹം കത്തിച്ച് സംസ്‌കരിക്കാൻ സുരക്ഷാ കാബിനറ്റിനോട് നിർദ്ദേശിച്ചതായി ഇസ്രയേലി ഗതാഗത മന്ത്രി മിരി റെഗേവ്. ഇസ്രയേലി വെബ്‌സൈറ്റായ കോൾ ബരാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റെഗേവ് ഇത് പറഞ്ഞത്.

'അമേരിക്കക്കാർ അൽ ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദനെ കത്തിച്ചതുപോലെ, യഹിയ സിൻവാറിന്റെ മൃതദേഹം കത്തിക്കാൻ കാബിനറ്റിൽ നിർദേശം വച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിലും ഈ മേഖലയിലും എന്താണ് സംഭവിക്കുന്നതെന്നു നമുക്കറിയാം. സിൻവാറിന്റെ മൃതദേഹം അടക്കം ചെയ്യാനായി തിരികെ നൽകില്ല.' മന്ത്രി കൂട്ടിച്ചേർത്തു.

2024 ഒക്ടോബർ 16-നാണ് ഇസ്രയേലി സേന ഡ്രോൺ ആക്രമണത്തിൽ യഹിയ സിൻവാറിനെ വധിക്കുന്നത്. കഴിഞ്ഞാഴ്ച, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം, സിൻവാറിന്റെ മൃതദേഹത്തിനരികെ ഇസ്രയേലി സൈനിക കമാൻഡർമാർ നിൽക്കുന്ന പുതിയ ചിത്രങ്ങൾ ഇസ്രയേൽ പുറത്തുവിട്ടിരുന്നു.

ഹമാസിന്റെ ഏറ്റവും ശക്തരായ നേതാക്കളിൽ ഒരാളായിരുന്നു സിൻവാർ. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരൻ സിൻവാർ ആയിരുന്നു. ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ്യ 2024-ൽ ഇറാനിലെ ടെഹ്‌റാനിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ പിൻഗാമിയായാണ് സിൻവാറിനെ നേതൃസ്ഥാനത്ത് അവരോധിച്ചത്.

ഗാസ കേന്ദ്രീകരിച്ചായിരുന്നു സിൻവാർ പ്രവർത്തിച്ചിരുന്നത്. 'തിന്മയുടെ മുഖ'മെന്ന് ഇസ്രയേൽ വിശേഷിപ്പിക്കുന്ന സിൻവാർ 22 വർഷം ഇസ്രയേൽ തടവറയിൽ കഴിഞ്ഞിട്ടുണ്ട്. ഹമാസ് പിടികൂടിയ ഇസ്രയേൽ സൈനികൻ ഗിലാദ് ഷാലിത്തിനെ വിട്ടയക്കാൻ പലസ്തീനി തടവുകാരെ മോചിപ്പിക്കണമെന്ന ധാരണയുടെ ഭാഗമായി 2011-ലാണ് യഹിയ ജയിൽമോചിതനായത്. 2015-ൽ യഹിയയെ അമേരിക്ക ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി.

റഫയിൽ വച്ചാണ് ഇസ്രയേൽ സൈന്യം സിൻവാറിനെ വധിച്ചത്. പിന്നാലെ യഹിയയുടെ അവസാനസമയത്തേതെന്ന് അവകാശപ്പെടുന്ന ഡ്രോൺ ദൃശ്യങ്ങൾ ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ടിരുന്നു. കെട്ടിടത്തിന്റെ തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ ഒരാൾ ഇരിക്കുന്നതും അയാൾ അകത്തേക്ക് ചെല്ലുന്ന ഡ്രോണിന് നേർക്ക് ഒരു വസ്തു എറിയുന്നതുമായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. പിന്നീട് മൃതദേഹത്തിന്റെ ചിത്രങ്ങളും പുറത്തുവിട്ടു.

എന്നാൽ, ബിൻ ലാദന്റെ മൃതദേഹം സംസ്‌കരിച്ചത് റെഗേവ് പറഞ്ഞത് പോലെയല്ലെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പാകിസ്താനിലെ അബോട്ടാബാദിലെ വസതിയിൽ യു.എസ് സൈന്യം നടത്തിയ ഓപ്പറേഷനിൽ ലാദനെ വധിക്കുകയും മൃതദേഹം കടലിൽ സംസ്‌കരിക്കുകയുമായിരുന്നു. ലാദന്റെ മൃതദേഹം മണ്ണിൽ സംസ്‌കരിച്ചാൽ അവിടെ സ്മാരകങ്ങൾ ഉയരുമെന്നും ഒടുവിൽ അത് തീവ്രവാദികളുടെ തീർഥാടന കേന്ദ്രമായി മാറുമെന്നുമുള്ള ആശങ്കയിലാണ് അമേരിക്ക അതീവ രഹസ്യമായി ലാദനെ സംസ്‌കരിച്ചത്.

Content Highlights: Israeli minister suggests cremating Hamas leader Yahya Sinwar`s body, citing a precedent similar to Osama bin Laden. Concerns over potential shrines are cited.