ലെബനനിലെയും ഗാസയിലെയും പിടിച്ചെടുത്ത പ്രദേശങ്ങൾ ഇസ്രയേലിനോട് കൂട്ടിച്ചേർക്കണമെന്ന് ഇസ്രയേൽ മന്ത്രി

ജറുസലേം: ലെബനനിലെയും ഗാസാമുനമ്പിലെയും ഇസ്രയേൽ അധീനതയിലുള്ള പ്രദേശങ്ങൾ രാജ്യത്തോട് കൂട്ടിച്ചേർക്കണമെന്ന് ഇസ്രയേൽ ധനമന്ത്രി ബോസലേൽ സ്‌മോട്രിച്ച്. അധിനിവേശ വെസ്റ്റ് ബാങ്കിലുള്ള പലസ്തീൻകാർക്കുനേരേ യുദ്ധം തുടങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു. ഇസ്രേയേലി മാധ്യമമായ ‘വൈനെറ്റി’ന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
ഗാസയിലെ യെല്ലോ ലൈൻ വരെയും ലെബനനിലെ ലിതാനിനദി വരെയുമുള്ള പ്രദേശങ്ങളാണ് നിലവിൽ ഇസ്രയേലിന്റെ അധീനതയിലുള്ളത്. ‘‘ഈ പ്രദേശങ്ങൾ ഇസ്രയേലിനോട് കൂട്ടിച്ചേർക്കണമെന്നാണ് എന്റെ അഭിപ്രായം. യുദ്ധം തുടങ്ങിയിടത്തുതന്നെ അത് അവസാനിച്ചാൽ വീണ്ടുമൊരു യുദ്ധം തുടങ്ങുന്നതിൽനിന്ന് ശത്രുക്കളെ പിന്തിരിപ്പിക്കുന്നത് എന്താണ്?’’ -അദ്ദേഹം ചോദിച്ചു.
വെസ്റ്റ്ബാങ്കിൽ യുദ്ധമുന്നണി തുറന്ന്, ഭീകരതയെ പിന്തുണയ്ക്കുന്ന പലസ്തീൻ അതോറിറ്റിയെ നശിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1967 മുതൽ ഇസ്രയേൽ കൈവശംവെച്ചിരിക്കുന്ന വെസ്റ്റ്ബാങ്ക് മുഴുവനായും കൂട്ടിച്ചേർക്കണമെന്ന് വാദിക്കുന്ന തീവ്ര വലതുപക്ഷപാർട്ടിയുടെ നേതാവാണ് സ്‌മോട്രിച്ച്.
Content Highlights: Bezalel Smotrich urges Israel to annex territories in Lebanon and Gaza, advocating for military action against Palestinians in the West Bank.