അമേരിക്ക ഇടപെട്ടാൽ എല്ലാവർക്കും അപകടകരം; വീണ്ടും മുന്നറിയിപ്പുമായി ഇറാന്‍

ഇസ്താംബൂള്‍: ഇസ്രയേലുമായുള്ള സംഘര്‍ഷത്തില്‍ അമേരിക്കയുടെ ഇടപെടല്‍ എല്ലാവര്‍ക്കും വളരെ അപകടംപിടിച്ചതായിരിക്കുമെന്ന് വീണ്ടും മുന്നറിയിപ്പുമായി ഇറാന്‍. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ആദ്യം ദിവസം മുതല്‍ അമേരിക്ക പങ്കാളിയായിരുന്നുവെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു.
ആക്രമണം അവസാനിക്കുകയും ഇസ്രയേലിനെ അവര്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദിയാക്കുകയും ചെയ്താല്‍ ഇറാന്‍ നയതന്ത്രം പരിഗണിക്കാന്‍ തയ്യാറാണെന്നും അരാഗ്ചി വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ അമേരിക്ക യുദ്ധത്തില്‍ ഇടപെട്ടാല്‍ അത് വളരെ വളരെ അപകടകരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്‍ വിദേശകാര്യ മന്ത്രി തുര്‍ക്കിയിലെ ഇസ്താംബൂളില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അമേരിക്കയുടെ ഇടപെടല്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ ദിവസം അദ്ദേഹം യൂറോപ്യന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
അമേരിക്കയുമായുള്ള ആണവ ചര്‍ച്ചകള്‍ക്ക് തൊട്ടുമുമ്പ് ഇസ്രായേല്‍ ഇറാനുമേല്‍ നടത്തിയ ആക്രമണങ്ങള്‍ 'ചര്‍ച്ചകള്‍ അട്ടിമറിക്കാന്‍' ലക്ഷ്യമിട്ടുള്ളതാണെന്ന് തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാന്‍ പറഞ്ഞു. പശ്ചിമേഷ്യയെ പൂര്‍ണ്ണമായും സംഘര്‍ഷത്തിലേക്ക് തള്ളിവിടാനാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശ്രമിക്കുന്നതെന്നും തുര്‍ക്കി പ്രസിഡന്റ് ആരോപിച്ചു.
ഇതിനിടെ ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇറാനില്‍ 430 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് രാജ്യത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലില്‍ 25 പേര്‍ കൊല്ലപ്പെടുകയും 2517 ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ഇസ്രയേല്‍ പ്രതിരോധ സേന നല്‍കുന്ന കണക്ക്.
Content Highlights: US involvement would be 'very very dangerous', Iranian foreign minister says