ഒരു ഡോളറിന് 20 ലക്ഷം റിയാൽ, ജനം പട്ടിണിയിൽ; യുദ്ധം തുടങ്ങിയിട്ട് 6 മാസം, ഇറാനിൽ കടുത്ത പ്രതിസന്ധി

ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആരംഭിച്ച യുദ്ധം ആറുമാസം പിന്നിടുമ്പോൾ രാജ്യത്തെ സാമ്പത്തികാവസ്ഥ പൂർണ്ണമായി തകർന്നതായും ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്നും റിപ്പോർട്ടുകൾ. യുദ്ധത്തിന്റെ തുടക്കത്തിൽ ഭരണമാറ്റം പ്രതീക്ഷിച്ചിരുന്ന പലരിലും ഇപ്പോൾ ആ പ്രതീക്ഷകൾ പൂർണ്ണമായി നഷ്ടപ്പെടുകയും എങ്ങനെയെങ്കിലും ജീവൻ നിലനിർത്തുക എന്നതിലേക്ക് ജനങ്ങളുടെ ശ്രദ്ധ മാറുകയും ചെയ്തിരിക്കുകയാണ്. യുദ്ധം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി ഇറാനിലെ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. രാജ്യത്തെ പണപ്പെരുപ്പം 84 ശതമാനമായി ഉയർന്നതായി ഇറാന്റെ സെൻട്രൽ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
ഇറാന്റെ കറൻസിയായ റിയാൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിക്കൊണ്ട് ഒരു ഡോളറിന് ഏകദേശം 20 ലക്ഷം റിയാൽ എന്ന നിലവാരത്തിലേക്ക് താഴ്ന്നു. കറൻസിയുടെ തകർച്ച ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില വൻതോതിൽ വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. മുട്ട ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില ആഴ്ചതോറും വർദ്ധിക്കുകയാണ്. ഇടത്തരം കുടുംബങ്ങൾക്ക് പോലും ഇപ്പോൾ ഇവ വാങ്ങാൻ കഴിയുന്നില്ല. ചെറുപയർ, കടല എന്നിവയുടെ വിലയും കുതിച്ചുയരുകയാണ്. പലരും ഭാവിയിലെ പട്ടിണി പേടിച്ച് പാകിസ്താനിൽനിന്ന് അരി ഉൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങൾ വലിയ തോതിൽ വാങ്ങി സൂക്ഷിക്കുകയാണ്. ഇന്ധന സബ്സിഡി ഇല്ലാതാകുമെന്ന ഭീതിയെ തുടർന്ന് പെട്രോൾ പമ്പുകളിൽ ജനങ്ങളുടെ വലിയ ക്യൂവാണ് അനുഭവപ്പെടുന്നത്.
യുദ്ധത്തിന്റെ പ്രാരംഭഘട്ടത്തിൽ ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖേനേയി കൊല്ലപ്പെട്ടിരുന്നു. പലരും അദ്ദേഹത്തിന്റെ മരണത്തിൽ സന്തോഷം പ്രകടിപ്പിച്ചെങ്കിലും, അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമനേയി പുതിയ പരമോന്നത നേതാവായി അധികാരം ഏറ്റെടുത്തു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഭരണകൂടം കൂടുതൽ സ്വേച്ഛാധിപത്യപരമായി മാറിയിരിക്കുകയാണ്. സർക്കാരിനോടുള്ള വിയോജിപ്പുകളോട് കടുത്ത അസഹിഷ്ണുത പുലർത്തുന്ന അധികാരികൾ ഒട്ടേറെ രാഷ്ട്രീയ തടവുകാരെ തൂക്കിലേറ്റുകയും വിമർശകരെ ക്രൂരമായി വേട്ടയാടുകയും ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ഫെബ്രുവരി 28-നാണ് ഇറാനെതിരെയുള്ള ആക്രമണം ആരംഭിച്ചത്. എന്നാൽ, ആണവായുധം നിർമ്മിക്കുന്നതിൽനിന്ന് ഇറാനെ തടയുക, ഇറാൻ ഭരണം മാറ്റുക, മിസൈൽ പദ്ധതി തകർക്കുക എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടാൻ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ല. ഇറാന്റെ ചരിത്ര സാംസ്കാരിക കേന്ദ്രങ്ങൾ, സ്റ്റീൽ പ്ലാന്റുകൾ, പെട്രോ കെമിക്കൽ നിർമ്മാണശാലകൾ, പാലങ്ങൾ എന്നിവയെ ലക്ഷ്യമാക്കി അമേരിക്കയും ഇസ്രയേലും ബോംബാക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇറാൻ സംസ്കാരത്തെ തുടച്ചുനീക്കുമെന്നും രാജ്യത്തെ ശിലായുഗത്തിലേക്ക് മടക്കി അയക്കുമെന്നും ഭീഷണിപ്പെടുത്തിയ ഡൊണാൾഡ് ട്രംപിന്റെയും അദ്ദേഹത്തിന്റെ ഭരണകൂടത്തിന്റെയും പരസ്പരവിരുദ്ധമായ നിലപാടുകൾ ഇറാൻ ജനതയിൽ വലിയ ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്.
യുദ്ധം ആരംഭിച്ചതുമുതൽ ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചിരിക്കുകയാണ്. ഈ ഉപരോധം തകർക്കാൻ അമേരിക്ക ഈ വേനൽക്കാലത്ത് നടത്തിയ ശക്തമായ വ്യോമാക്രമണങ്ങൾ ഇറാന്റെ സാമ്പത്തിക മേഖലയെയാണ് കൂടുതൽ ബാധിച്ചത്. പണപ്പെരുപ്പവും തൊഴിലില്ലായ്മയും പരിഹരിക്കാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയന്റെ ഭരണകൂടത്തോട് പുതിയ പരമോന്നത നേതാവ് മുജ്താബ ഖമനേയി ആവശ്യപ്പെട്ടിട്ടുണ്ട്.
കറൻസി ഇടിവിനെ തുടർന്ന് കഴിഞ്ഞ ജനുവരിയിൽ രാജ്യത്തുണ്ടായ വൻ പ്രതിഷേധങ്ങളെ സർക്കാർ ക്രൂരമായാണ് അടിച്ചമർത്തിയത്. കറൻസി മൂല്യം വീണ്ടും ഇടിഞ്ഞതോടെ ഇറാനിൽ വീണ്ടുമൊരു ശക്തമായ ജനകീയ പ്രക്ഷോഭത്തിനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട്. ആറുമാസം പിന്നിടുമ്പോഴും യുദ്ധം നിർണ്ണായകഫലമില്ലാതെ പ്രതിസന്ധിയിൽ തുടരുകയാണ്. ട്രംപിന് യുദ്ധം ജയിക്കാനും കഴിഞ്ഞിട്ടില്ല, ഇറാൻ പരാജയപ്പെട്ടിട്ടുമില്ല. പക്ഷെ, ഇറാനിലെ ജനങ്ങളാണ് അതിന്റെ വിലകൊടുക്കേണ്ടി വരുന്നത്.
Content Highlights: The US-Israel war against Iran has entered its sixth month with no decisive military victory for the US., Iran's inflation has soared to 84% and the currency (Rial) has plummeted to 2 million per US dollar., Supreme Leader Ayatollah Ali Khamenei was killed early in the war, and his son Mojtaba Khamenei took power., The Strait of Hormuz remains blockaded by Iran, severely impacting global oil shipping routes., Ordinary Iranian citizens are facing severe food shortages, hyperinflation, and a totalitarian regime crackdown.