'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍'; ട്രംപിനും നെതന്യാഹുവിനുമെതിരേ ഫത്വയുമായി ഇറാനിലെ പുരോഹിതന്‍

ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമിനെതിരേ ഫത്വ പുറപ്പെടുവിച്ച് ഇറാനിലെ ഉന്നത മതനേതാവ്. ഷിയാ പുരോഹിതന്‍ ആയത്തൊള്ള നാസര്‍ മകാരെം ഷിറാസിയാണ് ഫത്വ പുറപ്പെടുവിച്ചത്. ട്രംപും നെതന്യാഹുവും ദൈവത്തിന്റെ ശത്രുക്കളാണെന്ന് പറഞ്ഞ ഷിറാസി, ഇറാന്റെ നേതൃത്വത്തിന് ഭീഷണിയുയര്‍ത്തിയ ഇവരെ അധികാരഭ്രഷ്ടരാക്കാന്‍ ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങള്‍ ഒത്തുചേരണമെന്നും ആഹ്വാനം ചെയ്തു.
നേതാവിന് അല്ലെങ്കില്‍ മതപരമായ അധികാരിക്ക് ഭീഷണി ഉയര്‍ത്തുന്ന വ്യക്തിയെയോ ഭരണകൂടത്തെയോ 'war lord' അല്ലെങ്കില്‍ 'മൊഹാരെബ്' ആയാണ് കണക്കാക്കുകയെന്ന് ഷിറാസി ഫത്വയില്‍ വ്യക്തമാക്കുന്നു. ദൈവത്തിനെതിരേ യുദ്ധം ചെയ്യുന്നവരെയാണ് മൊഹാരെബ് എന്ന് പറയുന്നത്. ഇറാനിയന്‍ നിയമപ്രകാരം, മൊഹാരെബുകള്‍ എന്ന് സ്ഥിരീകരിക്കുന്നവര്‍ക്ക് വധശിക്ഷ, കുരിശിലേറ്റല്‍, കാല് മുറിച്ചുമാറ്റല്‍, നാടുകടത്തല്‍ എന്നിവ നേരിടേണ്ടി വന്നേക്കാം.
ഈ ശത്രുക്കളുമായി മുസ്‌ലിങ്ങളോ ഇസ്ലാമിക രാജ്യങ്ങളോ ഏതെങ്കിലും വിധത്തിലുള്ള സഹകരണത്തില്‍ ഏര്‍പ്പെടുകയോ പിന്തുണയ്ക്കുകയോ ചെയ്യരുതെന്നും ഫത്വയിലുണ്ടെന്ന് മെഹര്‍ ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ശത്രുക്കളെ അവരുടെ വാക്കുകള്‍ക്കും ചെയ്തികള്‍ക്കും പശ്ചാത്തപിപ്പിക്കേണ്ടത് ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങള്‍ക്ക് അത്യാവശ്യമാണെന്നും ഫത്വയിലുണ്ട്.
ജൂണ്‍ 13-ാം തീയതി, ഇറാന് നേര്‍ക്ക് ഇസ്രയേല്‍ നടത്തിയ അപ്രതീക്ഷിത വ്യോമാക്രമണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധം നടന്നത്. ഇസ്രയേല്‍ ആക്രമണത്തില്‍ ഉന്നത സൈനിക നേതാക്കളെയും ആണവശാസ്ത്രജ്ഞരെയും ഇറാന് നഷ്ടമായിരുന്നു. 12 ദിവസം നീണ്ടുനിന്ന യുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ യുഎസും ഇസ്രയേലിനൊപ്പം ചേര്‍ന്ന് ഇറാനെതിരേ ആക്രമണം നടത്തി. ഇറാന്റെ ആണവസമ്പുഷ്ടീകരണ കേന്ദ്രങ്ങളായിരുന്നു ഇസ്രേയലും അമേരിക്കയും ലക്ഷ്യമിട്ടത്.
Content Highlights: iran top cleric issues fatwa against donald trump and benjamin netanyahu