‘പ്രതിരോധമല്ല, ഇനി ആക്രമണം’; യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിടാൻ ഇറാൻ; സംഘർഷം യൂറോപ്പിലേക്കും?

ടെഹ്റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക സംഘർഷം തുടർന്നാൽ യൂറോപ്പിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇറാൻ സർക്കാരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് ആണ് ഈ വിവരം പുറത്തുവിട്ടത്. തങ്ങളുടെ സൈനിക തന്ത്രങ്ങൾ പ്രതിരോധത്തിൽനിന്ന് ആക്രമണ ശൈലിയിലേക്ക് മാറ്റാൻ ഇറാൻ തീരുമാനിച്ചതായി മുതിർന്ന സൈനിക ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
സൈപ്രസിലെ ബ്രിട്ടീഷ് വ്യോമതാവളവും തെക്കുകിഴക്കൻ യൂറോപ്പിലെ ബൾഗേറിയയിലുള്ള ബെസ്മർ എയർ ബേസുമാണ് ഇറാൻ്റെ പ്രധാന ലക്ഷ്യങ്ങൾ. സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിൽ ഈ വർഷം മാർച്ചിൽ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ മാസം അമേരിക്കൻ വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനും സൈനിക പ്രവർത്തനങ്ങൾക്കും അനുമതി നൽകിയതിനാലാണ് ബൾഗേറിയയും ഇറാൻ്റെ പ്രതികാരപ്പട്ടികയിൽ ഇടംപിടിച്ചത്.
ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണത്തെച്ചൊല്ലിയുള്ള തർക്കങ്ങളും സമാധാന ചർച്ചകൾ വഴിമുട്ടിയതുമാണ് നിലവിലെ പ്രകോപനത്തിന് കാരണമെന്നാണ് സൂചന. ഹോർമുസ് കടലിടുക്ക് അമേരിക്കയുടെ പുതിയ ഭൂപ്രദേശമാണെന്ന് അവകാശപ്പെട്ട് ട്രംപ് മാപ്പ് പങ്കുവെച്ചത് ഇറാനെ ചൊടിപ്പിച്ചിരുന്നു. ഇതിനുപുറമെ, യുഎൻ അംഗീകരിച്ച ഒമാൻ റൂട്ടിലൂടെ കപ്പലുകൾ സഞ്ചരിക്കുന്നതിനാൽ ഹോർമുസ് കടലിടുക്കിന് മേലുള്ള ഇറാൻ്റെ സ്വാധീനം കുറഞ്ഞുവരികയാണെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഉപരോധം നീക്കുന്നതുൾപ്പെടെയുള്ള തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കുന്നതുവരെ കടലിടുക്കുവഴി കപ്പൽ ഗതാഗതം അനുവദിക്കില്ലെന്ന് ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് ആവർത്തിച്ചിട്ടുണ്ട്.
Content Highlights: Iran threatens to attack US military bases in Europe if Donald Trump escalates the war in the Middle East., Cyprus British air base and Bulgaria's Bezmer Air Base are among Iran's primary targets., Tensions have spiked over control of the Strait of Hormuz and stalled peace talks., Iran's parliament speaker states maritime traffic will remain blocked until sanctions are lifted.