യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയോട് സഹായമഭ്യർഥിച്ച് ഇറാൻ; സമാധാനം വിജയംകാണുമെന്ന് മോദി

കിർഗിസ്താൻ: പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇന്ത്യയുടെ സഹായം അഭ്യർഥിച്ച് ഇറാൻ. കിർഗിസ്താനിൽ നടന്ന ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയുടെയും ഷാങ്ഹായ് പ്ലസ് യോഗത്തിന്റെയും അനുബന്ധമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുംതമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് ഇറാൻ ആവശ്യമുന്നയിച്ചത്.
സമാധാനം സ്ഥാപിക്കുന്നതിനായി ഇന്ത്യയുടെ അന്താരാഷ്ട്ര ബന്ധങ്ങൾ പ്രയോജനപ്പെടുത്തി മറ്റ് കക്ഷികളെ യുദ്ധത്തിൽനിന്ന് പിന്തിരിപ്പിക്കാൻ മുൻകൈ എടുക്കണമെന്ന് മസൂദ് പെസഷ്കിയാൻ നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. യുഎസുമായുള്ള യുദ്ധത്തിൽ തങ്ങളെ പിന്തുണച്ചതിന് ഇറാൻ പ്രസിഡന്റ് ഇന്ത്യയ്ക്ക് പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.
നയതന്ത്ര ചർച്ചകൾക്ക് വഴിതേടുന്നതിന് പകരം, യുദ്ധത്തിന്റെയും സമ്മർദത്തിന്റെയും വഴിയാണ് അമേരിക്ക തിരഞ്ഞെടുക്കുന്നതെന്ന് പെസഷ്കിയാൻ വിമർശിച്ചു. യുഎസിലെ ചില പ്രത്യേക താല്പര്യക്കാരായ ഗ്രൂപ്പുകളാണ് സംഘർഷം നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതെന്നും എന്നാൽ, സമാധാന ശക്തികളെ ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ സമാധാനം കൈവരിക്കാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
യുഎസിന്റെയും ഇസ്രയേലിന്റെയും ഭാഗത്തുനിന്ന് കടുത്ത ഉപരോധങ്ങളും നിയന്ത്രണങ്ങളും നേരിടുന്നുണ്ടെങ്കിലും ഇന്ത്യയുമായുള്ള ബന്ധം എല്ലാ മേഖലകളിലും വികസിപ്പിക്കാൻ ഇറാൻ തയ്യാറാണെന്നും പെസഷ്കിയാൻ അറിയിച്ചു. ഗതാഗതം, സമുദ്രഗതാഗതം, ഹോർമുസ് കടലിടുക്കിലെ സുരക്ഷ എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
ഇറാന്റെ നിലപാടുകളെയും പ്രസിഡന്റിന്റെ വ്യക്തിത്വത്തെയും മോദി അഭിനന്ദിച്ചു. പ്രതിസന്ധി ഘട്ടത്തിലും ഇറാനുമായുള്ള ബന്ധവും ആശയവിനിമയവും നിലനിർത്താൻ ഇന്ത്യ ശ്രമിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. യുദ്ധത്തിൽ താല്പര്യം കണ്ടെത്തുന്ന ചില ശക്തികൾ ഉണ്ടെന്ന പെസഷ്കിയാന്റെ നിരീക്ഷണത്തോട് മോദി യോജിച്ചു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കണമെന്നും അന്തിമമായി സമാധാനംതന്നെ വിജയം കാണുമെന്നും മോദി പറഞ്ഞു.
Content Highlights: Iran requests PM Modi's diplomatic intervention to restore peace amid escalating US tensions., Meeting took place on the sidelines of the SCO summit in Kyrgyzstan., Iran President Masoud Pezeshkian criticized US military pressure and thanked India for its support., Bilateral discussions covered transport, maritime affairs, and security in the Strait of Hormuz.