'യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടണം'; സഹായം തേടി ഇറാന്‍ വിദേശകാര്യ മന്ത്രി യൂറോപ്പിലേക്ക്

ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി
ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി

ടെഹ്‌റാന്‍: ഇസ്രയേലുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ഇടപെടലിന് സഹായം തേടി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി യൂറോപ്പിലേക്ക്. വെള്ളിയാഴ്ച ജനീവയില്‍ യൂറോപ്യന്‍ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

ഇസ്രായേലിന്റെ ആക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമ്മര്‍ദ്ദം ചെലുത്താന്‍ യൂറോപ്യന്‍ നേതാക്കള്‍ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ യാത്രയെന്ന് അധികൃതരെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

പ്രധാന യൂറോപ്യന്‍ ശക്തികളായ ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടന്‍ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും യൂറോപ്യന്‍ യൂണിയന്റെ ഉന്നത നയതന്ത്രജ്ഞരുമായും ജനീവയില്‍ അബ്ബാസ് അരാഗ്ചി ചര്‍ച്ച നടത്തിയേക്കും. ആണവ പദ്ധതിയില്‍ ഇറാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നാണ് വിവരം.

'ആണവ സമ്പുഷ്ടീകരണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്യുന്നതില്‍ ഇറാന് അയവുള്ള സമീപനം ഉണ്ടായിട്ടുണ്ട്' ടെഹ്റാന്‍ സര്‍വകലാശാലയിലെ അന്താരാഷ്ട്ര ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രൊഫസറായ ഫോദ് ഇസാദി പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഭരണമാറ്റംവേണമെന്ന ഇസ്രയേലിന്റെ ആവശ്യം അംഗീകരിക്കില്ലെന്നാണ് ഇറാന്റെ നിലപാട്.

ഇറാനെതിരായ ഇസ്രായേലി ആക്രമണത്തെ നേരത്തെ പിന്തുണച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ ഇപ്പോള്‍ സംഘര്‍ഷം കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇറാന്‍ വിദേശകാര്യ മന്ത്രി യൂറോപ്പിലേക്ക് തിരിക്കുന്നത്.

ഇറാനുമായി നേരത്തെയുണ്ടാക്കിയ ആണവ കരാറില്‍ യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെട്ടിരുന്നു. ഒരുഭാഗത്ത് സംഘര്‍ഷം ലഘൂകരിക്കാനുള്ള നീക്കങ്ങള്‍ ഇറാന്‍ നടത്തുമ്പോഴും ആക്രമണം അവസാനിപ്പിച്ചിട്ടില്ല. 
വ്യാഴാഴ്ച രാവിലെ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ ബീര്‍ബെഷയിലെ സൊറോക മെഡിക്കല്‍ സെന്റര്‍ തകര്‍ന്നു. തെക്കന്‍ ഇസ്രയേലിലെ ഏറ്റവുംവലിയ ആശുപത്രിയാണിത്. ആക്രമണത്തില്‍ 32 പേര്‍ക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. ഇതിന് പിന്നാലെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയെ വധിക്കുമെന്ന പ്രതിജ്ഞ എടുത്തിരിക്കുകയാണ് ഇസ്രയേല്‍. ഇതിനിടെ ഇറാനെ ആക്രമിച്ചുകൊണ്ട് ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ നേരിട്ട് കക്ഷിചേരാനുള്ള പദ്ധതിക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 24 മണിക്കൂറിനകം അനുമതി നല്‍കുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
 

Content Highlights: Iran’s FM to appeal to UK, France and Germany for help in stopping the fighting