പ്രതികാരത്തിന്റെ അടയാളം; ജംകരാൻ പള്ളിയിൽ ചുവന്ന കൊടി ഉയർത്തി ഇറാൻ, വരുന്നത് കനത്ത ആക്രമണമോ?

ടെഹ്‌റാൻ: ഇസ്രയേലിന്റേയും അമേരിക്കയുടേയും സംയുക്ത ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന സൂചന നൽകി ഇറാൻ. ഖ്വാമിലെ ജംകരാൻ പള്ളിയുടെ മിനാരത്തിൽ ഇറാൻ ചുവന്ന കൊടി ഉയർത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പള്ളി മിനാരത്തിൽ ചെങ്കൊടി ഉയർത്തുന്നതിന്റെ വീഡിയോ ഞായറാഴ്ച പുറത്തുവന്നു. ജംകരാൻ പള്ളിയുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. അമേരിക്കൻ-സയണിസ്റ്റ് കുറ്റവാളികളോട് പ്രതികാരം ചെയ്യും എന്നാണ് വീഡിയോയ്‌ക്കൊപ്പം കുറിച്ചത്.
പ്രതികാരത്തിന്റേയും ക്രോധത്തിന്റേയും അടയാളമായാണ് പള്ളിമിനാരത്തിന് മുകളിൽ ചെങ്കൊടി ഉയർത്തുന്നത്. ഷിയാ പാരമ്പര്യം അനുസരിച്ച് ചിന്തിയ ചോരയ്ക്ക് പകരം ചോദിക്കുമെന്നതിന്റെ മതപരവും സൈനികവുമായ പ്രതീകമാണ് ചുവന്ന പതാക. പരമോന്നത നേതാവിന്റെ രക്തത്തിന് പകരം ചോദിക്കാൻ ശക്തമായ ആക്രമണത്തിനാണ് ഇറാൻ ഒരുങ്ങുന്നത് എന്നാണ് വിലയിരുത്തൽ.
നേരത്തേയും ഖ്വാമിലെ ജംകരാൻ പള്ളിയിൽ പ്രതികാരത്തിന്റെ പതാക ഉയർത്തിയ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ ഇസ്രയേൽ ഇറാനെ ആക്രമിച്ചപ്പോഴും ചെങ്കൊടി ഉയർത്തിയിരുന്നു. അതിന് മുമ്പ് 2024 ജൂലായിൽ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ ടെഹ്‌റാനിൽ വെച്ച് ഇസ്രയേൽ വധിച്ചപ്പോഴും 2024 ഏപ്രിലിൽ ഇസ്രയേലുമായുള്ള സംഘർഷത്തിനിടയിലും ജംകരാൻ പള്ളിയിൽ ചെമ്പതാക ഉയർന്നിരുന്നു. 2020 ജനുവരിയിലാണ് ഇറാൻ ആദ്യമായി പ്രതികാരത്തിന്റെ പതാക ഉയർത്തിയത്. ജനറൽ ഖാസിം സൊലൈമാനിയെ യുഎസ് ഡ്രോൺ ആക്രമണത്തിൽ വധിച്ചപ്പോഴായിരുന്നു ഇത്.
ഇമാം ഹുസൈന്റെ രക്തസാക്ഷിത്വത്തിന്റെ ദുഃഖാചരണമായി എല്ലാവർഷവും മുഹറത്തോടനുബന്ധിച്ച് പത്ത് ദിവസം ചുവന്ന പതാക ഉയർത്തുന്ന പതിവ് ഇറാനിലുണ്ട്. 'യാ ലാ തരത് അൽ ഹുസൈൻ' എന്ന് രേഖപ്പെടുത്തിയ ചുവന്ന പതാകയാണ് പ്രതികാരത്തിന്റെ അടയാളമായി ഇറാൻ ഉയർത്തുന്നത്. 'ഹുസൈനു വേണ്ടി പ്രതികാരം ചെയ്യുന്നവരേ' എന്നാണ് ഇതിന്റെ അർഥം.
Content Highlights: Iran raised the red flag of vengeance at the Jamkaran Mosque in Qom following reports of Ayatollah Ali Khamenei's death in a US-Israel attack. The flag symbolizes a religious and military vow to avenge spilled blood according to Shia tradition.