ഇറാന്‍റെ ആണവശേഷി നശിപ്പിച്ചിട്ടില്ലെന്ന് രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്; പാടെ തള്ളി ട്രംപ്

വാഷിങ്ടണ്‍: ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്കുനേരെ യു.എസ്.നടത്തിയ വ്യോമാക്രമണങ്ങള്‍ ഇറാന്റെ ആണവശേഷി നശിപ്പിച്ചില്ലെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇറാന്റെ ആണവ പദ്ധതികളെ ദുര്‍ബലമാക്കുക മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ആണവ പദ്ധതികളെ ഏതാനും മാസത്തേക്ക് വൈകിപ്പിക്കാന്‍ മാത്രമേ സാധിച്ചിട്ടുള്ളുവെന്നാണ് റിപ്പോർട്ട്.
യുഎസ് പ്രസിഡന്റിന്റെ മധ്യസ്ഥതയില്‍ ഇറാനും ഇസ്രയേലിനും ഇടയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനിടയിലാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. ഇറാന്റെ ഭൂഗര്‍ഭ ആണവകേന്ദ്രങ്ങളില്‍ നടത്തിയ ബോംബാക്രമണത്തെ തുടര്‍ന്ന് ഇറാനിലെ ആണവപദ്ധതിയെ 'തുടച്ചുനീക്കി' എന്ന് ട്രംപ് പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ ട്രംപിന്റെ ഈ അവകാശവാദത്തിന് വിരുദ്ധമാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ വിലയിരുത്തലെന്ന് വിഷയവുമായി ബന്ധമുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
ഇറാന്റെ യുറേനിയം ശേഖരം നശിപ്പിക്കപ്പെട്ടിട്ടില്ലെന്നും ശേഖരത്തിന്റെ ഭൂരിഭാഗം ഭൂമിക്കടിയില്‍ ആഴത്തില്‍ കുഴിച്ചിട്ടിരിക്കുകയാണെന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനമെന്നാണ് ലഭ്യമായ സൂചന. തങ്ങളുടെ ആണവഗവേഷണം സാധാരണ ഊര്‍ജ ഉത്പാദനത്തിന് വേണ്ടിയാണെന്നാണ് ഇറാന്‍ പറയുന്നത്. ആണവകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന ഭൂഗര്‍ഭ കെട്ടിടങ്ങള്‍ തകര്‍ന്നിട്ടില്ലെന്നാണ് പ്രതിരോധ രഹസ്യാന്വേഷണ ഏജന്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍. ആക്രമണങ്ങള്‍ക്ക് ശേഷവും ചില സെന്‍ട്രിഫ്യൂജുകള്‍ക്ക് കേടുപാടുകള്‍ കൂടാതെ നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയാവുന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിനെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈറ്റ് ഹൗസും പാടെ നിഷേധിച്ചു. ഇറാനിലെ ആണവ പദ്ധതി 'പൂര്‍ണ്ണമായും നശിപ്പിച്ചു' എന്ന ട്രംപ് ഭരണകൂടത്തിന്റെ അവകാശവാദത്തെ ഈ റിപ്പോര്‍ട്ട് സംശയം ജനിപ്പിക്കുന്നു. യുഎസ് വ്യോമാക്രമണങ്ങളില്‍ ഫൊര്‍ദോയിലുള്ള ആണവകേന്ദ്രം പൂര്‍ണ്ണമായും നശിപ്പിച്ചു എന്ന് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെട്ടിരുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍'പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു' എന്ന മുന്‍ വാദത്തിന് വിപരീതമായി യുഎസിന്റെ ആക്രമണങ്ങള്‍ ഇറാന്റെ ആണവ പദ്ധതിയെ 'ദുര്‍ബലപ്പെടുത്തി' എന്നാണ് ട്രംപ് ഭരണകൂടം ചൊവ്വാഴ്ച ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയെ അറിയിച്ചത്.
അതേസമയം രഹസ്യാന്വേഷണ റിപ്പോർട്ടിനെപ്പറ്റി വന്ന മാധ്യമവാർത്തകളൊക്കെ വ്യാജമാണെന്നാണ് ട്രംപിന്റെ പ്രതികരണം. ചരിത്രത്തിലെ ഏറ്റവും വിജയകരമായ സൈനിക നടപടികളിലൊന്നിനെ താഴ്ത്തിക്കെട്ടാനുള്ള ശ്രമത്തില്‍ പ്രമുഖമാധ്യമങ്ങള്‍ കൈകോര്‍ത്തിരിക്കുകയാണെന്നും ആ മാധ്യമങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് ശക്തമായ വിമര്‍ശനം നേരിടുകയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെ ട്രംപ് പ്രതികരിച്ചു. 'ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു!' എന്നും അദ്ദേഹം കുറിച്ചു.
തികച്ചും തെറ്റായ റിപ്പോര്‍ട്ട് എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പ്രസ്താവനയില്‍ പ്രതികരിച്ചു. റിപ്പോര്‍ട്ട് ചോര്‍ത്തിയത് പ്രസിഡന്റ് ട്രംപിനെയും വിജയകരമായി ദൗത്യം നിര്‍വ്വഹിച്ച ധീരരായ യുദ്ധവിമാന പൈലറ്റുമാരെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് ലീവിറ്റ് പറഞ്ഞു. 30,000 പൗണ്ട് ഭാരമുള്ള പതിന്നാല് ബോംബുകള്‍ ലക്ഷ്യസ്ഥാനങ്ങളില്‍ കൃത്യമായി വര്‍ഷിക്കുമ്പോള്‍ പൂര്‍ണ്ണമായ നാശം സംഭവിക്കുമെന്ന കാര്യം എല്ലാവര്‍ക്കും അറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സിഐഎയോ ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് ഓഫീസോ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിച്ചില്ല.
Content Highlights: US intel contradicting Trump`s claims on recent airstrikes on Iranian nuclear facilities