തിരിച്ചടിച്ച് ഇറാൻ, ഇസ്രയേലിലേക്ക് തൊടുത്തത് 75 മിസെെലുകൾ, പ്രത്യാക്രമണം സ്ഥിരീകരിച്ച് ഐഡിഎഫ്

#ന്യൂസ് ഡെസ്ക്
ബെഞ്ചമിൻ നെതന്യാഹു,  അയത്തുള്ള ഖമേ | Photo: PTI
ബെഞ്ചമിൻ നെതന്യാഹു, അയത്തുള്ള ഖമേ | Photo: PTI

ടെൽ അവീവ്: ഇസ്രയേലിന് നേരെ ഇറാന്റെ ഭാഗത്തുനിന്ന് പ്രത്യാക്രമണം ഉണ്ടായതായി സ്ഥിരീകരിച്ച് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്). ഇറാൻ്റെ 75 മിസൈലുകൾ ഇസ്രായേലിലേക്കെത്തിയതായും ഇറാന്റെ മിസൈൽ ആക്രമണത്തെ പ്രതിരോധിക്കാനുള്ള നടപടികൾ ഇസ്രയേൽ സേന നിലവിൽ സ്വീകരിച്ചു വരികയാണെന്നും ഐഡിഎഫ് വ്യക്തമാക്കി.

പ്രത്യാക്രമണം ഉണ്ടായതിനെത്തുടർന്ന് രാജ്യത്ത് സൈറൺ മുഴക്കി ജാഗ്രതാ നിർദേശം നൽകിയതായി ഐഡിഎഫ് പറഞ്ഞു. എന്നാൽ ഇറാൻ്റെ മിസൈൽ ഇസ്രയേലിൽ പതിച്ചോ എന്നതുസംബന്ധിച്ച സ്ഥിരീകരണമുണ്ടായിട്ടില്ല.

ഇസ്ഫാൻ, ഹോം, കരാജ്, കർമനാഷ, ടെഹ്റാൻ എന്നീ ഇറാൻ നഗരങ്ങളിലാണ് ഇസ്രയേൽ ആക്രമണങ്ങൾ നടത്തിയത്. ഇതിന് മറുപടിയായാണ് ഇറാൻ ഇപ്പോൾ പ്രത്യാക്രമണം നടത്തിയിരിക്കുന്നത്. 

ദീർഘദൂര പരിധിയുള്ള മിസൈലുകളുടെ ശേഖരമാണ് ഇറാന്റെ ഏറ്റവും വലിയ കരുത്ത്. ആകാശത്തുനിന്ന് വിക്ഷേപിക്കാവുന്ന ഇത്തരം മിസൈലുകൾ ഇറാന്റെ സൈനിക ശേഷിയുടെ അടയാളമാണ്. ഇറാന്റെ ഈ മിസൈൽ സംവിധാനങ്ങളെ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ ഇറങ്ങരുതെന്നും സുരക്ഷിതമായ ഇടങ്ങളിലേക്കോ ബങ്കറുകളിലേക്കോ മാറണമെന്നും ഐഡിഎഫ് പൗരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, സംഘർഷം മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നതായാണ് റിപ്പോർട്ടുകൾ. ബഹ്‌റൈനിൽ സ്ഫോടന ശബ്ദം കേട്ടതായി അൽ അറേബ്യ റിപ്പോർട്ട് ചെയ്യുന്നു. ബഹ്‌റൈനിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചാണോ ആക്രമണം ഉണ്ടായതെന്ന് സംശയിക്കുന്നുണ്ട്. 

Content Highlights: IDF officially confirms Iran's retaliatory missile attack on Israel., Israel's defense systems are actively working to intercept the missiles., The attack is a response to recent Israeli strikes on locations within Iran., High alert issued for civilianS.