പ്രത്യാക്രമണം തുടങ്ങി ഇറാന്‍; നൂറോളം ഡ്രോണുകള്‍ വിക്ഷേപിച്ചു, പ്രതിരോധിക്കുമെന്ന് ഇസ്രയേല്‍

ടെഹ്‌റാന്‍/ടെല്‍ അവീവ്: കനത്ത നാശംവിതച്ച ഇസ്രയേല്‍ ആക്രമണത്തിന് പ്രതികാരമായി പ്രത്യാക്രമണം തുടങ്ങി ഇറാന്‍. ഇസ്രയേല്‍ ലക്ഷ്യമിട്ട് നൂറോളം ഡ്രോണുകള്‍ ഇറാന്‍ വിക്ഷേപിച്ചതായാണ് വിവരം. ഡ്രോണുകള്‍ ആകാശത്തുവെച്ച് തന്നെ തകര്‍ക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.
ഇറാനില്‍ നിന്ന് വിക്ഷേപിക്കുന്ന ഡ്രോണുകള്‍ ഇസ്രയേലിലെത്താന്‍ ഏഴ് മണിക്കൂറോളം എടുക്കുമെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന കണക്കാക്കുന്നത്. വഴിയില്‍ തകര്‍ക്കപ്പെട്ടില്ലെങ്കില്‍ അടുത്ത ഒന്ന് രണ്ട് മണിക്കൂറിനകം ഇസ്രയേല്‍ പരിധിയിലെത്തും. അത് തകര്‍ക്കുമെന്നും ഐഡിഎഫ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രിയിലാണ് ഇസ്രയേല്‍ ഇറാനില്‍ ആക്രമണം നടത്തിയത്. ഉന്നത സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പ്രത്യാക്രമണം വളരെ വലുതായിരിക്കുമെന്നാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ഇതിനിടെ ഇസ്രായേലിലെ എംബസി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സുരക്ഷിത സ്ഥാനങ്ങളില്‍ തുടരാന്‍ യുഎസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Content Highlights: Over 100 drones launched by Iran at Israel in last few hours, IDF working to shoot them down