ഇറാനിൽ ആക്രമണം നടത്തിയത് 50 യുദ്ധവിമാനങ്ങൾ; ഇസ്രയേലിൽ മിസൈലും ഡ്രോണുകളും വർഷിച്ച് ഇറാന്റെ തിരിച്ചടി

ഇസ്രായേലിൽ ഇറാന നടത്തിയ മിസൈൽ ആക്രമണം | Photo: AFP
ഇസ്രായേലിൽ ഇറാന നടത്തിയ മിസൈൽ ആക്രമണം | Photo: AFP

ടെഹ്റാൻ: ഇസ്രായേൽ-ഇറാൻ സംഘർഷം തുടരുന്നു. ഇറാൻ വ്യോമതാവളങ്ങൾ ആക്രമിച്ചതിന് പിന്നാലെ ഇറാൻ തിരിച്ചടിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലിന്റെ നിരവധി ഭാഗങ്ങളിലേക്ക് ഇറാൻ മിസൈലുകളും ഡ്രോണുകളും അയച്ചു. വിവിധ നഗരങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടിൽ പറയുന്നു. 

തിങ്കളാഴ്ച ടെഹ്റാനിലെ വ്യോമതാവളങ്ങൾ ഇസ്രായേൽ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ തിരിച്ചടിച്ചത്. 50-ലേറെ ഫൈറ്റർ ജെറ്റുകൾ ഉപയോഗിച്ചായിരുന്നു തങ്ങളുടെ ആക്രമണമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഇറാനിലെ ആറ് വിമാനത്താവളങ്ങളിൽ ആക്രമണം നടത്തിയെന്നാണ് ഇസ്രയേൽ നേരത്തെ അവകാശപ്പെട്ടത്. പതിനഞ്ചിലേറെ വ്യോമസേനാ വിമാനങ്ങൾ നശിപ്പിച്ചെന്നും ഐഡിഎഫ് അവകാശവാദം ഉന്നയിച്ചിരുന്നു. 

അതേസമയം, അവസാനംവരെ പോരാടാൻ തങ്ങൾ തയ്യാറാണെന്ന് ഇറാൻ മന്ത്രി പറഞ്ഞു. ആവശ്യമുള്ള കാലത്തോളം യുദ്ധം തുടരാൻ ഇറാൻ തയ്യാറാണ്. ഇസ്രയേലിന്റെ വീണ്ടുവിചാരമില്ലാത്ത പ്രവർത്തനങ്ങൾ തടയാൻ ഇറാൻ പ്രവർത്തിക്കുന്നുണ്ടെന്നും ഇറാൻ വിദ്യാഭ്യാസ, ഗവേഷണ വിദേശകാര്യസഹമന്ത്രി സയീദ് ഖതിബ്സാദെ പറഞ്ഞതായി അൽജസീറ റിപ്പോർട്ട് ചെയ്തു. 'ഞങ്ങൾ തുടരും... അവസാനംവരെ പോകാൻ ഞങ്ങൾ തയ്യാറാണ്', സയീദ് ഖതിബ്സാദ പറഞ്ഞു. 1980-88 കാലത്തെ ഇറാൻ-ഇറാഖ് യുദ്ധം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇതുവരെ 13 കുട്ടികൾ കൊല്ലപ്പെട്ടതായി ഇറാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ രണ്ട് മാസം പ്രായമുള്ള കുട്ടിയും ഉൾപ്പെടുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 44 സ്ത്രീകൾ കൊല്ലപ്പെട്ടു. ഇതിൽ രണ്ടുപേർ ഗർഭിണികളായിരുന്നു. സംഘർഷം ആരംഭിച്ചതിന് ശേഷം ഇതുവരെ 400-ൽ അധികം ആളുകൾ കൊല്ലപ്പെട്ടു. 3045 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇറാൻ ആരോഗ്യമന്ത്രാല പബ്ലിക് റിലേഷൻ തലവൻ ഹൊസൈൻ കെർമൻപോർ അറിയിച്ചു. ഇതിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ, ഇറാഖിലെ എണ്ണക്കമ്പനിയിൽനിന്ന് വിദേശ ജീവനക്കാരെ ഒഴിപ്പിക്കുന്നതായും റിപ്പോർട്ടുണ്ട്. ഇറാഖി എണ്ണപ്പാടങ്ങളിൽ പ്രവർത്തിക്കുന്ന എനി, ബിപി, ടോട്ടൽ എനർജീസ് ഉടമസ്ഥതയിലുള്ള കമ്പനികൾ നിരവധി വിദേശ ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചതായി ഇറാഖിലെ സർക്കാർ ഉടമസ്ഥതയിലുള്ള ബസ്ര ഓയിൽ കമ്പനി പ്രസ്താവനയിൽ അറിയിച്ചു. 

ജീവനക്കാരെ ഒഴിപ്പിക്കുന്നത് പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്നും പ്രതിദിനം ശരാശരി 3.32 ദശലക്ഷം ബാരൽ കയറ്റുമതി നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ് റിപ്പോർട്ട് ചെയ്യുന്നു.

Content Highlights: The Latest Developments in the Israel-Iran Conflict and the Potential for Further Escalation