‘ഹോർമുസിൽനിന്ന് ദൂരെപ്പോകൂ..’; യുഎസ് യുദ്ധക്കപ്പലിനെ തുരത്തിയെന്ന അവകാശവാദവുമായി ഇറാൻ; വീഡിയോ

#ന്യൂസ് ഡെസ്ക്
ഇറാൻ പുറത്തുവിട്ട ദൃശ്യങ്ങളിൽനിന്ന് | Image courtesy: https://x.com/IRANinBULGARIA/status/2043311017111781497
ഇറാൻ പുറത്തുവിട്ട ദൃശ്യങ്ങളിൽനിന്ന് | Image courtesy: https://x.com/IRANinBULGARIA/status/2043311017111781497

ടെഹ്‌റാൻ: യുഎസ് യുദ്ധക്കപ്പലിന് മുന്നറിയിപ്പ് നൽകുകയും ഹോർമുസ് കടലിടുക്കിൽനിന്ന് പിന്നാക്കം പോകാൻ നിർബന്ധിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് ഇറാൻ. ഇസ്ലാമാബാദിൽ നടന്ന യുഎസ്-ഇറാൻ നയതന്ത്ര ചർച്ച തീരുമാനമാകാതെ പിരിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ വിവിധ മാധ്യമങ്ങൾ ഈ വീഡിയോ പുറത്തുവിട്ടത്. പിന്നാലെ വിവിധ രാജ്യങ്ങളിലെ ഇറാന്റെ എംബസികളും ദൃശ്യങ്ങൾ പങ്കുവെച്ചു. ശനിയാഴ്ചത്തേതാണ് ദൃശ്യങ്ങളെന്നാണ് ഇറാൻ പറയുന്നത്. എന്നാൽ, ഇക്കാര്യത്തിൽ അമേരിക്കയുടെ ഭാഗത്തുനിന്ന് സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

ഒരുമിനിറ്റിലേറെ ദൈർഘ്യമുള്ള വീഡിയോയാണ് ഇറാന്റെ വാർത്താമാധ്യമങ്ങൾ പുറത്തുവിട്ടത്. യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലായ 121-ക്ക് ഐആർജിസി (ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ) പ്രതിനിധി മുന്നറിയിപ്പ് നൽകുന്നതാണ് വീഡിയോയിലുള്ളത്. 'ഇത് സെപാ നാവിക സ്റ്റേഷനാണ്. നിങ്ങൾ ദിശമാറ്റുകയും ഉടൻ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് മടങ്ങിപ്പോവുകയും വേണം. നിങ്ങൾ എന്റെ ആജ്ഞ അനുസരിക്കാത്തപക്ഷം ആക്രമണം നടത്തും’ എന്ന് ഐആർജിസി പ്രതിനിധി പറയുന്നു. ഇതിനുള്ള മറുപടിയായി ഒരു സ്ത്രീയുടെ ശബ്ദവും വീഡിയോയിൽ കേൾക്കാം. 'ഇത് 121 സൈനിക സഖ്യ യുദ്ധക്കപ്പലാണ്. അന്താരാഷ്ട്ര നിയമം അനുസരിച്ചാണ് നീങ്ങുന്നത്. നിങ്ങൾക്ക് യാതൊരു വെല്ലുവിളിയുമില്ല’ എന്നാണ് അവർ പറയുന്നത്.

പിന്നാലെ ഐആർജിസി പ്രതിനിധി ഇതിന് മറുപടി നൽകുന്നുണ്ട്. 'അവസാന മുന്നറിയിപ്പ്, അവസാന മുന്നറിയിപ്പ്, അവസാന മുന്നറിയിപ്പ്... ഒമാൻ കടലിലെ എല്ലാ കപ്പലുകളുടെയും ശ്രദ്ധയ്ക്ക്. ഇത് ഇറാന്റെ സെപാ നാവികസേനയാണ്. നിങ്ങൾ നിങ്ങളുടെ പരിസരത്തായി ഏതെങ്കിലും യുദ്ധക്കപ്പലുകൾ കാണുന്നുണ്ടെങ്കിൽ, അവയിൽനിന്ന് പത്ത് മൈലിൽ അധികം അകന്നുനിൽക്കുക. മുന്നറിയിപ്പൊന്നുമില്ലാതെ അവയ്ക്കു നേരെ വെടിയുതിർക്കും, എന്ന് ഐആർജിസി പ്രതിനിധി പറയുന്നു.

Content Highlights: Iran claims to have forced a US warship to retreat from the Strait of Hormuz., A 64-second video was released by Iranian media showing the naval warning exchange., The incident follows failed diplomatic talks between the US and Iran in 2026., No official confirmation from the US military regarding the reported confrontation.