ഹോർമുസിൽ ‘എക്സ്ക്ലൂഷൻ സോൺ’ ഏർപ്പെടുത്താൻ ഇറാൻ; കപ്പലുകൾ ഉപരോധപട്ടികയിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണി

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപം പുതിയ ‘വിലക്ക് മേഖല’ (എക്സ്ക്ലൂഷൻ സോൺ) ഏർപ്പെടുത്താൻ ഇറാൻ ഒരുങ്ങുന്നു. തന്ത്രപ്രധാനമായ ഈ സമുദ്രമേഖലയിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന കപ്പലുകളെ തിരിച്ചറിഞ്ഞ് ഉപരോധം ഏർപ്പെടുത്തുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിന്റെ തലവനായി ചുമതലയേറ്റ മൊഹ്സെൻ റെസായ്യാണ് ഇറാൻ സ്റ്റേറ്റ് ടെലിവിഷനിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്.
പുതിയ മേഖലയുടെ വിശദാംശങ്ങൾ വരുംദിവസങ്ങളിൽ ഔദ്യോഗികമായി പുറത്തുവിടുമെന്ന് മൊഹ്സെൻ റെസായ്യ് പറഞ്ഞു. അമേരിക്കൻ നാവികസേനയുടെ ഉപരോധ അതിർത്തിയിൽനിന്ന് തുടങ്ങി ഹോർമുസ് കടലിടുക്കിലേക്കും അവിടെനിന്ന് പേർഷ്യൻ ഉൾക്കടലിലേക്കും നീളുന്നതായിരിക്കും നിർദിഷ്ട നിയന്ത്രണ മേഖലയെന്ന് റെസായ്യ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് കടന്നുപോകാൻ ലക്ഷ്യമിട്ട് ഈ മേഖലയിൽ പ്രവേശിക്കുന്ന ഏത് കപ്പലിനെയും തിരിച്ചറിഞ്ഞാൽ ഉടൻ അവയെ ഞങ്ങളുടെ ഉപരോധപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയും ഇറാനും തമ്മിലുള്ള സാമ്പത്തിക-സൈനിക സംഘർഷം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ പ്രഖ്യാപനം. എന്നാൽ, റെസായ്യ് പരാമർശിച്ച അമേരിക്കൻ ഉപരോധ അതിർത്തിയുടെ കൃത്യമായ ഭൂമിശാസ്ത്ര അതിർത്തികൾ വ്യക്തമല്ല. നിലവിലെ സംഘർഷത്തിൽ ഹോർമുസ് കടലിടുക്കിൽ മേധാവിത്വം സ്ഥാപിക്കുകയെന്നത് ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ തന്ത്രമായി തുടരുന്ന പശ്ചാത്തലത്തിലാണ് പുതിയ പ്രഖ്യാപനം.
ഇതിനിടെ പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള അടിയും തിരിച്ചടിയും തുടരുകയാണ്. ഇറാനുമായി ബന്ധമുള്ള രണ്ട് എണ്ണക്കപ്പലുകൾ തങ്ങൾ ‘പൂർണമായും പ്രവർത്തനരഹിതമാക്കി’യെന്നും ഗൾഫ് ഓഫ് ഒമാനിൽ മറ്റൊരു കപ്പൽ തകർത്തെന്നും യു.എസ്. സൈന്യം സ്ഥിരീകരിച്ചു. ഇറാന്റെ തന്ത്രപ്രധാന എണ്ണകയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിനുസമീപത്താണ് ഒരു കപ്പൽ ആക്രമിച്ചത്. യു.എസിന്റെ ആക്രമണം ഇറാന്റെ ഔദ്യോഗികമാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിന് പിന്നാലെ ഇറാനും പ്രത്യാക്രമണം ശക്തമാക്കി. യു.എസുമായി ബന്ധമുള്ള മൂന്ന് കപ്പലുകളും ഹോർമുസ് കടലിടുക്കിലൂടെ അനധികൃത പാതയിൽ സഞ്ചരിച്ച മൂന്ന് എണ്ണക്കപ്പലുകളും ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ശനിയാഴ്ച നടന്ന ആക്രമണങ്ങളെക്കുറിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Content Highlights: Iran has announced plans to establish a new exclusion zone near the Strait of Hormuz to monitor and restrict vessel movements amid escalating military tensions with the United States.