വൃക്ക, കരൾ, വൃഷണം..; സാമ്പത്തിക പ്രതിസന്ധിക്കിടെ അവയവങ്ങൾ വിൽപനയ്ക്കുവെച്ച് ഇറാനിലെ ജനങ്ങൾ; കച്ചവടം ടെലഗ്രാമിൽ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ ഏറെക്കാലമായി തുടരുന്ന സംഘർഷങ്ങളും അമേരിക്കയുടെ ഉപരോധവും മൂലം ഇറാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. കടബാധ്യതകൾ തീർക്കാനും കുടുംബത്തിന്റെ ദൈനംദിന ജീവിതച്ചെലവുകൾ കണ്ടെത്താനും ജനങ്ങൾ സ്വന്തം ശരീരാവയവങ്ങളും രക്തവും വിൽപനയ്ക്കുവെച്ചിരിക്കുന്നതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

'ഇറാൻ ഇന്റർനാഷണൽ' നടത്തിയ അന്വേഷണത്തിലാണ് ടെലഗ്രാം ചാനലുകൾ വഴി നടക്കുന്ന അവയവ വിൽപ്പനയുടെ വിവരങ്ങൾ പുറത്തുവന്നത്. വൃക്ക, മജ്ജ, കരൾ തുടങ്ങി കണ്ണിന്റെ കോർണിയയും വൃഷണങ്ങൾപോലും വിൽപനയ്ക്കുവെച്ചതായാണ് ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൃക്ക വിൽപനയ്ക്കായി അഞ്ഞൂറോളം പരസ്യങ്ങളും മജ്ജ വിൽക്കാൻ 279 പരസ്യങ്ങളും കരൾ വിൽപനയ്ക്കായി 51 പരസ്യങ്ങളും കോർണിയയ്ക്കായി രണ്ട് പരസ്യങ്ങളും കണ്ടെത്തിയതായി ഇറാൻ ഇന്റർനാഷണൽ പുറത്തുവിട്ട കണക്കിൽ പറയുന്നു. 15 പരസ്യങ്ങളാണ് വൃഷണങ്ങളുടെ വിൽപനയ്ക്കായിട്ടുള്ളത്.

പരസ്യം നൽകുന്ന ചിലർക്ക് അവയവങ്ങളുടെ വിൽപനയേക്കുറിച്ചോ വിൽക്കുന്ന അവയവങ്ങളുടെ കൈമാറ്റത്തേക്കുറിച്ചോ ബോധ്യമില്ലെന്നും ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ അവയവമില്ലെങ്കിലും എനിക്ക് ജീവിക്കാൻ കഴിയും, സാമ്പത്തിക ബാധ്യതകളും പ്രശ്‌നങ്ങളും അത്രയും രൂക്ഷമായാണ് തന്നെയും കുടുംബത്തെയും ബാധിച്ചിരിക്കുന്നത് എന്നാണ് വൃഷണങ്ങൾ വിൽക്കാൻ തയ്യാറായ ഒരു വ്യക്തി പ്രതികരിച്ചത്.

മെയ് അവസാനംമുതൽ ഒക്ടോബർ അവസാനംവരെയുള്ള കാലയളവിൽ ഒരു ടെലഗ്രാം ചാനലിൽ പ്രത്യക്ഷപ്പെട്ട 600-ലധികം പരസ്യങ്ങളിൽ മൂന്നിലൊന്ന് ആളുകളും ഒന്നിലധികം അവയവങ്ങൾ വിൽക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ബിസിനസ്സ് തകർച്ച മൂലം കടക്കെണിയിലായവരും മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ ശ്രമിക്കുന്ന മാതാപിതാക്കളും വാടക നൽകാൻ ബുദ്ധിമുട്ടുന്ന അമ്മമാരുമൊക്കെയാണ് അവയവങ്ങൾ വിൽക്കാൻ പരസ്യം നൽകിയവരിൽ ഭൂരിഭാഗവും.

പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾക്ക് പുറമേ അമേരിക്ക ഏർപ്പെടുത്തിയ കടുത്ത സാമ്പത്തിക-നാവിക ഉപരോധങ്ങളാണ് സ്ഥിതിഗതികൾ വഷളാക്കിയത്. ഇത് ഇറാന്റെ എണ്ണവരുമാനത്തെയും അവശ്യവസ്തുക്കളുടെ ലഭ്യതയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇറാന് മേലുള്ള നാവിക ഉപരോധവും കടുത്ത സാമ്പത്തിക ഉപരോധങ്ങളും തുടരാൻ സാധ്യതയുണ്ടെന്നും വരുംമാസങ്ങളിൽ ഇറാന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ വഷളാകുമെന്നുമാണ് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിലയിരുത്തുന്നത്.

അതേസമയം, സാമ്പത്തിക നിയന്ത്രണങ്ങൾ നേരിടാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ ഭരണകൂടം തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടെങ്കിലും സമ്പദ്വ്യവസ്ഥ പെട്ടെന്ന് തകരുമെന്ന മുന്നറിയിപ്പുകളെ ഇറാനിയൻ അധികൃതർ തള്ളിക്കളയുകയാണ്. 

Content Highlights: Economic crisis in Iran is worsening due to ongoing conflicts and US sanctions., Citizens are resorting to selling kidneys, bone marrow, livers, and other organs via Telegram channels., Data shows hundreds of advertisements for organ sales driven by crippling debt and poverty., US State Secretary Marco Rubio warns of worsening economic conditions ahead.