നതാൻസ് ആണവകേന്ദ്രത്തിൽ ആക്രമണമുണ്ടായെന്ന് ഇറാൻ; ആണവകേന്ദ്രങ്ങൾ തകർന്നതിൻ്റെ ലക്ഷണമില്ലെന്ന് IAEA

വിയന്ന: യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ സൈനികനടപടിക്കിടെ ഇറാനിലെ നതാൻസ് ആണവകേന്ദ്രത്തിന് നേരേയും ആക്രമണമുണ്ടായെന്ന് ഇറാന്റെ സ്ഥിരീകരണം. യുഎൻ ആണവനിരീക്ഷണ ഏജൻസിയായ ഐഎഇഎ (ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി)യിലെ ഇറാൻ അംബാസഡറായ റെസ നജാഫിയാണ് ഇതുസംബന്ധിച്ച് സ്ഥിരീകരണം നൽകിയത്.
ഞായറാഴ്ചയാണ് നതാൻസ് ആണവകേന്ദ്രത്തിന് നേരേ ആക്രമണമുണ്ടായതെന്നാണ് ഇറാന്റെ പ്രതികരണം. 'ഇറാന്റെ സുരക്ഷിതമായ ആണവകേന്ദ്രങ്ങൾ ഇന്നലെ അവർ വീണ്ടും ആക്രമിച്ചു' എന്നായിരുന്നു റെസ നജാഫി മാധ്യമങ്ങളോട് പറഞ്ഞത്. ഏതൊക്കെ ആണവകേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് 'നതാൻസ്' എന്ന് ഒറ്റവാക്കിൽ അദ്ദേഹം മറുപടി നൽകിയത്.
അതേസമയം, ഇറാനിലെ ഏതെങ്കിലും ആണവകേന്ദ്രങ്ങൾ തകർന്നതിന്റെയോ കേടുപാട് സംഭവിച്ചതിന്റെയോ ലക്ഷണങ്ങളില്ലെന്ന് ഐഎഇഎ മേധാവി റഫേൽ ഗ്രോസി പറഞ്ഞു. ബഷ്ഹർ ആണവ പ്ലാന്റ്, ടെഹ്‌റാൻ റിസർച്ച് റിയാക്ടർ തുടങ്ങിയ കേന്ദ്രങ്ങൾക്കൊന്നും കേടുപാട് സംഭവിച്ചിട്ടില്ലെന്നാണ് റഫേൽ ഗ്രോസി പറഞ്ഞത്. ഇറാനിലെ അധികൃതരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്നും ഐഎഇഎ മേധാവി വ്യക്തമാക്കി.
Content Highlights: Iran officially confirms an attack on its Natanz nuclear facility., The attack is attributed to a joint military operation by the US and Israel., The International Atomic Energy Agency (IAEA) reports no signs of damage to the facility.