വിമാനവും ഹെലികോപ്ടറും തകർത്തു; സൈനികനെ രക്ഷിക്കുന്നതിനിടെ യുഎസിന് കനത്ത പ്രഹരംനൽകിയെന്ന് ഇറാൻ

ടെഹ്‌റാൻ: ഇറാൻ വെടിവെച്ചുവീഴ്ത്തിയ എഫ് 15 ഇ യുദ്ധവിമാനത്തിൽനിന്ന് പുറത്തുചാടിയ യുഎസ് സൈനികനെ രക്ഷിക്കാനുള്ള നീക്കത്തിനിടെ അമേരിക്കയ്ക്ക് കനത്തപ്രഹരം എൽപിച്ചെന്ന അവകാശവാദവുമായി ടെഹ്‌റാൻ. യുഎസിന്റെ ട്രാൻസ്‌പോർട്ട് വിമാനവും ഹെലികോപ്ടറുകളും ഉൾപ്പെടെയുള്ളവ തകർത്തെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് അറിയിച്ചു.
ഇറാൻ സായുധസേനയുടെ കേന്ദ്രആസ്ഥാനമായ ഖതം അൽ അൻബിയയുടെ വക്താവാണ് സൈനികനെ രക്ഷിക്കാനുള്ള യുഎസ് നീക്കത്തെ ഇറാൻ പ്രതിരോധിച്ചതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെച്ചത്. ഇസ്ഫഹാന് തെക്കുവെച്ച് നടത്തിയ ആക്രമണത്തിൽ സി 130 മിലിട്ടറി ട്രാൻസ്‌പോർട്ട് വിമാനവും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്ടറുകളും വീഴ്ത്തിയെന്നാണ് ഇറാൻ പറയുന്നത്. ഇസ്രയേലിന്റെ ഒരു ഡ്രോണും വെടിവെച്ചുവീഴ്ത്തിയതായി ഇറാൻ അവകാശപ്പെടുന്നു.
അതേസമയം, യുഎസ് സൈനികനുവേണ്ടിയുള്ള രക്ഷാപ്രവർത്തനത്തിനിടെ തെക്കുപടിഞ്ഞാറൻ ഇറാനിൽ അഞ്ചുപേർ കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ രാത്രിയാണ് തെക്കുപടിഞ്ഞാറൻ കൊഹ്ഗിലുയേഹ് ആൻഡ് ബൊയേർ അഹമ്മദ് പ്രവിശ്യയിലെ കൗ ഇ സിയാ പ്രദേശത്ത് അഞ്ചുപേർക്ക് ജീവൻ നഷ്ടമായതെന്ന് പ്രവിശ്യയിലെ ഉന്നതോദ്യോഗസ്ഥരിൽ ഒരാളെ ഉദ്ധരിച്ച് തസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ചയാണ് യുഎസ് യുദ്ധവിമാനമായ എഫ് 15 ഇ ഈഗിൾ സ്‌ട്രൈക്‌സിനെ ഇറാൻ വെടിവെച്ച് വീഴ്ത്തിയത്. പൈലറ്റും വെപ്പൺസ് സിസ്റ്റംസ് ഓഫീസറുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഇതിലൊരാൾ രക്ഷപ്പെട്ടെങ്കിലും രണ്ടാമനെ കാണാതാവുകയായിരുന്നു. ഇറാനിയൻ അധികൃതരുടെ പിടിയിൽ പെടാതെ ഒളിച്ചിരുന്ന ഇദ്ദേഹത്തെ ഞായറാഴ്ച രാവിലെയാണ് യുഎസ് രക്ഷിച്ചത്. ഇദ്ദേഹത്തെ ഇറാനിൽനിന്ന് പുറത്തുകൊണ്ടുവരികയും ചെയ്തിരുന്നു. സൈനികനെ കണ്ടെത്തിയതും അദ്ദേഹത്തെ തിരികെയെത്തിച്ചതും സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരണം നൽകുകയും ചെയ്തിരുന്നു.
Content Highlights: Iran claims to have destroyed a US C-130 transport plane and two Black Hawk helicopters., The incident occurred during a rescue mission for a downed US F-15E pilot in 2026., Iran also claims to have downed an Israeli drone near Isfahan., US President Donald Trump confirmed the safe recovery of the pilot.