ഇറാനിലെ ബന്ദർ അബ്ബാസിൽ ശക്തമായ സ്‌ഫോടനം; പാർപ്പിട സമുച്ചയം തകർന്നു

#ന്യൂസ് ഡെസ്ക്
സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടം| X post by TehranTimes
സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടം| X post by TehranTimes

ടെഹ്‌റാൻ: ഇറാനിലെ തെക്കൻ തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ ശക്തമായ സ്‌ഫോടനം. സ്‌ഫോടനത്തിൽ ഒരു എട്ടുനില പാർപ്പിട സമുച്ചയത്തിന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു. സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് അധികൃതർ നൽകുന്ന വിവരങ്ങൾ. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) നേവി കമാൻഡറെ ലക്ഷ്യം വെച്ചാണ് സ്‌ഫോടനം നടന്നതെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങൾ വന്നിട്ടില്ല. എന്നാൽ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ 'തസ്‌നിം' ഇത്തരം പ്രചാരണങ്ങൾ വ്യാജമാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബന്ദർ അബ്ബാസിലെ മൊഅല്ലം ബൊളിവാർഡിലുള്ള എട്ടുനില കെട്ടിടത്തിലാണ് സ്‌ഫോടനം നടന്നത്. കെട്ടിടത്തിന്റെ രണ്ട് നിലകൾ പൂർണ്ണമായും തകരുകയും സമീപത്തുണ്ടായിരുന്ന വാഹനങ്ങൾക്കും കടകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കെട്ടിടത്തിന്റെ മുൻഭാഗം സ്‌ഫോടനത്തിൽ തകർന്നടിയുകയും അവശിഷ്ടങ്ങൾ പരിസരമാകെ ചിതറിക്കിടക്കുകയുമാണ്. സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ, നിലവിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ഔദ്യോഗിക ഭാഷ്യം.

മേഖലയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. ഇറാന്റെ ആണവ പരിപാടിയെക്കുറിച്ച് ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ കടുത്ത സൈനിക നടപടി നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്റെ ആണവ- മിസൈൽ പദ്ധതികളെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ ഇസ്രയേൽ, യുഎസിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട് എന്ന റിപ്പോർട്ടുകളും മുമ്പ് വന്നിരുന്നു. അതേസമയം മേഖലയിൽ സംഘർഷ സാഹചര്യങ്ങളുമായി ഇതിന് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.

ഇറാനിലെ ഭരണകൂടത്തിനെതിരെ ആഴ്ചകൾക്ക് മുമ്പ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിനെ ഭരണകൂടം ക്രൂരമായി അടിച്ചമർത്തിയിരുന്നു. പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ ഭരണകൂടം വേട്ടയാടുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് സ്‌ഫോടനം നടന്നിരിക്കുന്നത്.

Content Highlights: Powerful explosion rocks Bandar Abbas, Iran, causing severe damage to an 8-story residential building. Details on the cause and potential targets are emerging amidst regional tensions. Several injured.