ഇസ്രയേലില്‍ വീണ്ടും ഇറാന്റെ മിസൈലാക്രമണം; സര്‍പ്രൈസിനായി ഇനിയും കാത്തിരിക്കണമെന്ന് ഇറാന്

ടെല്‍ അവീവ്: ഇസ്രയേലില്‍ വീണ്ടും ഇറാന്റെ മിസൈലാക്രമണം. ഇസ്രയേലിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ഇറാന് മിസൈലുകള്‍ പതിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഡേ കെയറടക്കമുള്ള ജനവാസ കേന്ദ്രങ്ങളിലാണ് ഇറാന് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ ആരോപിച്ചു. എന്നാല്‍ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണമെന്നാണ് ഇറാന്റെ അവകാശവാദം. ഇസ്രയേല്‍ തങ്ങളുടെ രാജ്യത്തിന് നേരെ നടത്തിയ ആക്രമണത്തിന് ശേഷമുള്ള 17-ാം ഘട്ട പ്രത്യാക്രമണമാണ് വെള്ളിയാഴ്ച നടത്തിയതെന്നും ഇറാന് സായുധസേന അറിയിച്ചു.
അത്യാധുനിക മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. 'സര്‍പ്രൈസുകള്‍ക്കായി ലോകം ഇനിയും കാത്തിരിക്കണം' ഇറാന് സൈനിക വക്താവ് പറഞ്ഞു. വിജയത്തോടെ മാത്രമേ ഈ പ്രത്യാക്രമണം അവസാനിക്കൂവെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇതിനിടെ സമാധാനം വേണമെന്ന ആവശ്യവുമായി ഇറാന് ആക്രമണത്തില്‍ ഏറ്റവുംകൂടുതല്‍ നാശനഷ്ടം സംഭവിച്ച വടക്കന്‍ ഇസ്രയേല്‍ നഗരമായ ഹയ്ഫ മേയര്‍ ആവശ്യപ്പെട്ടു. 'താന്‍ എപ്പോഴും യുദ്ധത്തിനെതിരാണ്' ഹയ്ഫ മേയര്‍ യോന യഹാവ് പറഞ്ഞു. സംഘര്‍ഷത്തില്‍ അമേരിക്കന്‍ ഇടപെടലിന് യുഎസ് പ്രസിസന്റ് രണ്ടാഴ്ചത്തെ സമപയപരിധിവെച്ചത് വളരെ വൈകിയെന്നും അദ്ദേഹം പരാതിപ്പെട്ടു.
സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ ജനീവയില്‍ ഇറാന് വിദേശകാര്യ മന്ത്രിയുമായി യൂറോപ്യന്‍ നേതാക്കളും നയതന്ത്രജ്ഞരും ചര്‍ച്ചകള്‍ നടത്തി വരികയാണ്. യുകെ, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യൂറോപ്പിലെ നയതന്ത്രജ്ഞരുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഒന്നര മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഇറാന് പ്രതിനിധി സംഘം കൂടിയാലോചനകള്‍ക്കായി ഒരു ഇടവേള ആവശ്യപ്പെട്ടതായി ബിബിസിയടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Highlights: Iran launched a missile attack on northern Israel, causing injuries