ഇൻഡൊനീഷ്യയിലെ അഗ്‌നിപർവതം; സ്ഫോടന ശബ്ദം 700 കിലോമീറ്റർ അകലെവരെ; 2300 വിമാന സർവീസുകൾ റദ്ദാക്കി

#ന്യൂസ് ഡെസ്ക്
മൗണ്ട് അനക് ക്രകതോവുയിലെ പൊട്ടിത്തെറി |ഫോട്ടോ:AFP
മൗണ്ട് അനക് ക്രകതോവുയിലെ പൊട്ടിത്തെറി |ഫോട്ടോ:AFP

ജക്കാർത്ത: ഇൻഡൊനീഷ്യയിലെ സജീവ അഗ്‌നിപർവതമായ മൗണ്ട് അനക് ക്രകതോവുയിലെ സ്‌ഫോടനം ശമിച്ചെങ്കിലും പ്രദേശങ്ങളിൽ ഇപ്പോഴും ചാരംമൂടി കിടക്കുകയാണ്. 2300 ഓളം വിമാന സർവീസുകളാണ് ഇതുവരെ റദ്ദാക്കിയത്. വിമാനത്താവളങ്ങൾ അടച്ചിടുകയും സ്‌കൂളുകൾ ഓൺലൈൻ പഠനത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

ലാവ പ്രവാഹത്തിനും 700 കിലോമീറ്റർ അകലെവരെ കേട്ട വലിയ ശബ്ദത്തിനും കാരണമായ അനക് ക്രകതാവിന്റെ തുടർച്ചയായ 25 മണിക്കൂർ നീണ്ട സ്‌ഫോടനം ഞായറാഴ്ച അവസാനിച്ചതായി ഇൻഡൊനീഷ്യൻ ജിയോളജിക്കൽ ഏജൻസി അറിയിച്ചു. അതേസമയം ഇടവിട്ടുള്ള മിതമായ സ്‌ഫോടനങ്ങളും കറുത്ത ചാരം പുറന്തള്ളലും ചെറിയ ഭൂചലനങ്ങളും തിങ്കളാഴ്ചയും തുടരുന്നതായി ഏജൻസിയെ ഉദ്ധരിച്ച് എ.പി. റിപ്പോർട്ട് ചെയ്തു.

തലസ്ഥാനമായ ജക്കാർത്തയുടെയും മറ്റ് ചില നഗരങ്ങളുടെയും വ്യോമാതിർത്തിയിൽ അഗ്നിപർവതച്ചാരത്തിന്റെ സാന്നിധ്യമുള്ളതായി പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്ന് രാജ്യത്തെ എട്ട് വിമാനത്താവളങ്ങൾ തിങ്കളാഴ്ച വൈകിട്ട് 6 മണിവരെ അടച്ചിടാനാണ് അധികൃതർ നിലവിൽ ഉത്തരവിട്ടിരിക്കുന്നത്. വിമാനത്താവളങ്ങൾ അടച്ചിട്ടതോടെ മൂന്ന് ലക്ഷത്തോളം യാത്രക്കാരാണ് കുടുങ്ങിയത്.

ഇതിനിടെ വരും ദിവസങ്ങളിൽ കൂടുതൽ സ്‌ഫോടനങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ജിയോളജിക്കൽ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇൻഡോനീഷ്യയിലെ പ്രധാന ദ്വീപുകളായ ജാവയ്ക്കും സുമാത്രയ്ക്കുമിടയിലുള്ള സുന്ദാ കടലിടുക്കിൽ സ്ഥിതി ചെയ്യുന്ന ഒരു അഗ്‌നിപർവ്വത ദ്വീപാണ് അനക് ക്രകതോവു.

'ക്രകതോവുവിന്റെ കുഞ്ഞ്' എന്നാണ് ഈ പേരിനർത്ഥം. അഗ്‌നിപർവതത്തിന്റെ സന്തതിയാണ് ഇത്. 1883-ൽ നടന്ന അതിഭീമമായ പൊട്ടിത്തെറിയിലൂടെ ആഗോളതലത്തിൽ താപനില കുറയാൻ കാരണമായ കുപ്രസിദ്ധമായ 'ക്രകതോവു' അഗ്‌നിപർവ്വതസ്ഫോടനത്തിന് ശേഷം, അതേ സ്ഥാനത്ത് കടലിനടിയിൽ നിന്ന് രൂപംകൊണ്ട് വന്ന പുതിയ അഗ്നിപർവ്വതമാണിത്. 1883-ലെ വൻ സ്‌ഫോടനത്തിൽ പഴയ ക്രകതോവു പർവ്വതം തകർന്നുപോയിരുന്നു. പിന്നീട് 1927-ഓടെ ആ സ്ഥാനത്ത് കടലിനടിയിൽ നിന്ന് വീണ്ടും ലാവ പുറന്തള്ളപ്പെട്ട് ഒരു പുതിയ ദ്വീപായി ഇത് രൂപം കൊള്ളുകയായിരുന്നു.

Content Highlights: Mount Anak Krakatau eruption in Indonesia leads to 2300 canceled flights and airport closures. Read the latest updates and travel impacts now.