ഇന്ത്യയ്ക്ക് കിട്ടിയത് മികച്ച കരാർ; ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ പാക് സർക്കാരിന് രൂക്ഷ വിമർശനം

ഇസ്‌ലാമാബാദ്: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് വിനയവിധേയനായി നിന്നിട്ടും ഇന്ത്യയുമായുണ്ടാക്കിയതിനെക്കാൾ മോശം വ്യാപാരക്കരാറാണ് പാകിസ്താന് കിട്ടിയതെന്ന് ആക്ഷേപം.
ഇന്ത്യയ്ക്കുള്ള തീരുവ 18 ശതമാനമാക്കി കുറച്ചുകൊണ്ടുള്ള വ്യാപാരക്കരാർ യു.എസ്. പ്രഖ്യാപിച്ചതിനുപിന്നാലെ പാക് നേതൃത്വത്തിനെതിരേ ആഭ്യന്തരമായി രൂക്ഷവിമർശനമുയർന്നു.
യു.എസുമായി പാകിസ്താൻ മാസങ്ങളോളം നടത്തിയ ഔദ്യോഗിക ചർച്ചകൾക്കൊന്നും ഫലമുണ്ടായില്ലെന്നും അതേസമയം, ട്രംപിന്റെ സമ്മർദങ്ങൾക്കിടയിലും ഇന്ത്യ തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നെന്നും വിമർശകർ പറഞ്ഞു. ''ട്രംപിനെ നൊബേലിന് ശുപാർശ ചെയ്തു. അദ്ദേഹത്തിന്റെ ബോർഡ് ഓഫ് പീസിനെ പിന്തുണച്ചു. വാഷിങ്ടണിലേക്ക് പാക് നേതാക്കൾ നിരന്തരയാത്ര ചെയ്തു. എന്നിട്ടും ഇന്ത്യയെക്കാൾ അധികതീരുവ ഭാരമാണ് പാകിസ്താന് കിട്ടിയത്'' എന്നാണ് വിമർശനം.
19 ശതമാനമാണ് പാക് ചരക്കുകൾക്കുള്ള യു.എസ്. തീരുവ. ഇന്ത്യാഗേറ്റിന്റെചിത്രവും പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം താൻ നിൽക്കുന്ന മാസികയുടെ കവർചിത്രവും പങ്കുവെച്ചുകൊണ്ട് ഇന്ത്യയ്ക്കുള്ള തീരുവ 18 ശതമാനമാക്കികുറയ്ക്കുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെയാണ് സാമൂഹികമാധ്യമങ്ങളിൽ രൂക്ഷവിമർശനമുർന്നത്.
ട്രംപിനെ പലവട്ടം വൈറ്റ്ഹൗസിൽ പോയിക്കണ്ട ഫീൽഡ് മാർഷൽ അസിം മുനീറിനുനേരേയും വിമർശനമുണ്ടായി. ട്രംപ് മുനീറിനെ കാമുകിയെപ്പോലെയാണ് പരിഗണിച്ചതെന്നും എന്നാൽ, എന്തെങ്കിലും കൊടുക്കാനോ വാങ്ങാനോ ഉള്ള സമയം വരുമ്പോൾ തന്റെ കുടുംബത്തിന്റെ തീരുമാനം അനുസരിക്കാൻ നിർബന്ധിതനായിരിക്കുന്നു, തന്നെ മറന്നേക്കൂ എന്നു പറയുമെന്നും ഒരു ഉപയോക്താവ് പരിഹസിച്ചു.
Content Highlights: Pakistan faces harsh criticism over its US trade deal, seen as inferior to India`s, despite diplomatic efforts. Read about the stark tariff differences and public outcry.