റഷ്യൻ എണ്ണ ഇറക്കുമതി: യു.എസ് നിരീക്ഷണത്തിന് ഇന്ത്യയുടെ പച്ചക്കൊടി?; ട്രംപിന്റെ താക്കീതിൽ ആശങ്ക

ന്യൂഡൽഹി: റഷ്യൻ എണ്ണ ഇറക്കുമതി നിരീക്ഷിക്കാനുള്ള അമേരിക്കയുടെ പ്രത്യേക സമിതിക്ക് ഇന്ത്യ വഴങ്ങിയതായി റിപ്പോർട്ടുകൾ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശനിയാഴ്ച പുറത്തുവിട്ട എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം, ഉന്നതതല സമിതിയായിരിക്കും ഇന്ത്യയുടെ എണ്ണ ഇറക്കുമതി നിരീക്ഷിക്കുക.
ഇന്ത്യ നേരിട്ടോ പരോക്ഷമായോ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നുണ്ടോ എന്ന് ഈ സമിതി പരിശോധിക്കും. ഇതിനായി, യുഎസ് വാണിജ്യ, ട്രഷറി, ആഭ്യന്തര സെക്രട്ടറിമാർ അടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തും. റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തുമെന്നും പകരം അമേരിക്കയിൽ നിന്ന് എണ്ണ വാങ്ങുമെന്നും ട്രംപിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
റഷ്യയിൽനിന്നുള്ള ഇറക്കുമതി വീണ്ടും തുടങ്ങിയാൽ ഇന്ത്യയുടെ മേൽ 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തുമെന്ന ഭീഷണി ട്രംപിന്റെ ഉത്തരവിൽ നിലനിൽക്കുന്നുണ്ട്. നിലവിൽ 50 ശതമാനം വരെയായിരുന്ന അധിക നികുതി 18 ശതമാനമായി കുറയ്ക്കുന്നതിന് പകരമായാണ് ഇന്ത്യ ഈ നിബന്ധനകൾ അംഗീകരിച്ചതെന്നാണ് യുഎസ് വാദം.
കൂടാതെ, അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി 500 ബില്യൺ ഡോളറായി വർധിപ്പിക്കുമെന്നും ഇത് നിലവിലുള്ളതിന്റെ മൂന്നിരട്ടിയാണെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, റഷ്യൻ എണ്ണയുടെ ഇറക്കുമതി സംബന്ധിച്ച് കേന്ദ്രസർക്കാർ ഇതുവരെ ഔദ്യോഗികമായി വ്യക്തത വരുത്തിയിട്ടില്ല.
കരാർ നടപ്പിലാക്കിയാൽ ദീർഘകാലമായുള്ള ഇന്ത്യ-റഷ്യ പ്രതിരോധ-തന്ത്രപ്രധാന ബന്ധത്തെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വലിയ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. റഷ്യ- യുക്രൈൻ യുദ്ധസമയത്ത് ആഗോള ഇന്ധനവില പിടിച്ചുനിർത്താൻ ഇന്ത്യ റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ വാങ്ങിയത് സഹായിച്ചിരുന്നുവെങ്കിലും, ഇത് സ്വകാര്യ കുത്തക കമ്പനികൾക്കാണ് ഗുണകരമായതെന്നായിരുന്നു അമേരിക്കയുടെ ആദ്യഘട്ടത്തിലെ ആരോപണം.
അതിനിടെ കാർഷിക മേഖലയിലും ഇന്ത്യ വിട്ടുവീഴ്ചകൾ ചെയ്തതായി അമേരിക്കൻ വാണിജ്യ മന്ത്രാലയം അവകാശപ്പെടുന്നുണ്ട്. സംസ്കരിച്ച ഭക്ഷണങ്ങൾ, പഴങ്ങൾ, നട്സുകൾ എന്നിവയ്ക്കായി ഇന്ത്യ വിപണി തുറന്നുകൊടുത്തതായി യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. അതേസമയം കരാർ നടപ്പിലാക്കുകവഴി കാർഷിക-ക്ഷീര മേഖലകളെ സംരക്ഷിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ ശനിയാഴ്ച രാവിലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.
Content Highlights: US to monitor India`s Russian oil imports. India may increase US oil purchases and open markets for US agricultural goods. Impact on India-Russia ties and farmers debated.