ചൈനീസ് പൗരന്മാര്‍ക്ക് ഇനി ഇന്ത്യയിലേക്ക് ടൂറിസ്റ്റ് വിസ; പുനരാരംഭിക്കുന്നത് അഞ്ചുവര്‍ഷത്തിന് ശേഷം

പ്രതീകാത്മക ചിത്രം | ഫോട്ടോ: എഎഫ്പി
പ്രതീകാത്മക ചിത്രം | ഫോട്ടോ: എഎഫ്പി

ബെയ്ജിങ്: അഞ്ചുവര്‍ഷത്തിന് ശേഷം ചൈനീസ് പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുന്നത് ഇന്ത്യ പുനരാരംഭിക്കുന്നു. ജൂലായ് 24 മുതല്‍ ചൈനീസ് പൗരന്മാര്‍ക്ക് വിസ അനുവദിക്കുമെന്ന് ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 

2020-ല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനയില്‍നിന്നുള്ളവര്‍ക്ക് വിസ അനുവദിക്കുന്നത് ഇന്ത്യ താത്കാലികമായി നിര്‍ത്തിവെച്ചത്. തുടര്‍ന്ന് അഞ്ചുവര്‍ഷത്തോളം ഇത് നീണ്ടുപോവുകയായിരുന്നു. 

ചൈനീസ് പൗരന്മാര്‍ക്ക് ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വിസയ്ക്കായി ഇനിമുതല്‍ അപേക്ഷിക്കാമെന്നാണ് ചൈനയിലെ ഇന്ത്യന്‍ എംബസിയുടെ പുതിയ അറിയിപ്പ്. ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയശേഷം ചൈനയിൽ വിവിധയിടങ്ങളിലുള്ള ഇന്ത്യന്‍ വിസ അപേക്ഷാ കേന്ദ്രങ്ങളിലെത്തി പാസ്‌പോര്‍ട്ടും മറ്റുരേഖകളും സമര്‍പ്പിക്കണമെന്നും എംബസി അറിയിച്ചു. 

2020-ലെ ഗാല്‍വാന്‍ സംഘര്‍ഷത്തിന്‍റെയും പിന്നീടുണ്ടായ കോവിഡ് വ്യാപനത്തിന്‍റെയും പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്രകൾ ഏറെക്കാലം തടസപ്പെട്ടിരുന്നു. പിന്നീട് ചൈന, ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും വ്യാപാരികള്‍ക്കും വിസ അനുവദിക്കുന്നത് ഘട്ടംഘട്ടമായി പുനരാരംഭിച്ചിരുന്നു.

Content Highlights: India restarts tourist visas for Chinese citizens from July 24th after 5-years