ഇന്ത്യക്ക് ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാൻ സ്വാതന്ത്ര്യമുണ്ട്,ഞങ്ങൾ മാത്രമല്ല വിതരണക്കാർ-റഷ്യ

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും |ഫോട്ടോ:AP
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും |ഫോട്ടോ:AP

മോസ്‌കോ: ഇന്ത്യക്ക് ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് റഷ്യ. അസംസ്‌കൃത എണ്ണ വിതരണക്കാരെ വിതരണക്കാരെ വൈവിധ്യവൽക്കരിക്കാനുള്ള ഇന്ത്യയുടെ തീരുമാനം പുതിയതല്ലെന്നും റഷ്യൻ സർക്കാർ വക്താവ് പറഞ്ഞു. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. അതേസമയം റഷ്യൻ എണ്ണ ഇന്ത്യ വാങ്ങില്ലെന്ന് കഴിഞ്ഞ ദിവസം വൈറ്റ്ഹൗസും പറയുകയുണ്ടായി. ഇതിന് പിന്നാലെയാണ് ക്രെംലിൻ വക്താവിന്റെ പ്രതികരണം.

'റഷ്യ ഇന്ത്യയുടെ എണ്ണയുടെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും ഏക വിതരണക്കാരല്ലെന്ന് ഞങ്ങൾക്ക് അറിയാം. ഇന്ത്യ ഈ ഉത്പ്പന്നങ്ങൾ എപ്പോഴും മറ്റ് രാജ്യങ്ങളിൽ നിന്ന് വാങ്ങുന്നുണ്ട്. അതിനാൽ, ഇവിടെ പുതിയതായി ഒന്നും കാണുന്നില്ല'

ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. അതേസമയം ഇന്ത്യയിൽനിന്ന് ഇതുവരെ ഇത് സംബന്ധിച്ച് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നായിരുന്നു പെസ്‌കോവിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം.

അതേസമയം ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ ക്രൂഡ് ഇറക്കുമതി പൂർണ്ണമായി നിർത്താൻ കഴിയില്ലെന്ന് റഷ്യൻ നാഷണൽ എനർജി സെക്യൂരിറ്റി ഫണ്ടിന്റെ വിദഗ്ദ്ധനായ ഇഗോർ യൂഷ്‌കോവ് പറഞ്ഞു. റഷ്യ വിതരണം ചെയ്യുന്ന യുറാൽസ് ക്രൂഡ് വ്യത്യസ്തമായ ഘടനയുള്ളതാണെന്നും അ്‌ദ്ദേഹം വ്യക്തമാക്കി.

'റഷ്യ സാധാരണയായി പ്രതിദിനം 1.5 ദശലക്ഷം മുതൽ 2 ദശലക്ഷം ബാരൽ വരെ ഈ രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്നു. അമേരിക്കയ്ക്ക് ആ അളവ് നിറവേറ്റാൻ കഴിയില്ല'ഇഗോർ യൂഷ്‌കോവ് പറഞ്ഞു.

ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ തീരുമാനമായതിന് പിന്നാലെയാണ് ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങില്ലെന്ന് വൈറ്റ്ഹൗസ് അവകാശപ്പെട്ടത്. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നുവെന്ന് പറഞ്ഞാണ് കഴിഞ്ഞ വർഷം ട്രംപ് ഇന്ത്യക്കുമേൽ പിഴചുങ്കം ചുമത്തിയത്.

Content Highlights: Russia states India has the freedom to purchase oil from any country. India`s move to diversify suppliers is not new