ചൈനീസ് നിക്ഷേപങ്ങളിലെ നിയന്ത്രണം പുനഃപരിശോധിക്കുമെന്ന് കേന്ദ്രം; കൂടുതൽ സാങ്കേതികവിദ്യകളെത്തിക്കും

#ന്യൂസ് ഡെസ്‌ക്
ചൈനയുടെയും ഇന്ത്യയുടെയും പതാകകള്‍ | Photo: PTI
ചൈനയുടെയും ഇന്ത്യയുടെയും പതാകകള്‍ | Photo: PTI

മുംബൈ: ചൈനയിൽനിന്നുള്ള വ്യവസായ നിക്ഷേപങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം പുനഃപരിശോധിക്കുന്നതിന് സർക്കാർ സന്നദ്ധമാണെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ. ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനമേഖലയുടെ വിപുലീകരണത്തിനും ആഗോള വിതരണശൃംഖലയിൽ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിൽ വ്യവസായ മേഖലയുമായി ചർച്ചകൾ നടന്നു വരുകയാണ്. ചൈനയിൽനിന്ന് കൂടുതൽ സാങ്കേതികവിദ്യകളും നിക്ഷേപവും എത്തിക്കാനാണ് ശ്രമം. പുതിയ അവസരമാണ് ഇതു തുറന്നിടുന്നതെന്നും പീയൂഷ് ഗോയൽ വ്യക്തമാക്കി.

അവസരങ്ങൾ ദുരുപയോഗം ചെയ്ത് ഇന്ത്യൻ കമ്പനികളെ ഏറ്റെടുക്കുന്നതു തടയാൻ ലക്ഷ്യമിട്ടാണ് കോവിഡ് കാലത്ത് അയൽരാജ്യങ്ങളിൽനിന്നുള്ള നിക്ഷേപത്തിന് ഇന്ത്യ നിയന്ത്രണം കൊണ്ടുവന്നത്. കോവിഡ് കാലത്ത് കമ്പനികളുടെ മൂല്യം കുത്തനെ ഇടിഞ്ഞ പശ്ചാത്തലത്തിൽ ചൈനീസ് പൊതുമേഖലാ കമ്പനികൾ ഇന്ത്യയിലെ ബാങ്കുകളുടേതടക്കം ഓഹരികൾ കൂട്ടത്തോടെ വാങ്ങാൻ ശ്രമം നടത്തിയതായി കണ്ടെത്തിയിരുന്നു. പുതിയ സാഹചര്യത്തിൽ ചൈനയിൽനിന്ന് ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങൾക്കുള്ള അനുമതിയുടെ വേഗം കൂട്ടുന്നതിനും വിതരണശൃംഖല ശക്തിപ്പെടുത്തുന്നതിനും പ്രഥമ പരിഗണന നൽകുന്നതായി അദ്ദേഹം അറിയിച്ചു.

അമേരിക്കയിൽ തീരുവ സംബന്ധിച്ച് കൂടുതൽ വ്യക്തത വന്നശേഷമാകും ഇനി വ്യാപാരക്കരാറിനെക്കുറിച്ച് ചർച്ചകൾ നടക്കുകയെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരി ആദ്യമുണ്ടാക്കിയ വ്യാപാര ചട്ടക്കൂടിൽനിന്നുകൊണ്ട് നിയമപരമായ കരാറുണ്ടാക്കുന്നതിനു ചർച്ചകൾക്കു പദ്ധതിയിട്ടിരുന്നു.

ട്രംപ് കൊണ്ടുവന്ന അധിക തീരുവകൾ യു.എസ്. സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് ഇന്ത്യ ചർച്ചകൾ നിർത്തിവെച്ചിട്ടുള്ളത്. സുപ്രീംകോടതി വിധിക്കുപിന്നാലെ ട്രംപ് പത്തുശതമാനം ആഗോള തീരുവ നടപ്പാക്കി. എന്നാൽ, എല്ലാ രാജ്യങ്ങൾക്കും തീരുവ ഒരേ ക്രമത്തിലായ സാഹചര്യത്തിൽ മാറ്റങ്ങൾ വിലയിരുത്തിക്കൊണ്ടാകും ഭാവി ചർച്ചകൾ.

Content Highlights: The Indian government is set to review investment restrictions on China., The primary goal is to attract more technology and investment., This move aims to expand India's domestic manufacturing sector., It is also intended to strengthen India's position in the global supply chain., The original curbs were introduced during the COVID-19 pandemic to prevent hostile takeovers.