‘ന്യൂനപക്ഷങ്ങൾ രാജ്യത്ത് സുരക്ഷിതർ’; ഡച്ച് പ്രധാനമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ഇന്ത്യ

ഹേഗ്: ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെയും ന്യൂനപക്ഷ അവകാശങ്ങളെയുംകുറിച്ച് ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റൻ നടത്തിയ പരാമർശങ്ങളെ തള്ളി ഇന്ത്യ. ഇന്ത്യയെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണ് ഇത്തരം ആശങ്കകൾ ഉണ്ടാകുന്നതെന്നും എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ജനാധിപത്യ രാജ്യമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശനത്തിനിടെ നടന്ന വാർത്താസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സിബി ജോർജാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. അയ്യായിരം വർഷത്തിലേറെ പഴക്കമുള്ള ഒരു നാഗരികതയാണ് ഇന്ത്യയുടേതെന്നും സാംസ്‌കാരികവും മതപരവും ഭാഷാപരവുമായ വൈവിധ്യമാണ് രാജ്യത്തിന്റെ മുഖമുദ്രയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തിലെ പ്രധാനപ്പെട്ട മതങ്ങളായ ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിഖ് മതം എന്നിവ ഇന്ത്യയിൽ ഉത്ഭവിച്ചതാണെന്നും അവ ഇന്നും അഭിവൃദ്ധി പ്രാപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ജൂതമത വിഭാഗക്കാർ പീഡനങ്ങൾ നേരിടാത്ത ഏകരാജ്യം ഇന്ത്യയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ജനാധിപത്യ മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെയാണ് ഇന്ത്യ ദാരിദ്ര്യനിർമാർജ്ജനവും സാമ്പത്തിക വിജയവും കൈവരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യയിലെ ന്യൂനപക്ഷ ജനസംഖ്യ 11 ശതമാനമായിരുന്നുവെങ്കിൽ ഇന്ന് അത് 20 ശതമാനത്തിന് മുകളിലാണെന്നും മറ്റൊരു രാജ്യത്തും ഇത്തരമൊരു വർധനവ് കാണാൻ കഴിയില്ലെന്നും സിബി ജോർജ് ചൂണ്ടിക്കാട്ടി. ഇന്ത്യയെക്കുറിച്ച് കൂടുതൽ പഠിച്ചാൽ രാജ്യത്തിന്റെ പുരോഗതിയെക്കുറിച്ച് ശരിയായ ധാരണ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യവും ന്യൂനപക്ഷ അവകാശങ്ങളും പ്രതിസന്ധി നേരിടുന്നുണ്ടെന്ന് ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായതോടെ, ഇന്ത്യയും നെതർലൻഡ്‌സും ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും പ്രാധാന്യം നൽകുന്ന രാജ്യങ്ങളാണെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
Content Highlights: India dismissed concerns raised by Dutch PM Rob Jetten regarding media freedom and minority status., MEA Secretary Sibi George highlighted India's 5000-year-old civilization and religious diversity., Data shows minority population in India grew from 11% to over 20% since independence., India emphasized its high democratic participation and peaceful power transitions., The visit strengthened the strategic partnership between India and the Netherlands.