'ശക്തി'യുമായി ഇന്ത്യ; ചൈനയുടെ മൂക്കിനു താഴെ ഫിലിപ്പീന്‍സുമായി ചേര്‍ന്ന് നാവികാഭ്യാസം

മനില: ദക്ഷിണ ചൈന കടലില്‍ തര്‍ക്കപ്രദേശത്ത് ഫിലിപ്പീന്‍സുമായി ചേര്‍ന്ന് സൈനികാഭ്യാസം നടത്തി ഇന്ത്യന്‍ നാവികസേന. ഇതാദ്യമായാണ് തന്ത്രപരമായൊരു സൈനിക നീക്കം ചൈനയുടെ മൂക്കിന് കീഴില്‍ നടത്തുന്നത്. ഫിലിപ്പീന്‍സിന് ചൈനയുമായി സമുദ്രാതിര്‍ത്തി സംബന്ധിച്ച തര്‍ക്കമുള്ള മേഖലയിലാണ് ഇന്ത്യയും ഫിലിപ്പീന്‍സും സൈനികാഭ്യാസം നടത്തിയത്. കഴിഞ്ഞ ഞായറാഴ്ച തുടങ്ങിയ സൈനികാഭ്യാസം തിങ്കളാഴ്ച വൈകീട്ടോടെ സമാപിച്ചു. ഇന്ത്യയുടെ ഐഎന്‍എസ് ശക്തി എന്ന യുദ്ധക്കപ്പലാണ് സൈനികാഭ്യാസത്തില്‍ പങ്കെടുത്തത്.
ഭാവിയില്‍ ഇന്ത്യന്‍ നാവികസേനയുമായി ചേര്‍ന്ന് കൂടുതല്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കുമെന്ന് ഫിലിപ്പീന്‍സ് സൈനിക മേധാവി ജനറല്‍ റൊമിയോ ബ്രൗണര്‍ വ്യക്തമാക്കി. ഇന്ത്യയും ഫിലിപ്പീസും നടത്തുന്ന സൈനികാഭ്യാസം നിരീക്ഷിക്കാന്‍ ചൈന ഇവിടേക്ക് യുദ്ധക്കപ്പലുകള്‍ അയച്ചിരുന്നു. രണ്ട് യുദ്ധക്കപ്പലുകളാണ് ചൈനീസ് നാവികസേന ഈ മേഖലയിലേക്ക് വിന്യസിച്ചത്. പ്രതികൂലമായ സാഹചര്യങ്ങളൊന്നും ഉണ്ടായില്ലെന്ന് ജനറല്‍ റൊമിയോ ബ്രൗണര്‍ പറഞ്ഞു.
ഇന്ത്യയുടെ യുദ്ധക്കപ്പല്‍ ഫിലിപ്പീന്‍സിൽ എത്തിയത് വെറുമൊരു ചടങ്ങ് മാത്രമല്ലെന്ന് അദ്ദേഹം പറഞ്ഞു. മറിച്ച് ഇന്തോ-പസഫിക് മേഖലയിലെ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യദാര്‍ഢ്യത്തിന്റെ ശക്തമായ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളുടെയും നാവികസേനകള്‍ വിവിധ സൈനിക മുറകള്‍ പരിശീലിക്കുന്നതിന്റെ 25 നോട്ടിക്കല്‍ മൈല്‍ ( 46 കിലോമീറ്റര്‍) അകലെയാണ് ചൈനീസ് യുദ്ധക്കപ്പലുകള്‍ എത്തിയത്. അതേസമയം, പതിവ് പട്രോളിങ് മാത്രമാണ് നടത്തിയതെന്ന് ചൈനീസ് സൈന്യത്തിന്റെ സതേണ്‍ കമാന്‍ഡ് വിശദീകരിച്ചു. ചൈനയുടെ സമുദ്രാതിര്‍ത്തിയും താത്പര്യങ്ങളും സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
തര്‍ക്കമേഖലയിലേക്ക് പുറത്തുനിന്നുള്ള രാജ്യങ്ങളെ കൊണ്ടുവന്ന് സൈനികാഭ്യാസങ്ങള്‍ നടത്തുന്നത് പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ഇന്ത്യയുടെ പേരെടുത്തു പറയാതെ ചൈന മുന്നറിയിപ്പ് നൽകി. അതിര്‍ത്തി പ്രശ്‌നങ്ങള്‍ അതാത് രാജ്യങ്ങള്‍ തന്നെ പരിഹരിക്കണമെന്നും മൂന്നാമതൊരു കക്ഷി ഇടപെടുന്നത് ഉചിതമല്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയവും പറഞ്ഞു.
ദക്ഷിണ ചൈന കടലിലൂടെയാണ് തന്ത്രപ്രധാനമായ സമുദ്രവ്യാപാര പാത കടന്നുപോകുന്നത്. ഈ പ്രദേശം മുഴുവനും തങ്ങളുടേതാണെന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാല്‍, ഫിലിപ്പീൻസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇത് അംഗീകരിക്കുന്നില്ല. ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, മലേഷ്യ, ബ്രുണെ, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളും ദക്ഷിണ ചൈന കടലില്‍ അവകാശം ഉന്നയിക്കുന്നുണ്ട്.
Content Highlights: India, Philippines Conduct Joint Naval Drills in South China Sea