റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് മോദി ഉറപ്പ് നല്‍കിയെന്ന് ട്രംപ്, പ്രതികരിക്കാതെ ഇന്ത്യ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും  | ഫോട്ടോ:PTI
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും | ഫോട്ടോ:PTI

വാഷിങ്ടണ്‍: ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയതായി യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. മോസ്‌കോയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള വലിയ ചുവടുവെപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസില്‍ നടന്ന ഒരു ചടങ്ങില്‍വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യം അവകാശപ്പെട്ടത്.

'ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ എനിക്ക് സന്തോഷമുണ്ടായിരുന്നില്ല, റഷ്യയില്‍ നിന്ന് അവര്‍ എണ്ണ വാങ്ങില്ലെന്ന് അദ്ദേഹം ഇന്ന് എനിക്ക് ഉറപ്പ് നല്‍കി. അതൊരു വലിയ ചുവടുവെപ്പാണ്. ഇനി ചൈനയെക്കൊണ്ടും ഇത് തന്നെ ചെയ്യിക്കും' - ട്രംപ് പറഞ്ഞു. ഇന്ത്യയ്ക്ക് ഉടനടി എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ കഴിയില്ലെന്നും, എന്നാല്‍ അത് നടപ്പിലാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യ എന്നും യു.എസിന്റെ വിശ്വസ്തനായ പങ്കാളിയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ട്രംപിന്റെ അവകാശവാദത്തോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രി മോദി ട്രംപിന് ഇത്തരമൊരു ഉറപ്പ് നല്‍കിയിരുന്നോ എന്നതിനെക്കുറിച്ചുള്ള ഇമെയില്‍ ചോദ്യങ്ങളോട് വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

യുക്രെയ്‌നുമായുള്ള യുദ്ധത്തില്‍ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാന്‍ റഷ്യന്‍ എണ്ണ മറ്റ് രാജ്യങ്ങള്‍ വാങ്ങുന്നത് തടയാന്‍ യു.എസ് ഇടപെട്ടിരുന്നു. എന്നാല്‍ ഇന്ത്യയും ചൈനയും റഷ്യയില്‍ നിന്ന് വന്‍തോതില്‍ ക്രൂഡോയില്‍ വാങ്ങുന്നത് യു.എസ് നീക്കങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. റഷ്യന്‍ ക്രൂഡോയില്‍ വാങ്ങുന്നതില്‍ നിന്ന് തടയാന്‍ ഇന്ത്യയ്‌ക്കെതിരെ യു.എസ് തീരുവയും ചുമത്തിയിരുന്നു.

ട്രംപിന്റെ അവകാശവാദം ശരിയാണെങ്കില്‍ ആഗോള ക്രൂഡോയില്‍ വിപണിയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്ന നിലപാട് മാറ്റമായിരിക്കും അത്. റഷ്യന്‍ ക്രൂഡ് ഓയില്‍ ഇപ്പോഴും ഇറക്കുമതി ചെയ്യുന്ന മറ്റ് രാജ്യങ്ങളെയും ഇത് സ്വാധീനിക്കുമെന്നാണ് യു.എസ് പ്രതീക്ഷിക്കുന്നത്.

റഷ്യയ്‌ക്കെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും യുക്രൈന്‍ യുദ്ധം അവസാനിക്കാത്ത സാഹചര്യത്തിലാണ് റഷ്യന്‍ എണ്ണയെ ലക്ഷ്യമിട്ട് യു.എസ് മറ്റ് രാജ്യങ്ങള്‍ക്ക് നേരെ തീരുവ നയം സ്വീകരിച്ചത്. ഉയര്‍ന്ന തീരുവ അടിച്ചേല്‍പ്പിച്ചിട്ടും ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടര്‍ന്നിരുന്നു.

Content Highlights: US President Trump claims Indian PM Modi pledged to stop buying oil from Russia, a significant move to economically isolate Moscow amid the Ukraine war.