ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലെന്ന് രാഹുൽ, പരാമർശം യുഎസിലെ പരിപാടിയിൽ; വിമർശനവുമായി ബിജെപി

#ന്യൂസ് ഡെസ്‌ക്
രാഹുൽ ഗാന്ധി | Photo: PTI
രാഹുൽ ഗാന്ധി | Photo: PTI

വാഷിങ്ടൺ: ഇന്ത്യ ഗുരുതര സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അമേരിക്കയിലെ കൊളംബിയ സർവകലാശാലയിൽ പരിപാടിയിൽ സംസാരിക്കുകയായിരന്നു അദ്ദേഹം. വലിയതോതിലുള്ള തൊഴിലില്ലായ്മയും ഉത്പാദനമേഖലയുടെ അടിത്തറയിലുണ്ടായ തകർച്ചയും വിദ്യാഭ്യാസമേഖലയെ ആഴത്തിൽ ബാധിച്ചിരിക്കുന്ന പ്രശ്‌നങ്ങളും ചൂണ്ടിയാണ് രാജ്യം ഗുരുതര സാമ്പത്തികപ്രതിസന്ധിയുടെ വക്കിലാണെന്ന് അദ്ദേഹം പറഞ്ഞത്.

നിലവിലെ സാമ്പത്തിക പാതയിൽത്തന്നെ രാജ്യം മുന്നോട്ടുപോയാൽ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും രാഹുൽ മുന്നറിയിപ്പ് നൽകി. ഏകദേശം ഒരു പതിറ്റാണ്ടുമുന്നേതന്നെ, ഇന്ത്യയുടെ സാമ്പത്തിക മാതൃക ദുർബലമായി. രാജ്യത്തിന്റെ തകർന്ന സാമ്പത്തിക നട്ടെല്ലിനെ പുനരുജ്ജീവിപ്പിക്കുന്നതിൽ മേക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ട് അപ്പ് ഇന്ത്യ പോലുള്ള പദ്ധതികൾ പരാജയപ്പെട്ടു, അദ്ദേഹം പറഞ്ഞു.

'സത്യംപറഞ്ഞാൽ, ഇന്ത്യ ഒരു വലിയ സാമ്പത്തിക ദുരന്തത്തിന്റെ വക്കിലാണ്. അതാണ് യാഥാർഥ്യം. ഇക്കാര്യം ആർക്കും അവഗണിക്കാം, മാധ്യമങ്ങൾക്കും കണ്ടില്ലെന്ന് നടിക്കാം. എന്നാൽ, ഇന്ത്യ കടുത്ത തൊഴിലില്ലായ്മ നേരിടുന്നുണ്ട്. രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിലും ഗുരുതരമായ പ്രശ്‌നങ്ങളുണ്ട്’, രാഹുൽ കൂട്ടിച്ചേർത്തു.

ചെറുകിട, ഇടത്തരം വ്യവസായങ്ങളാണ് സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലെന്നും രാഹുൽ പറഞ്ഞു. ഇവയും കാർഷികമേഖലയുമാണ് ധാരാളം തൊഴിലുകൾ സൃഷ്ടിക്കുന്നത്. എന്നാൽ, സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് തകർന്നിരിക്കുകയാണ്. സേവന മേഖലയിലൂടെ ആളുകൾക്ക് ആവശ്യത്തിന് തൊഴിൽ നൽകാനാകില്ല. ഒന്നോ രണ്ടോ മൂന്നോ അഞ്ചോ ശതമാനം ആളുകൾക്ക് തൊഴിൽ നൽകാൻ കഴിഞ്ഞേക്കും. എന്നാൽ, സേവനമേഖലയിലൂടെ എല്ലാവരുടെയും ഭാവി സുരക്ഷിതമാക്കാനാവില്ല. ഉത്പാദന മേഖലയെ നമുക്ക് ആവശ്യമില്ലെന്ന നിലപാടാണ് അടിസ്ഥാനപരമായി നാം സ്വീകരിച്ചിരിക്കുന്നത്, രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം, രാഹുലിന്റെ പരാമർശങ്ങൾക്കെതിരേ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി. ഇന്ത്യാവിരുദ്ധ പ്രചാരണത്തിന്റെ നേതാവായി രാഹുൽ മാറിയിരിക്കുകയാണെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി വിമർശിച്ചു. സാമൂഹികമാധ്യമമായ എക്‌സിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യയുടെ വികസനത്തോടും ഇന്ത്യൻ ജനാധിപത്യത്തോടുമുള്ള രാഹുലിന്റെ ജന്മസിദ്ധമായ വെറുപ്പാണ് ഓരോതവണയും വിദേശത്ത് പോകുമ്പോൾ അദ്ദേഹത്തെക്കൊണ്ട് ഇന്ത്യയെ മോശം പറയിപ്പിക്കുന്നതെന്നും ഭണ്ഡാരി കൂട്ടിച്ചേർത്തു.

Content Highlights: Rahul Gandhi stated India is on the verge of a severe economic crisis at Columbia University, USA., Citing high unemployment, manufacturing sector collapse, and flawed education system as major concerns., Criticized schemes like Make in India and Startup India for failing to revive the economy., BJP strongly condemned his remarks, calling him the leader of anti-India propaganda.