ഇന്ത്യാവിരുദ്ധ ശക്തികൾക്ക് അഭയം നൽകുമെന്ന പരാമർശം; ബംഗ്ലാദേശ് ഹൈക്കമ്മീഷണറോട് വിശദീകരണം തേടി ഇന്ത്യ

ന്യൂഡൽഹി: ബംഗ്ലാദേശ് രാഷ്ട്രീയ നേതാവ് നടത്തിയ ഇന്ത്യാ വിരുദ്ധ പ്രസ്താവനകളിൽ ഇന്ത്യ ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തി. നടപടിയുടെ ഭാഗമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ബംഗ്ലാദേശ് ഹൈക്കമ്മീഷണർ റിയാസ് ഹമീദുള്ളയെ വിളിപ്പിച്ചുവരുത്തിയാണ് വിശദീകരണം തേടിയത്. നാഷണൽ സിറ്റിസൺ പാർട്ടി (എൻസിപി) നേതാവ് ഹസ്‌നത്ത് അബ്ദുല്ല നടത്തിയ പ്രകോപനപരമായ ഇന്ത്യാ വിരുദ്ധ പ്രസ്താവനകളെ തുടർന്നാണ് ഇന്ത്യയുടെ ഈ നടപടി.
തിങ്കളാഴ്ച ധാക്കയിലെ സെൻട്രൽ ഷഹീദ് മിനാറിൽ നടന്ന സമ്മേളനത്തിലാണ് ഹസ്‌നത്ത് അബ്ദുല്ല വിവാദപരമായ പരാമർശങ്ങൾ നടത്തിയത്. ഇന്ത്യയോട് ശത്രുതയുള്ള ശക്തികൾക്കും വിഘടനവാദ ഗ്രൂപ്പുകൾക്കും ധാക്ക അഭയം നൽകുമെന്നും ഇന്ത്യയുടെ സപ്തസഹോദരി സംസ്ഥാനങ്ങളെ (അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര) ഇന്ത്യയിൽനിന്ന് വിച്ഛേദിക്കാൻ സഹായിക്കുമെന്നും അബ്ദുല്ല പറഞ്ഞു. ഈ പ്രസ്താവനകൾക്ക് സദസ്സിലുള്ളവർ കൈയ്യടിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തീവ്രവാദ, വിഘടനവാദ ഗ്രൂപ്പുകൾ ബംഗ്ലാദേശിനെ ഒളിത്താവളമായും യാത്രാമാർഗ്ഗമായും ലോജിസ്റ്റിക്‌സ് താവളമായും ഉപയോഗിച്ചതായി ഇന്ത്യ മുമ്പ് ആരോപിച്ചിട്ടുണ്ട്. ഹർക്കത്ത്-ഉൽ-ജിഹാദ്-അൽ-ഇസ്ലാമി, ജമാഅത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശ് പോലുള്ള ഇസ്ലാമിക തീവ്രവാദ ശൃംഖലകൾ കിഴക്കൻ ഇന്ത്യയെ ബാധിക്കുന്ന ശൃംഖലകൾക്ക് സഹായം നൽകിയതായി ഇന്ത്യൻ ഏജൻസികൾ കണ്ടെത്തിയിരുന്നു.
2024-ൽ ബംഗ്ലാദേശിൽ നിന്നും ഔദ്യോഗികമായി പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ നിന്ന് പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നു എന്നാരോപിച്ച് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമ്മയെ വിളിപ്പിക്കുകയും ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ മണ്ണിൽ ബംഗ്ലാദേശ് വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നു എന്ന ബംഗ്ലാദേശ് സർക്കാരിന്റെ ആരോപണങ്ങളെ ഇന്ത്യ തള്ളിയതിന് പിന്നാലെയാണ് പുതിയ സംഭവം.
Content Highlights: India officially protests provocative anti-India statements by Bangladesh politician. Ministry of External Affairs summons Bangladesh High Commissioner.